സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം: സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്?

കേരളത്തിന്‍െറ സമീപകാല ചരിത്രത്തിലൊന്നും വിവാദങ്ങളില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ വര്‍ഷാരംഭം ഉണ്ടായിട്ടില്ല. ഫീസും സീറ്റും നിശ്ചയിക്കുന്നതില്‍ കോളജ് ഉടമകളും സര്‍ക്കാറും നടത്തുന്ന ചര്‍ച്ചകളെയും അതിനത്തെുടര്‍ന്ന് രൂപപ്പെടുത്തുന്ന കരാറുകളെയും ചുറ്റിപ്പറ്റിയാണ് എല്ലാവിവാദങ്ങളും അരങ്ങേറുക. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച ചര്‍ച്ചകള്‍തന്നെ ഈ വിഷയങ്ങളിലേക്ക് പരിമിതപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ പതിവ് ചര്‍ച്ചകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്‍െറ പ്രഖ്യാപിത സ്വാശ്രയ നയങ്ങള്‍ക്ക് വിരുദ്ധമായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായെടുത്ത തീരുമാനം സ്വകാര്യമായി നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുസ്ലിം മാനേജ്മെന്‍റുകളോട് വിവേചനപരമായി പെരുമാറുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ എം.ഇ. എസ് പരസ്യമായി വിമര്‍ശമുന്നയിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു.

രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമ്പോള്‍ മുന്നോട്ടുവെച്ച ആശയം. വിദ്യാഭ്യാസം പൊതുസംവിധാനത്തിലൂടെ മാത്രമെന്ന വിശ്വാസത്തിലുറച്ചുപോയ കേരളീയ പൊതുമനസ്സാക്ഷിയെ സ്വാശ്രയ മേഖലയോട് ഇണക്കിയെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയാണ് ഈ തത്വം മുന്നോട്ടുവെച്ചത്. കോളജുകള്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുക, അതില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന (കുറഞ്ഞ) ഫീസ് ഈടാക്കി മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നല്‍കുക, അവശേഷിക്കുന്ന പകുതി സീറ്റില്‍ മാനേജ്മെന്‍റുകള്‍ തന്നെ ഫീസ് നിശ്ചയിക്കുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുക -ഇതായിരുന്നു 50-50 സങ്കല്‍പത്തിന്‍െറ അടിസ്ഥാനം. തുടക്കത്തില്‍ ഇതിനനുസൃതമായ രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ ഏറെക്കുറെ നീങ്ങിയത്. എന്നാല്‍ സ്വകാര്യ നിക്ഷേപകര്‍ അവരുടെ വ്യവസായത്തിന് കൂടുതല്‍ ലാഭകരമായ വഴികളന്വേഷിച്ച് തുടങ്ങിയതോടെ ഇത് അപരിഹാര്യമായ സങ്കീര്‍ണതകളിലേക്ക് വഴിതിരിഞ്ഞു. വിവിധ ഹൈകോടതികളിലും സുപ്രീംകോടതിയിലുമായി നൂറുകണക്കിന് കേസുകള്‍ വന്നു.  ഇതിനിടയിലാണ് മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ ന്യൂനപക്ഷപദവിയെന്ന പുതിയ ആയുധം പുറത്തെടുത്തത്.

ന്യൂനപക്ഷപദവി സ്വകാര്യ കോളജ് ഉടമകള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളാണ് നല്‍കിയത്. ഫീസ് നിശ്ചയിക്കാനും പ്രവേശംനടത്താനും കോളജുകള്‍ക്ക് പൂര്‍ണ അധികാരം ലഭിച്ചു. ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി അനുവദിച്ചുകൊടുത്ത ഭരണഘടനാപരമായ അവകാശങ്ങള്‍, അനിയന്ത്രിതമായ വിദ്യാഭ്യാസ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഭൂരിഭാഗം കോളജുടമകളും ചെയ്തത്. കേരളത്തില്‍ ഈ അവകാശം ആദ്യം ആയുധമാക്കിയത് കത്തോലിക്കസഭയുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളാണ്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് കത്തോലിക്കസഭ സര്‍ക്കാറുമായുള്ള സ്വാശ്രയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ മറപറ്റി, മെഡിക്കല്‍ പ്രവേശവും ഫീസ് നിശ്ചയിക്കലുമെല്ലാം അവ സ്വയം നിര്‍വഹിച്ചു. സഭക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ ഇടതുസര്‍ക്കാറിന് കഴിഞ്ഞുള്ളൂ.  സ്വാശ്രയത്തില്‍ കോളജുടമകളാണ് സര്‍വാധികാരികളെന്ന ധാരണ കേരളത്തില്‍ സൃഷ്ടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ നിലപാട് വലിയ പങ്കുവഹിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറുമായി കരാറുണ്ടാക്കുക എന്ന വാര്‍ഷിക പദ്ധതിയില്‍നിന്ന് കത്തോലിക്കസഭ പിന്മാറുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് വാങ്ങാനും പ്രവേശം സ്വന്തം റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്താനും സഭ തീരുമാനിച്ചു. അതേസമയം തന്നെ മറ്റുസ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 50-50 പാലിച്ച് സര്‍ക്കാറുമായി കരാറുണ്ടാക്കാന്‍ സന്നദ്ധമായി.

രണ്ടുചേരിയിലായ  മാനേജ്മെന്‍റുകളെ ഒരുപോലെ സര്‍ക്കാറിനൊപ്പം നിര്‍ത്താനായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആദ്യവര്‍ഷം ശ്രമിച്ചത്. 50-50ല്‍ ഊന്നിനിന്നാണ് ആദ്യകാല ചര്‍ച്ചകളത്രയും നടന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ വഴങ്ങിയില്ല. ഫീസ് നിശ്ചയിക്കാനും കുട്ടികളെ തെരഞ്ഞെടുക്കാനുമുള്ള പൂര്‍ണാധികാരമില്ളെങ്കില്‍ കരാറിനില്ളെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. രണ്ടാംവര്‍ഷം കത്തോലിക്ക സഭയുടെ എല്ലാ അവകാശവാദങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ കരാറിന് സര്‍ക്കാര്‍ സന്നദ്ധമായി. ഇതോടെ 50-50 എന്ന യു.ഡി.എഫിന്‍െറ പ്രഖ്യാപിതനയം അട്ടിമറിക്കപ്പെട്ടു.

ക്രോസ് സബ്സിഡി എന്ന് വിളിക്കുന്ന മെറിറ്റ് സീറ്റിലെ കുറഞ്ഞ ഫീസ് എന്ന തത്വവും അട്ടിമറിച്ചു. ഈ വ്യവസ്ഥകളെല്ലാം മറച്ചുവെച്ച്, കത്തോലിക്കസഭക്ക് പൊതുജനമധ്യത്തില്‍ സ്വീകാര്യതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതോടെ സര്‍ക്കാറുമായി വര്‍ഷങ്ങളായി സഹകരിച്ചിരുന്ന ആറ് കോളജുകള്‍ ഇടഞ്ഞു. എല്ലാതരം സാമൂഹികപ്രതിബദ്ധതയും മാറ്റിവെച്ച്, സ്വാശ്രയത്തില്‍ കത്തോലിക്കസഭയുടെ അഭിമാനം സംരക്ഷിക്കല്‍ മാത്രം സര്‍ക്കാര്‍ മുഖ്യ അജണ്ടയാക്കിയതോടെയാണ് കരാറില്‍നിന്ന് പിന്മാറാന്‍ ഈ കോളജുകള്‍ തീരുമാനിക്കുന്നത്. പക്ഷെ, ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളെയെല്ലാം നിയമനടപടിയുടെ ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ കൂടെനിര്‍ത്തി. ന്യൂനപക്ഷ പദവിയുള്ളവരാകട്ടെ നേരത്തെ ക്രിസ്ത്യന്‍ കോളജുകള്‍ സ്വീകരിച്ചതുപോലെ, സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്വന്തംനിലയിലെ പ്രവേശനടപടികളുമായി മുന്നോട്ടുപോയി. ന്യൂനപക്ഷപദവി ഉണ്ടായിരിക്കെ തന്നെ 13 വര്‍ഷമായി സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.  

മുസ്ലിം, ക്രിസ്ത്യന്‍ കോളജുകള്‍ക്ക് രണ്ടുതരം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെ തന്നെ സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍നിന്ന് രണ്ട് മുസ്ലിം മാനേജ്മെന്‍റ് കോളജുകള്‍ ഇക്കാരണത്താല്‍ പിന്മാറി. ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അനുവദിച്ച അതേ വ്യവസ്ഥകളോടെയാണെങ്കില്‍ കരാറിന് സന്നദ്ധമാണെന്നറിയിച്ചാണ് ഇവ പിന്മാറിയത്. എന്നാല്‍ ക്രിസ്ത്യന്‍ കോളജ് മോഡല്‍ കരാര്‍ ഇവരുമായുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ ഒരു കോളജ്, കരാറിന് സന്നദ്ധമാണെന്നും അതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. രണ്ട് കക്ഷികള്‍ തമ്മില്‍ കരാറിലത്തൊന്‍ ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി കോടതി ആ കേസ് അവസാനിപ്പിച്ചു. എന്നാല്‍ അതിന്‍െറ വിധിയില്‍ മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളോട് വിവേചനപരമായ വ്യവസ്ഥകള്‍ വെക്കുന്നതിനെ കടുത്തഭാഷയില്‍ കോടതി വിമര്‍ശിച്ചു. ‘സര്‍ക്കാര്‍ ഒരു നയപരമായ തീരുമാനമെടുക്കുമ്പോള്‍ അത് നീതിപൂര്‍വവും യുക്തിസഹവും നിഷ്പക്ഷവുമായിരിക്കണം. വ്യത്യസ്ത മാനേജ്മെന്‍റുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡം എന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല’ എന്നായിരുന്നു കോടതിയുടെ താക്കീത്. എന്നിട്ടും അതേ വിവേചനം ഈ വര്‍ഷവും തുടരാന്‍തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന്‍െറ ഈ നിലപാടാണ് ഇത്തവണ സ്വാശ്രയ മെഡിക്കല്‍ മേഖലയെ താറുമാറാക്കിയത്.

സ്വാശ്രയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്നും ആരാണ് ഈ നയങ്ങള്‍ നിശ്ചയിക്കുന്നതെന്നുമുള്ള മൗലികമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. സര്‍ക്കാറിന്‍െറ പ്രഖ്യാപിതനയമായ 50-50 ലേക്ക് എല്ലാ സ്വാശ്രയ കോളജുകളെയും എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കത്തോലിക്കസഭാ കോളജുകളുടെ താല്‍പര്യത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കോളജുകളില്‍ മെറിറ്റ് സീറ്റ് എന്ന സങ്കല്‍പമേ ഇല്ല. പ്രതിലോമകരമായ സ്വാശ്രയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളെപ്പോലെ നില്‍ക്കുകയായിരുന്ന കത്തോലിക്ക സഭയെ കരാറിന്‍െറ പേരില്‍ മാന്യതയുടെ മുഖംമൂടിയണിയിച്ച് കേരളത്തിന്‍െറ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതാകട്ടെ പരിമിതമായെങ്കിലും സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ നിലനിന്നുപോന്ന സാമൂഹികനീതി സങ്കല്‍പമാണ്.

സര്‍ക്കാറിന്‍െറ പിടിപ്പുകേട് ഒന്നുകൊണ്ടുമാത്രം 50-50 എന്ന നയം അട്ടിമറിക്കപ്പെട്ടപ്പോള്‍ മെറിറ്റില്‍ തന്നെ മൂന്നുതരം ഫീസ് ഒടുക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ സംജാതമായിരിക്കുന്നത്.  എങ്കില്‍തന്നെയും യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട പഠനാവസരം നല്‍കാന്‍ കഴിയുന്നുണ്ട്. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിയുന്നയാളും ഉമ്മന്‍ ചാണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ രീതിയില്‍ ഇതുവരെ കരാറിന് സന്നദ്ധമായിരുന്ന മുസ്ലിം മാനേജ്മെന്‍റുകള്‍, ക്രിസ്ത്യന്‍ കോളജുകളുടെ മാതൃകയിലേക്ക് മാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. അതേകാരണത്താലാണ്, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടും ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചത് ദുരൂഹമാകുന്നതും. കരാറാകട്ടെ തികച്ചും ഏകപക്ഷീയവും സര്‍ക്കാറിന്‍െറ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതുമാണ്. കരാറിലെ മൂന്നാംവ്യവസ്ഥ ഇക്കാര്യം സ്പഷ്ടമായി പറയുന്നുണ്ട്. ക്രിസ്ത്യന്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷനോ അതിലെ അംഗങ്ങള്‍ക്കോ പ്രവേശകാര്യത്തിലുള്ള ഉപാധിരഹിതമായ അവകാശത്തെ കരാര്‍ ഒരുതരത്തിലും ബാധിക്കില്ല എന്നതാണ് ഈ വകുപ്പ്. ഒരു കരാറുമില്ലാതെ ഈ കോളജുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണ് കരാറിന് ശേഷവും സംഭവിക്കുക എന്നാണെങ്കില്‍ കേരളത്തിലെ ആറ് പ്രമുഖ സ്വാശ്രയ കോളജുകളെ പിണക്കി ഇത്തരമൊരു കരാറുണ്ടാക്കേണ്ടിവന്നതിന്‍െറ അടിയന്തരസാഹചര്യം കേരളത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഏറെ പ്രയാസപ്പെടേണ്ടിവരും.

ഒരു സര്‍ക്കാര്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകള്‍കൂടി അട്ടിമറിച്ചാണ് ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുമായി ഉമ്മന്‍ ചാണ്ടി കരാറുണ്ടാക്കിയിരിക്കുന്നത്. പതിവില്‍നിന്ന് വ്യത്യസ്തമായി മൂന്നുകൊല്ലത്തേക്കാണ് ഇത്തവണത്തെ കരാര്‍. ഓരോവര്‍ഷവുമുണ്ടാക്കുന്ന അനിശ്ചിതത്വത്തിന് ഇത് പരിഹാരമാകുമെന്ന് സര്‍ക്കാറിന് വാദിക്കാം. എന്നാല്‍ അടുത്ത രണ്ട് വര്‍ഷംകൂടി ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതിയും ഇതിലൂടെ നല്‍കിയിട്ടുണ്ട്.  ക്രിസ്ത്യന്‍ കോളജുകളുടെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ അധികാരത്തിലത്തെിയാലും കത്തോലിക്ക സഭയുടെ ആവശ്യങ്ങള്‍ക്ക് ഭംഗംവരരുതെന്ന കാര്യത്തില്‍ ഒരുതരം അമിതതാല്‍പര്യം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടുണ്ടെന്ന് വ്യക്തം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.