ഗള്‍ഫ് പ്രതിസന്ധിയും പ്രവാസി മന്ത്രാലയവും

ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. പെട്രോളിയത്തിന്‍െറ വിലയിടിവ്, മേഖലയിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ, സ്വദേശിവത്കരണ വഴിയിലെ ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ തുടങ്ങിയ സംഭവവികാസങ്ങള്‍ ഗള്‍ഫ് പ്രവാസികളെ ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്നു. വിദേശ തൊഴിലാളികളുടെമേലുള്ള ആശ്രിതത്വം പരമാവധി കുറച്ചുകൊണ്ടുവരുകയേ നിവൃത്തിയുള്ളൂവെന്ന് സൗദി ധനമന്ത്രി തുറന്നുപ്രഖ്യാപിക്കുമ്പോള്‍ ഓരോ ദിവസവും രാജ്യത്തെ പ്രമുഖ കമ്പനികളില്‍നിന്ന് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ഖത്തറില്‍നിന്ന് നമ്മെ തേടിയത്തെുന്നത്. മസ്കത്തും കുവൈത്തും ബഹ്റൈനുമൊക്കെ എണ്ണവിലയിടിവ് മൂലം സാമ്പത്തികഞെരുക്കം അനുഭവിക്കുമ്പോള്‍ സ്വാഭാവികമായും അവിടെയുള്ള മലയാളികളടക്കമുള്ള മറുനാടന്‍ തൊഴിലാളികളുടെ മുന്നില്‍ മടക്കയാത്ര മാത്രമായിരിക്കും പോംവഴി.  ദുബൈ എണ്ണവരുമാനത്തെ ആശ്രയിച്ചുകഴിയുന്ന എമിറേറ്റല്ളെങ്കിലും യു.എ.ഇയെ പൊതുവെ പിടികൂടിയ സാമ്പത്തികമാന്ദ്യവും മേഖലയിലെ കാര്‍മേഘാവൃതമായ അന്തരീക്ഷവും വിദേശതൊഴില്‍പടയുടെ കഞ്ഞിയിലാവും മണ്ണ് വാരിയിടുക.

പ്രവാസി മന്ത്രാലയം
ഇന്ത്യയില്‍നിന്നുള്ള മലയാളികളടക്കമുള്ള പ്രവാസികള്‍ വളരെ കരുതലോടെയും ജാഗ്രതയോടെയും അപൂര്‍വമായ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രവാസിമന്ത്രാലയം  അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേകിച്ചൊരു വകുപ്പിന്‍െറ ആവശ്യമില്ളെന്നും വിദേശകാര്യമന്ത്രാലയത്തില്‍ ആ വകുപ്പുകൂടി ലയിപ്പിക്കുന്നതോടെ ആവശ്യമായിവരുന്ന സന്ദര്‍ഭത്തില്‍ തങ്ങള്‍ക്കുതന്നെ പ്രവാസികളുടെ കാര്യംനോക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രിക്ക് എഴുതിയതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വെളിപ്പെടുത്തുകയുണ്ടായി. ഈ തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ അഭ്യര്‍ഥന ബി.ജെ.പി മന്ത്രി നിഷ്കരുണം തള്ളിയിരിക്കയാണ്. പ്രവാസികാര്യവകുപ്പിന്‍െറ ചുമതലകള്‍ ഓരോ രാജ്യത്തും അതത് നയതന്ത്രാലയങ്ങളാണ് നിര്‍വഹിക്കുന്നതെന്നും പാര്‍ലമെന്‍റില്‍ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിദേശകാര്യമന്ത്രിയാണ് മറുപടിനല്‍കുന്നതെന്നുമൊക്കെ അവര്‍ ന്യായീകരണം നിരത്താന്‍ ശ്രമിക്കുകയുമുണ്ടായി. ‘മിനിമം ഗവണ്‍മെന്‍റ് മാക്സിമം ഗവേണ്‍സ്’ എന്ന മോദിയുടെ മുദ്രാവാക്യത്തിന്‍െറ ചുവടുപിടിച്ചുള്ള ക്രിയാത്മകമായ ചുവടുവെപ്പാണിതെന്ന് വരെ വാദിക്കാന്‍പോലും ബി.ജെ.പി കേന്ദ്രങ്ങള്‍ ധൈര്യപ്പെടുന്നു.  മോദി സര്‍ക്കാറിന്‍െറ ഈ നടപടി പ്രവാസികളോടുള്ള കടുത്ത ദ്രോഹമായിപ്പോയെന്നും ആ വിഭാഗം അനാഥമായിരിക്കുകയാണെന്നുമൊക്കെ നാനാഭാഗത്തുനിന്നും മുറവിളി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍, വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്യുമ്പോഴെ വകുപ്പ് അടച്ചുപൂട്ടുന്നതിലേക്ക് നയിച്ച സാഹചര്യമെന്തായിരുന്നുവെന്നും പ്രവാസികളുടെ ക്ഷേമകാര്യങ്ങളില്‍ അതീവതല്‍പരരാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന് എവിടെയാണ് പാളിയതെന്നും മനസ്സിലാക്കാനാവുക. ഭരണപരിഷ്കരണ ശിപാര്‍ശകള്‍ സമര്‍പ്പിച്ച എല്‍.എം. സിങ്വി കമീഷന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് 2004ല്‍ യു.പി.എ സര്‍ക്കാര്‍ പ്രവാസിമന്ത്രാലയം രൂപവത്കരിക്കുന്നത്.
 ജഗദീഷ് ടൈറ്റ്ലര്‍ പ്രഥമമന്ത്രി എന്നനിലയില്‍ നല്ല തുടക്കമാണ് കുറിച്ചത്. അദ്ദേഹത്തിന്‍െറ വിയോഗശേഷം വകുപ്പ് കൈകാര്യംചെയ്തത് ഓസ്കാര്‍ ഫെര്‍ണാണ്ടസായിരുന്നു, മറ്റു വകുപ്പുകളോടൊപ്പം. എന്നാല്‍, രണ്ടാം യു.പി.എ സര്‍ക്കാര്‍ പ്രവാസിമന്ത്രാലയത്തിയത്തിനു പൂര്‍ണസ്വാതന്ത്ര്യം നല്‍കുകയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയെ കാബിനറ്റ് പദവിയോടെ അതിന്‍െറ തലപ്പത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ഗള്‍ഫിലുള്ള മലയാളികളെ അങ്ങേയറ്റം ആഹ്ളാദിപ്പിച്ച വാര്‍ത്തയായിരുന്നു അത്. 110 രാജ്യങ്ങളിലായി രണ്ടുകോടി ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 2015-16 വര്‍ഷത്തില്‍ 10.1 ശതകോടി രൂപയാണത്രെ നമ്മുടെ ഖജനാവിലേക്ക് ഇവരയച്ചത്. മുന്‍വര്‍ഷം അത് 64,000 കോടി രൂപയായിരുന്നു. ഈ തുകയില്‍ 96 ശതമാനവും അറബ് ഗള്‍ഫ് നാടുകളിലെ സാധാരണക്കാരായ പ്രവാസികളുടെ അധ്വാനഫലമാണ്. കേരളത്തില്‍നിന്ന് മാത്രം ഗള്‍ഫ്രാജ്യങ്ങളില്‍ 34-40 ലക്ഷം മലയാളികള്‍ ജീവസന്ധാരണം തേടുന്നുണ്ട്. ഇവരില്‍ സിംഹഭാഗവും ബ്ളൂകോളര്‍ ജോലിയിലേര്‍പ്പെട്ടവരാണ്. ഇന്ന് ഈ കാണുന്ന കേരളത്തെ കെട്ടിപ്പടുത്തത് ഇക്കൂട്ടരാണ്. എന്‍.ആര്‍.ഐ മുദ്ര ചാര്‍ത്താന്‍ ഇഷ്ടപ്പെടാത്ത ഈ പച്ചമനുഷ്യര്‍ പിറന്ന നാടുമായി സദാ ബന്ധംപുലര്‍ത്തുകയും സമയം തരപ്പെടുമ്പോഴെല്ലാം പിറന്ന മണ്ണിന്‍െറ മണംതേടി ഓടിയത്തെുകയും ചെയ്യുന്നു. അതേസമയം, വൈറ്റ് കോളര്‍ ജോലികളില്‍ വിലസുകയും ഡോളറില്‍ ശമ്പളംപറ്റി അമേരിക്കയിലും യൂറോപ്പിലും ആസ്ട്രേലിയയിലും ജീവിതം പറിച്ചുനടുകയും ചെയ്ത, ‘ഓണ്‍ലൈന്‍ നാഷനലിസ’ത്തിന്‍െറ ഉപാസകര്‍ സമ്പാദ്യം വിദേശബാങ്കുകളിലേ നിക്ഷേപിക്കാറുള്ളൂ. പ്രവാസിമന്ത്രാലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍പിന്നെ ഈ വൈരുധ്യം ഉള്‍ക്കൊണ്ടായിരുന്നില്ല ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിച്ചതെന്ന് നിസ്സംശയം പറയാനാവും. പ്രവാസിമന്ത്രാലയത്തിന്‍െറ തലപ്പത്തിരിക്കുന്നവര്‍ക്ക് അതിന്‍െറ ആത്യന്തികലക്ഷ്യമെന്താണെന്ന് വ്യക്തമായധാരണ ഉണ്ടായിരുന്നുവോയെന്ന് സംശയമാണ്. അതുകൊണ്ട് പ്രവാസികളുടെ പ്രശ്നപരിഹാരത്തിനും ക്ഷേമം ഉറപ്പുവരുത്താനും ഉതകുന്ന സംവിധാനം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ മന്ത്രാലയം പൂര്‍ണമായി പരാജയപ്പെട്ടുവെന്നുതന്നെ പറയണം. വകുപ്പുമന്ത്രിയും പത്തു സ്റ്റാഫുമാണത്രെ അതിന്‍െറ ഘടന. വിദേശകാര്യമന്ത്രാലയത്തിന്‍െറ ബജറ്റ് നീക്കിയിരിപ്പില്‍നിന്ന് 100 കോടി അനുവദിക്കും. അതില്‍ 50 കോടി വര്‍ഷന്തോറും കൊണ്ടാടുന്ന പ്രവാസി ഭാരതീയ ദിവസ് എന്ന മാമാങ്കത്തിനുവേണ്ടി നീക്കിവെക്കും. മൊറീഷ്യസില്‍നിന്നോ ഫിജിയില്‍നിന്നോ ഏതെങ്കിലും ഇന്ത്യന്‍വേരുള്ള രാഷ്ട്രീയനേതാവിനെ മുഖ്യാതിഥിയാക്കി സംഘാടകര്‍ സായൂജ്യമടയും. തലമുറകള്‍ക്കുമുമ്പ് ഇന്നാട്ടിനോട് മനസ്സുകൊണ്ട് വിടപറഞ്ഞ ഇവരെ എഴുന്നള്ളിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കുമറിയില്ല. അതേസമയം, ഗള്‍ഫ്രാജ്യങ്ങളില്‍നിന്ന് സ്വന്തം ചെലവില്‍ പറന്നത്തെുന്ന സന്നദ്ധസംഘടന സാരഥികളോട് സര്‍ക്കാറിനു ഒരുതരം പുച്ഛമാണ്. പ്രവാസി പുരസ്കാരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍പോലും ഈ ചിറ്റമ്മനയം പ്രകടമായിരുന്നു. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന നിരവധിപ്രശ്നങ്ങള്‍ പഠിക്കാനോ അവക്ക് പരിഹാരം കാണുന്നതിനോ ആത്മാര്‍ഥമായ ഒരു ശ്രമവുമുണ്ടായില്ല. ഒരുവേള വകുപ്പുമന്ത്രി സൗദി സന്ദര്‍ശിച്ചഘട്ടത്തില്‍ ‘ഹുറൂബ്’ പ്രശ്നം (തന്‍െറ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിപ്പോയി എന്നുപറഞ്ഞ് അയാളെ നിയമവിരുദ്ധ വിദേശിയായി മാറ്റുന്ന അവസ്ഥ ) രൂക്ഷതരമായതിനാല്‍ ആയിരക്കണക്കിനു ഇന്ത്യക്കാര്‍ ജിദ്ദയിലെ കന്തറ പാലത്തിനു കീഴില്‍ നാടുപിടിക്കാനുള്ള ശ്രമവുമായി മാസങ്ങളോളം ദുരിതജീവിതം നയിക്കുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എഴുത്തുകാരനായ ഉറൂബിനെ കുറിച്ചേ ഞാനിതുവരെ കേട്ടിട്ടുള്ളൂവെന്നും ഇവിടെയത്തെിയപ്പോഴാണ് ‘ഹുറൂബ്’ എന്ന  പ്രശ്നം ശ്രദ്ധയില്‍പെട്ടതെന്നും പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.  പ്രവാസിമന്ത്രാലയത്തിന്‍െറ അനിവാര്യത ചോദ്യം ചെയ്യപ്പെടുംവിധം ആ വകുപ്പിനെ നിശ്ചേതനമാക്കുന്നതില്‍ വയലാര്‍ രവി നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

ബാലിശവാദങ്ങള്‍
കാര്യക്ഷമമായി പുന$സംവിധാനിച്ച് , കൂടുതല്‍ ഊര്‍ജസ്വലമാക്കേണ്ടതിനു പകരമാണ് സുഷമ സ്വരാജും സംഘവും പ്രവാസിവകുപ്പിനെ ചരിത്രത്തിന്‍െറ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. അതിനുനിരത്തിയ വാദങ്ങളാവട്ടെ തീര്‍ത്തും ബാലിശവും. തുടക്കംമുതല്‍ വിദേശമന്ത്രാലയത്തിന്‍െറയും നയതന്ത്രാലയങ്ങളുടെയും കണ്ണിലെ കരടായിരുന്നു സോണിയ ഗാന്ധിയുടെ ഈ സ്വപ്നസന്തതി. മറുനാട്ടിലുള്ളവരുടെ കാര്യംനോക്കാന്‍ തങ്ങളുള്ളപ്പോള്‍ പിന്നെന്തിനു മറ്റൊരു വകുപ്പും മന്ത്രിയും എന്ന ചിന്താഗതിയാണ് അടിസ്ഥാനകാരണം. പ്രവാസിവകുപ്പ് ഓരോ പ്രശ്നം വരുമ്പോഴും എംബസിയുമായും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് ഇക്കൂട്ടരുടെ സൈ്വരം കെടുത്തുന്നുണ്ടാവാം. എന്നാല്‍, വിദേശകാര്യമന്ത്രാലയത്തില്‍നിന്ന് വ്യത്യസ്തമായാണ് തങ്ങളുടെ സ്വന്തം വകുപ്പിനെ പ്രവാസികള്‍ നോക്കിക്കാണുന്നത്. വിദേശകാര്യമന്ത്രാലയം ഒരിക്കലും സാധാരണക്കാരനു പ്രാപ്യമല്ലാത്ത ദന്തഗോപുരമാണ്. എംബസിയും കോണ്‍സുലേറ്റും ജനങ്ങളില്‍നിന്ന് വളരെ അകന്നാണ് പ്രവര്‍ത്തിക്കാറ്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം പ്രവാസികളുടെ കാര്യത്തില്‍ നമ്മുടേതില്‍നിന്ന് തീര്‍ത്തും ഭിന്നമാണത്രെ.  വിവിധ സന്നദ്ധസംഘടനകള്‍ ഗള്‍ഫ്രാജ്യങ്ങളില്‍ നിറവേറ്റുന്ന  ജീവകാരുണ്യ, സേവനപ്രവര്‍ത്തനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇന്ത്യന്‍ മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരുനിലക്കും ശ്ളാഘനീയമല്ല. അതേസമയം, ബി.ജെ.പി സര്‍ക്കാറിന്‍െറ ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍ ഹിന്ദുത്വശക്തികള്‍ക്ക് വ്യക്തമായ അജണ്ടയുണ്ടെന്ന് കണ്ടത്തൊനാവും. വിദേശങ്ങളിലെ  അനുയായികളെയും അനുഭാവികളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവന്നു പ്രവര്‍ത്തനം ഏകോപിപ്പിക്കാനും  ഫണ്ട് ശേഖരിക്കാനും ആര്‍.എസ്.എസിനു വിപുലമായ സംവിധാനങ്ങളുണ്ട്. പ്രവാസിമന്ത്രാലയത്തിനു കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കാനുള്ളത് സാധാരണക്കാരായ ഇന്ത്യക്കാര്‍ ജീവിക്കുന്ന ഗള്‍ഫ് നാടുകളിലാണ്. ആര്‍.എസ്.എസിനു വേരോട്ടമോ വ്യക്തമായ കര്‍മപരിപാടികളോ ഇല്ലാത്ത മേഖലയാണിത്. അതുകൊണ്ടുതന്നെ പ്രവാസിമന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക സംവിധാനമല്ല, സംഘടനയുടെ കര്‍മപദ്ധതികള്‍ നടപ്പാക്കുന്ന ഏകോപനമാണ് വേണ്ടതെന്ന്  ഇവര്‍ ചിന്തിക്കുന്നുണ്ടാവണം. എന്നാല്‍, അത്തരമൊരു ചിന്ത ദേശീയതാല്‍പര്യത്തിന് ഹാനികരമാണെന്ന് അനുഭവത്തിലൂടെ സമര്‍ഥിക്കപ്പെടാന്‍ പോവുകയാണ്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ ശക്തമായ, ആളും അര്‍ഥവുമുള്ള പ്രവാസിമന്ത്രാലയം അനിവാര്യമാണ്. അതിനുവേണ്ടിയുള്ള മുറവിളി നാട്ടിലും മറുനാട്ടിലും ഉച്ചത്തില്‍ ഉയരേണ്ടിയിരിക്കുന്നു. കക്ഷിപക്ഷങ്ങള്‍ മറന്ന് സര്‍ക്കാറും രാഷ്ട്രീയനേതൃത്വങ്ങളും രംഗത്തിറങ്ങുകമാത്രമാണ് പോംവഴി.                                                                   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.