കരിപ്പൂര്‍ ഇനി എത്രനാള്‍?

ധന്യമായ സംസ്കാരവും പ്രൗഢമായ ചരിത്രവും ആകര്‍ഷണീയമായ പ്രകൃതിയുംകൊണ്ട് അനുഗൃഹീതമായ മലബാറിന്‍െറ ആസ്ഥാനമാണ് കോഴിക്കോട്. സുമാര്‍ എഴുന്നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ചാരിയായ ഇബ്നു ബത്തൂത്ത കോഴിക്കോട് കപ്പലിറങ്ങുമ്പോള്‍ വിവിധ വിദേശ രാഷ്ട്രങ്ങളുടെ പതിമൂന്ന് കപ്പലുകള്‍ തുറമുഖത്തു നങ്കൂരമിട്ടു കിടപ്പുണ്ടായിരുന്നു. വലിയങ്ങാടിയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം പൊടിപൊടിക്കുകയായിരുന്നു. വിദേശികളായ വ്യാപാരികള്‍ പാണ്ടികശാലകള്‍ കെട്ടി കോഴിക്കോട്ടുകാരുടെ തൊഴില്‍ദാതാക്കളായി മാറിക്കഴിഞ്ഞിരുന്നു. കടലുണ്ടി മുതല്‍  പൊന്നാനി വരെയുള്ള പ്രദേശത്ത് റോമക്കാര്‍ ഉള്‍പ്പെടെ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് കച്ചവടത്തിനായി കോട്ടകള്‍ പണിതിരുന്നുവത്രെ.  പോര്‍ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും കച്ചവടത്തിനുവന്നു രാജ്യം കീഴടക്കിക്കൊണ്ടിരുന്നപ്പോള്‍ കോളനിവത്കരണമെന്ന ദുഷ്ടവിചാരമില്ലാതെ കച്ചവടം നടത്തി ലാഭമുണ്ടാക്കി മടങ്ങിപ്പോകുവാനുള്ള മര്യാദ കാണിച്ചത് അറബികള്‍ മാത്രമായിരുന്നു.  

നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന കോഴിക്കോടിന്‍െറ പ്രതാപവും വിദേശബന്ധങ്ങളും ആധുനിക കാലഘട്ടത്തില്‍ കുറഞ്ഞുവോ?  തുറമുഖങ്ങള്‍ തകരുകയും കടപ്പുറങ്ങള്‍ കാറ്റുകൊള്ളാനുള്ളത് മാത്രമാവുകയും ചെയ്തുവോ? ശാസ്ത്രവും സാങ്കേതിക വിദ്യയും സമ്പത്തും മനുഷ്യജീവിതത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും കോഴിക്കോടിനും മലബാറിനും അതിന്‍െറ ഗുണഭോക്താക്കളാകാന്‍ സാധിച്ചുവെന്ന് കരുതാനാവില്ല.  നീണ്ടുനിന്ന സമരങ്ങളുടെ ഫലമായി ആകെ വന്നത് ഒരു വിമാനത്താവളമാണ്.  അതും അടച്ചുപൂട്ടാന്‍ അണിയറയില്‍ ഒരുക്കങ്ങളാരംഭിച്ചുവെന്ന് കേള്‍ക്കുന്നത് നല്ല ലക്ഷണമല്ല.

ഇന്ത്യയില്‍ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളം പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. 2014^15ല്‍ 25,83,740 പേര്‍ ഇതുവഴി യാത്രചെയ്തിരുന്നു. 16,854 വിമാനങ്ങള്‍ ഇവിടെ ഈ കാലയളവില്‍ ഇറങ്ങിയിട്ടുണ്ട്.  22,849 ടണ്‍ ചരക്ക് ഇവിടെ നിന്ന് കാര്‍ഗോ വിമാനം വഴി കയറിപ്പോയിരുന്നു.  1988 ഏപ്രില്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്ത ഈ വിമാനത്താവളം വികസനത്തിന്‍െറ പാതയില്‍ ഏറെ മുന്നേറിയിരുന്നു.  2007 മേയ് 14ന് 1,60,000 ചതുരശ്ര അടി വിസ്താരമുള്ള പുതിയ ടെര്‍മിനല്‍ തുറന്നതോടെ പൂവിട്ട കരിപ്പൂരിന്‍െറ പ്രതീക്ഷകള്‍ കരിഞ്ഞുതുടങ്ങി. 9380 ചതുരശ്ര അടി നീളമുള്ള ഇവിടത്തെ ഏക റണ്‍വേ 13,000 അടി വരെയെങ്കിലും നീളം കൂട്ടാനുള്ള നടപടികള്‍ ഇതുവരെ എവിടേയും എത്തിയിട്ടില്ല.  വിമാനത്താവളത്തിന്‍െറ വികസനത്തിന് ആവശ്യമായ 400 ഏക്കറോളം വരുന്ന സ്ഥലം ഏറ്റെടുക്കാനുള്ള പരിശ്രമവും ഇതുവരെ യാഥാര്‍ഥ്യമായില്ല.  റണ്‍വേ വികസനത്തിനായി 240 ഏക്കറും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി 157 ഏക്കറും ഏറ്റെടുക്കേണ്ടതുണ്ട്. വിവിധ കാരണങ്ങളാല്‍ സ്ഥലവാസികളുടെ എതിര്‍പ്പും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. വികസനപ്രക്രിയക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരമായി  ഏര്‍പ്പെടുത്തിയിട്ടുള്ള പാക്കേജ് കൃത്യമായി നിര്‍വചിക്കപ്പെടേണ്ടതുണ്ട്.   

ഈ വിമാനത്താവളം അടച്ചുപൂട്ടിയാല്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ഹജ്ജ് യാത്രികര്‍ക്കും ഉള്‍പ്പെടെ സംഭവിക്കാനിടയുള്ള നഷ്ടം ചില്ലറയല്ല.  അതും മലബാറിന്‍െറയും കേരളത്തിന്‍െറയും ഇന്ത്യയുടേയും നഷ്ടമാണ്.  സ്ഥലമേറ്റെടുപ്പ് കാരണം പരിസരവാസികള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകളേക്കാള്‍ എത്രയോ ഇരട്ടി നഷ്ടം വിമാനത്താവളം ഇല്ലാതായാലും അവര്‍ക്കു സംഭവിക്കും. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഈ യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിക്കണം.  മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഒളിച്ചുകളി അവസാനിപ്പിച്ച് ഇതിന്‍െറ നിലനില്‍പിനും വികസനത്തിനുമായി മുന്നിട്ടിറങ്ങണം. സ്ഥലമേറ്റെടുപ്പ് ഒരു വൈതരണിയാണെങ്കിലും താവളം പൂട്ടുന്നതിലേക്ക് നയിക്കുന്ന മറ്റനേകം ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണേണ്ടതുണ്ട്.  

വേണ്ടത്ര സുരക്ഷിതമല്ലാത്ത ടേബ്ള്‍ടോപ്പ് റണ്‍വേയാണ് ഇവിടെയുള്ളത്.  ചുറ്റും 30 മീറ്റര്‍ മുതല്‍ 70 മീറ്റര്‍ വരെ അഥവാ, 230 അടി വരെ താഴ്ചയുള്ള താഴ്വരകളാണ്. എങ്കിലും ഇതുവരെ അപകടങ്ങളൊന്നും കാര്യമായി സംഭവിച്ചിട്ടില്ല.
ഈ വിമാനത്താവളത്തിന്‍െറ ആരംഭം മുതല്‍ അതിന്‍െറ ചിറകരിയാന്‍ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള ശക്തികളുടെ ഗൂഢാലോചന നേരിടേണ്ടതുണ്ട്.  ഈ ലോബിയുടെ വേരുകള്‍ ആഴത്തിലും വ്യാപ്തിയിലും ചെറുതല്ല. കേന്ദ്ര സര്‍ക്കാറിലും എയര്‍പോര്‍ട്ട് അതോറിറ്റിയിലും ഇതര വിമാനത്താവളങ്ങളിലും വിമാനക്കമ്പനികളിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലും വിദേശ രാഷ്ട്രങ്ങളിലും വരെ അവര്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. റണ്‍വേയുടെ റീ കാര്‍പ്പറ്റിങ് ശാക്തീകരണം തുടങ്ങിയ നടപടികള്‍ക്കായി എയര്‍പോര്‍ട്ട് ഭാഗികമായി അടച്ചുകഴിഞ്ഞു. സെപ്റ്റംബറില്‍ ആരംഭിക്കാനിരുന്ന പ്രവൃത്തി നീട്ടിക്കൊണ്ടുപോവുന്നു.  വലിയ ശരീരമുള്ള വിമാനങ്ങള്‍                                 ബോയിങ് 777, 747 തുടങ്ങിയവ പൂര്‍ണമായി നിര്‍ത്തി.  ചെറുവിമാനങ്ങളും എണ്ണം കുറച്ചു.  ആറു മാസംകൊണ്ട് തീര്‍ക്കാമെന്നുപറഞ്ഞിരുന്ന റീകാര്‍പ്പറ്റിങ് പ്രവൃത്തിക്ക് ഒന്നര വര്‍ഷം വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്.  വലിയ വിമാനങ്ങള്‍ റണ്‍വേ നവീകരണം കഴിഞ്ഞ്  പുന$സ്ഥാപിക്കുന്നതുവരെ ചെറിയ വിമാനങ്ങള്‍ കൂടുതല്‍ പറത്താന്‍ വിമാനക്കമ്പനികള്‍ മുന്നോട്ടുവന്നിട്ടും അംഗീകരിക്കാതെ ഒഴിഞ്ഞുമാറുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ചെയ്തത്. റണ്‍വേ നവീകരണം അത്ര അപൂര്‍വമായി മാത്രം ലോകത്തു നടക്കാറുള്ള ഒരു കാര്യമാണെന്ന മട്ടിലാണ് കോഴിക്കോട്ടുകാരോട് ചിലര്‍ പെരുമാറുന്നത്.  ഇത്രയേറെ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികാസം പ്രാപിച്ച ഒരു കാലഘട്ടത്തില്‍ നവീകരണ പ്രവൃത്തികള്‍ പുത്തന്‍ യന്ത്രസംവിധാനവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദിവസങ്ങള്‍ക്കകം ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്നതാണ്. എത്രയോ വന്‍കിട എയര്‍പോര്‍ട്ടുകളില്‍ ഇത് വെറും സാധാരണ ജോലിയായി നിര്‍വഹിക്കപ്പെടുന്നുണ്ട്.  എന്നിട്ടും കോഴിക്കോട് ഈ പ്രവൃത്തിക്ക് നീണ്ട കാലയളവും കാലഹരണം വന്ന സാങ്കേതിക വിദ്യയുമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.  നവീകരണ-ശാക്തീകരണ പ്രവൃത്തികള്‍ കഴിഞ്ഞാല്‍ വലിയ വിമാനങ്ങള്‍ വന്നുപോകുമെന്നതിന് ഇപ്പോഴും ഉറപ്പില്ല.

അതിനിടെ എല്ലാ പ്രാരബ്ധങ്ങള്‍ക്കും മകുടംചാര്‍ത്തുന്ന മട്ടില്‍ രക്ഷാസേനയും അഗ്നിശമനസേനയും ഒരു രാത്രി മുഴുവന്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ ഒരു സേനാംഗം മരിച്ചു. ആ കാളരാത്രിയെ നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കു കഴിഞ്ഞില്ല.   എല്ലാ തീയും കെടുത്താന്‍ തയാറായി നില്‍ക്കുന്ന അഗ്നിശമന സേനക്കാര്‍ക്ക് കോപാഗ്നിയെക്കെടുത്താന്‍ അന്നു കഴിഞ്ഞില്ല.  അപമാനകരമായ ഈ സംഭവം എങ്ങനെയുണ്ടായി എന്നത് ദുരൂഹമാണ്.  എല്ലാവരും ചേര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തിന്‍െറ നാശത്തിനുവേണ്ടി നടത്തുന്ന നാടകങ്ങള്‍ ആണോ ഇതെല്ലാമെന്നറിയില്ല?  
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടിയശേഷം നാം കണ്ട മാവൂര്‍ ഒരു പാഠമാണ്.  അതേ ഗതിയാണ് കരിപ്പൂരിനെ കാത്തിരിക്കുന്നത്. 

കൊച്ചി മെട്രോ, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ സമീപനമാണ് കരിപ്പൂരിന്‍െറ  കാര്യത്തിലും ഉണ്ടാകേണ്ടത്. അടിയന്തരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും സ്ഥലവാസികളും ഒത്തുചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്തപക്ഷം കരിപ്പൂരില്‍ സ്ഥിതിചെയ്യുന്ന കോഴിക്കോട് വിമാനത്താവളത്തിന്‍െറ പാവനസ്മരണക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ടിവരും, തീര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.