ആര്‍ട്സ് ക്ളബിന്‍െറ ഭാവിയും ബംഗാളി മാവേലികളും

കോലായില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എന്‍െറ അടുത്തേക്ക് കട്ടന്‍ചായയുമായി വന്ന ഭാര്യ ചോദിച്ചു: ‘എന്താ മനുഷ്യാ തന്നെയിരുന്ന് ചിരിക്കുന്നെ... നിങ്ങള്‍ക്ക് രാവിലെതന്നെ പ്രാന്ത് പിടിച്ചോ...’
‘എങ്ങനെ ചിരിക്കാതിരിക്കും? നീയീ വാര്‍ത്ത കണ്ടോ?’
‘എന്താണുവെച്ചാ പറ... എനിക്ക് അടുക്കളേലേ നൂറുകൂട്ടം പണിയൊണ്ട്...’ അവള്‍, ധിറുതിവെക്കുകയാണ്. ‘ഒന്നാംസ്ഥാനം കിട്ടിയ ജവഹര്‍ തായങ്കരിയുടെ തുഴച്ചില്‍കാരില്‍ ഇത്തവണ ഇതരസംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നെന്ന്...’
അവള്‍ കാര്യം മനസ്സിലാക്കാതെ എന്‍െറനേരെ മിഴിച്ചുനോക്കി. സിനിമ-സീരിയല്‍ നടീനടന്മാരുടെ ഒളിച്ചോട്ടം, വിവാഹം, വിവാഹമോചനം എന്നിവയൊക്കെയുണ്ടെങ്കിലേ അവള്‍ പത്രം വായിക്കൂ. പ്രസ്തുത വാര്‍ത്തകളുണ്ടെങ്കില്‍ ഞാന്‍ കാണിച്ചുകൊടുക്കണം.
‘എടി, ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ ഇത്തവണ ഒന്നാംസ്ഥാനം നേടിയത് ജവഹര്‍ തായങ്കരി എന്ന ചുണ്ടന്‍വള്ളമാ... അതിലെ തുഴച്ചില്‍കാരില്‍ നല്ളൊരു ശതമാനം മറ്റു സംസ്ഥാനത്തുനിന്ന് എത്തിയ തൊഴിലാളികളായിരുന്നുവെന്ന്...’
‘അതിലെന്താ ഇത്ര അദ്ഭുതം...? അവരും മനുഷ്യരല്ളേ...?’
വളരെ നിസ്സാരഭാവത്തിലായിരുന്നു ഭാര്യയുടെ മറുചോദ്യം. കേരളത്തനിമ ഉള്‍ക്കൊള്ളുന്ന കലാകായിക മത്സരങ്ങളുടെ മഹത്ത്വങ്ങളെക്കുറിച്ച് ഭാര്യയോട് വിശദീകരിക്കാന്‍ നാവ് വളച്ചെങ്കിലും വേണ്ടെന്നുവെച്ചു. പണ്ട് മോഹന്‍ലാല്‍ കഥകളി നടനായി അഭിനയിച്ച സിനിമ കാണാന്‍ പോയിട്ട് ഭാര്യ തിയറ്ററില്‍ കിടന്ന് ഉറക്കായിരുന്നു. വൃത്തികെട്ട സിനിമ കാണിക്കാന്‍ കൊണ്ടുപോയെന്ന് പറഞ്ഞ് രണ്ടുദിവസം എന്നോട് മിണ്ടിയിട്ടുമില്ല. അതുകൊണ്ടു ഞാന്‍ പത്രത്തിന്‍െറ മറ്റു പേജുകളിലേക്കുപോയി. ഭാര്യ അകത്തേക്കും.
പ്രാദേശിക പേജുകളില്‍ ഓണാഘോഷത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് കൂടുതല്‍. പൂക്കളമത്സരം, വടംവലി, കസേര കളി, കലം തല്ലിപ്പൊട്ടിക്കല്‍, സ്ളോ സൈക്കിള്‍ റേസ് എന്നിവയൊക്കെയാണ് വിവിധ ക്ളബുകള്‍ നടത്തുന്നത്. എന്‍െറ ഗ്രാമത്തിലെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ഇത്തവണയും ഞങ്ങളുടെ പ്രസ്റ്റീജ് ഇനമായ മാവേലിക്കളി മത്സരം നടത്തുന്നുണ്ട്. എല്‍.പി സ്കൂള്‍ മൈതാനംമുതല്‍ കവലയിലെ ക്ളബിന്‍െറ മുറ്റംവരെയുള്ള ഒരു കിലോമീറ്റര്‍ റോഡാണ് മത്സരവേദി. മാവേലിവേഷം കെട്ടിയവര്‍ കുടവയറും തുള്ളിച്ച് കൂട്ടത്തോടെ ഗ്രാമവീഥിയിലൂടെ നടക്കും. വേഷത്തിലും ഭാവത്തിലും ‘മാവേലിത്തനിമ’ പാലിക്കുന്നവരെ വിജയികളായി തെരഞ്ഞെടുക്കും. ഇത്തവണ കാഷ് അവാര്‍ഡ് 10,001 രൂപയാണ്. കഴിഞ്ഞവര്‍ഷം 5001 രൂപയായിരുന്നു. തുകയുടെ വലുപ്പം കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മത്സരാര്‍ഥികള്‍ ധാരാളമായി കഴിഞ്ഞവര്‍ഷം ഞങ്ങളുടെ ഗ്രാമത്തിലത്തെിയിരുന്നു. രജിസ്ട്രേഷന്‍ ഫീസായി 50 രൂപവീതം ഈടാക്കിയപ്പോള്‍ നല്ളൊരു സംഖ്യ അന്ന് ക്ളബിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. പശ്ചിമബംഗാള്‍ സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ സുധീര്‍കുമാറായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജേതാവ്. അദ്ദേഹത്തിന് സമ്മാനം കൊടുത്തതില്‍ ക്ളബിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ആരോപിച്ച് വലതുപക്ഷ രാഷ്ട്രീയക്കാര്‍ നാട്ടില്‍ പ്രശ്നമുണ്ടാക്കി. വിധികര്‍ത്താക്കളായി വന്നത് ടി.വി, സീരിയല്‍ രംഗത്തെ മേക്കപ്മാന്മാരായ രണ്ടു സുഹൃത്തുക്കളാണ്. അവര്‍ക്കോ, ക്ളബ് പ്രവര്‍ത്തകരായ ഞങ്ങള്‍ക്കോ സുധീര്‍കുമാറിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ജോലിസ്ഥലത്തെ മലയാളിസുഹൃത്തില്‍നിന്ന് പറഞ്ഞുകേട്ടാണ് സുധീര്‍കുമാര്‍ മത്സരിക്കാന്‍ വന്നത്. ഓണാഘോഷം കഴിഞ്ഞതോടെ ക്ളബ് ഭാരവാഹിയായ എനിക്കെതിരെ അപവാദ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഭാര്യ പിണങ്ങി കുറച്ചുദിവസം അവളുടെ വീട്ടില്‍പോയി നിന്നതും ക്ളബിലെ സഹപ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ അവളുടെ വീട്ടില്‍പോയതും ചര്‍ച്ച നടത്തിയതും പോയവര്‍ഷത്തെ ഓണാഘോഷത്തിന്‍െറ ബാക്കിപത്രമാണ്.
ഞാന്‍ പത്രം വായന മതിയാക്കി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ക്ളബ് ട്രഷറര്‍ മുനീര്‍ ഫോണില്‍ വിളിച്ചത്. ക്ളബിന്‍െറ ഓണാഘോഷം സംബന്ധിച്ച് പത്രവാര്‍ത്ത കൊടുക്കാന്‍ അവന്‍ ടൗണിലെ പത്ര ഓഫിസുകളിലേക്ക് പോകുകയാണ്.
‘മുനീറെ, നമ്മള് ഇന്നലെ തയാറാക്കിയ മാറ്ററില്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കേരളത്തില്‍ ജനിച്ചുവളര്‍ന്ന മലയാളികളായിരിക്കണം എന്ന വാചകം ഉണ്ടോയെന്ന് ഉറപ്പുവരുത്ത്...’
‘അതൊക്കെയുണ്ട്, പേടിക്കേണ്ട’ മുനീറിന്‍െറ മറുപടി.
‘എന്നാ ധൈര്യമായി പോ... ഒ.കെ!’
മാവേലിക്കളിയില്‍ ഇത്തവണയും ക്ളബിന് നല്ളൊരു തുക ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഓണാഘോഷം കഴിയുന്നതുവരെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കണം...
‘മാവേലി നാടൂവാണീടും കാലം...’ എന്ന് ഉറക്കെ പാടാനാണ് എനിക്ക് തോന്നിയത്. ഭാര്യയുടെ സംശയം കാര്യമായാലോ എന്നു കരുതി. ആ ആവേശം പിടിച്ചുനിര്‍ത്തി.
അതേസമയം, അടുത്തവര്‍ഷമെങ്കിലും ഇതരസംസ്ഥന മത്സരാര്‍ഥികള്‍ക്ക് രഹസ്യമായി  മാവേലി മന്നനാകാനുള്ള അവസരം നല്‍കിക്കൂടെ എന്നൊരാശയവും മനസ്സില്‍ മൊട്ടിട്ടു. കാരണം, എവിടത്തെിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കാണാനാകുന്ന ഈ അധ്വാനികളായ സഹപൗരന്മാരില്‍നിന്ന് ചെറുതല്ലാത്ത തുക ക്ളബിലെ മേശയിലേക്കൊഴുകുന്നത് ഗുണകരമാവില്ളേ?
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.