ആസൂത്രണ കമീഷനുപകരം മോദിസര്‍ക്കാര്‍ രൂപംനല്‍കിയ നിതി ആയോഗ് ഒരുവര്‍ഷം പിന്നിട്ടെങ്കിലും വ്യക്തമായ രൂപവും ഭാവവും ആര്‍ജിക്കാതെ ഇഴയുന്നു. സംസ്ഥാനങ്ങളുടെ പഞ്ചവത്സര^വാര്‍ഷികപദ്ധതികള്‍ വിഭവ ലഭ്യത വിലയിരുത്തി വികസനലക്ഷ്യവും തന്ത്രവും ആവിഷ്കരിച്ച് ദേശീയ വികസന കാഴ്ചപ്പാടോടെ സംസ്ഥാനങ്ങളുടെ പദ്ധതിക്ക് വിഹിതം നല്‍കിയിരുന്ന അവസ്ഥ മാറി. ഓരോ സംസ്ഥാനത്തിന്‍െറയും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ആസൂത്രണ കമീഷന്‍ രണ്ടുപ്രാവശ്യം നേരിട്ടു ചര്‍ച്ച ചെയ്തിട്ടാണ് വാര്‍ഷിക-പഞ്ചവത്സരപദ്ധതി വിഹിതവും അംഗീകാരവും നല്‍കിയിരുന്നത്. നിതി ആയോഗ് വന്നശേഷം മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതികളുടെ നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം നിര്‍ണയിക്കും. ഈ പുതിയ സംവിധാനത്തെ ‘ആസൂത്രണ വികസനപദ്ധതി’ എന്നു വിളിക്കാനും കഴിയില്ല.
കേരളത്തിനു ലഭിക്കാന്‍ സാധ്യതയുള്ള കേന്ദ്രവിഹിതത്തെപ്പറ്റിയും അതിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങളെപ്പറ്റിയും വ്യക്തതയില്ലാതെയാണ് 2016-17ലെ വാര്‍ഷികപദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതത്തെപ്പറ്റിയും കേന്ദ്ര-സംസ്ഥാന അനുപാതത്തെപ്പറ്റിയും അവസാനിക്കാത്ത അപാകതകള്‍. കേന്ദ്രാവിഷ്കൃത പദ്ധതി പ്രോജക്ടുകളുടെ എണ്ണം വെട്ടിക്കുറക്കുമെന്നും കേന്ദ്ര-സംസ്ഥാന പദ്ധതിവിഹിത അനുപാതം പുനര്‍നിര്‍വചിക്കുമെന്നും നിര്‍ദേശമുണ്ട്. ഇതിനുവേണ്ടി മുഖ്യമന്ത്രിമാരുടെ ഒരു ഉപസമിതിയെ നിതി ആയോഗ് നിയമിക്കുകയും കേരള മുഖ്യമന്ത്രിയെ സമിതിയിലെ അംഗമാക്കുകയും ചെയ്തു.
പഠനം അനിവാര്യം
ആസൂത്രണ കമീഷന്‍ വഴിയും വിവിധ മന്ത്രാലയങ്ങള്‍ വഴിയും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായ പദ്ധതിവിഹിതം നല്‍കിയിരുന്നു. നിതി ആയോഗ് എന്ന പുതിയ ദേശീയസ്ഥാപനം വന്നതോടെ സംസ്ഥാനങ്ങളുടെ വാര്‍ഷികപദ്ധതി വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന ദേശീയസ്ഥാപനം ഏതായിരിക്കുമെന്ന് വ്യക്തമല്ല. അതുപോലെ സംസ്ഥാന പദ്ധതി ദേശീയവികസന നയവുമായി എങ്ങനെ ആര് ഏകോപിപ്പിക്കും എന്ന ചോദ്യവും ശേഷിക്കുകയാണ്. ഇന്ത്യയിലെ 11 സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതിക്ക് ഇത് സാധ്യമാകുമോ. പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയവികസന സമിതിയുടെ ആസൂത്രണ വിഷയത്തിലുള്ള പങ്ക് എന്തായിരിക്കും. ഇതേപ്പറ്റിയെല്ലാം വിപുലവും വിശാലവുമായ പഠനങ്ങളോ ചര്‍ച്ചകളോ നടക്കുന്നുമില്ല. മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതികള്‍ ഫെഡറല്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന മോദിയുടെ പൊതുവായ അഭിപ്രായം മാത്രമാണ് വിമര്‍ശകര്‍ക്കുള്ള ഏക മറുപടി. കേന്ദ്രസഹായ പദ്ധതികളുടെയും വികസന പരിപാടികളുടെയും മുഖ്യമായ ലക്ഷ്യം സാമൂഹിക-സാമ്പത്തിക വികസനരംഗത്തെ പ്രാദേശിക അസമത്വം ലഘൂകരിച്ച് സന്തുലിത വികസനം സാധ്യമാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയും ദേശീയ ഗ്രാമീണ ആരോഗ്യമിഷനും സര്‍വശിക്ഷ അഭിയാനും രാജീവ് ഗാന്ധി കുടിവെള്ളപദ്ധതിയും ശുചിത്വമിഷനും ഗ്രാമീണ റോഡ് നിര്‍മാണവും എല്ലാം വ്യക്തമായ ദേശീയലക്ഷ്യങ്ങളോടെ ആരംഭിച്ച പരിപാടികളാണ്. എന്നാല്‍, നിലവിലുള്ള ദേശീയ കേന്ദ്രസഹായ പദ്ധതികളുടെ വികസനലക്ഷ്യം പുനര്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നില്ല. വൈവിധ്യമാര്‍ന്ന സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയുടെ സ്ഥായിയായ നിലനില്‍പും ഐക്യവും ദേശീയവികസന കാഴ്ചപ്പാടിനെയും ലക്ഷ്യത്തേയും ആശ്രയിച്ചിരിക്കും. ഇതിനുള്ള പരിഹാരമായിരുന്നു കേന്ദ്രാവിഷ്കൃത പദ്ധതികള്‍. ദേശീയവികസന കാഴ്ചപ്പാടിനുപകരം രൂപംകൊള്ളുന്ന ഫെഡറല്‍ സഹകരണം പ്രാദേശിക വികസനകാഴ്ചപ്പാടിനെ ക്ഷയിപ്പിക്കും. ഇതുവരെ നടപ്പാക്കിയ ദേശീയവികസന പരിപാടികളിലെ മാനദണ്ഡങ്ങളും മാര്‍ഗരേഖകളുമല്ല പരിപാടികളുടെ പരാജയത്തിന് കാരണം. നേരെമറിച്ച് നിര്‍വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും വൈകല്യങ്ങളുമാണ്. ഇത് വിലയിരുത്താതെ ബദല്‍സംവിധാനം സൃഷ്ടിച്ച് പഴയതിനെ ഒഴിവാക്കി അധികച്ചെലവുകള്‍ വരുത്തുകയാണ്.
ഗവണ്‍മെന്‍റിന്‍െറ വികസന കാഴ്ചപ്പാടും ഇ-ഗവേണന്‍സും സംബന്ധിച്ച് വര്‍ക്കിങ് പേപ്പറുകള്‍ തയാറാക്കുന്ന ഒരു തിങ്ക്-ടാങ്ക് ആയിരിക്കും നിതി ആയോഗ് എന്നാണ് ഇതിലെ അംഗം ബിബേക് ഡബ്രോയ് തിരുവനന്തപുരത്ത് ഒരു സെമിനാറില്‍ പറഞ്ഞത്. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഉറപ്പുവരുത്താന്‍ പൊതുചെലവുകള്‍ക്ക് പങ്കുണ്ടെന്നും അതുകൊണ്ട് കേന്ദ്ര-സംസ്ഥാന വികസന പ്രോജക്ടുകള്‍ മോണിറ്റര്‍ചെയ്ത് ഭൗതികനേട്ടങ്ങള്‍ ലഭ്യമാക്കുന്നുണ്ടോയെന്ന് നിതി ആയോഗ് ഉറപ്പുവരുത്തുമെന്നും അഭിപ്രായപ്പെട്ടു. ഇല്ളെങ്കില്‍ നിതി ആയോഗ് ഭൗതികനേട്ടങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പദ്ധതിവിഹിതത്തിനുവേണ്ടി സംസ്ഥാന മുഖ്യമന്ത്രിമാര്‍ ക്യൂ നില്‍ക്കുന്ന ഒരു സ്ഥാപനം ആയിരിക്കില്ല നിതി ആയോഗ് എന്നും കൂട്ടിച്ചേര്‍ത്തു. പ്രായോഗികമല്ലാത്ത ദാരിദ്ര്യരേഖ വരക്കുന്ന സ്ഥാപനവുമാകില്ല നിതി ആയോഗ് എന്നും ആസൂത്രണം എന്ന വാക്കും നിതി ആയോഗ് ഉപയോഗിക്കില്ലായെന്നും കൂട്ടിച്ചേര്‍ത്തു. നിതി ആയോഗ് വ്യത്യസ്ത ജനങ്ങള്‍ക്ക് വ്യത്യസ്ത കാര്യങ്ങളായിരിക്കും സമര്‍പ്പിക്കുക. നിതി ആയോഗ് വഴി ധനം സംസ്ഥാനങ്ങള്‍ക്ക് ഒഴുകുകയുമില്ല. ഇതൊക്കെയാണ് നിതി ആയോഗ് എന്ന ദേശീയസ്ഥാപനം ചെയ്യുന്നതെങ്കില്‍ വ്യക്തമായ ഒരു വികസനലക്ഷ്യവും കാഴ്ചപ്പാടും ദേശീയതക്ക് നല്‍കാന്‍ കഴിയില്ല.
നിതി ആയോഗ് ആസൂത്രണം എന്ന വാക്കിനോട് ചതുര്‍ഥി കാട്ടുമ്പോള്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ആര് രൂപംനല്‍കും? കേന്ദ്രാവിഷ്കൃത പദ്ധതിക്കുള്ള വിഹിതം എങ്ങനെ ആര് നിര്‍ണയിക്കും. ധനമന്ത്രാലയത്തിലെ ബ്യൂറോക്രാറ്റുകള്‍ സംസ്ഥാന പദ്ധതിവിഹിതം നിര്‍ണയിച്ചാല്‍ ജനാധിപത്യ ഗവണ്‍മെന്‍റുകളുടെ സ്ഥിതി എന്താകും. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആസൂത്രണ കമീഷന്‍െറ മുന്നില്‍ പദ്ധതിവിഹിതത്തിന് ക്യൂ നില്‍ക്കുന്നു എന്നുപറഞ്ഞ് പരിഹസിച്ച നിതി ആയോഗ് അംഗം മുഖ്യമന്ത്രിമാരെ ധനമന്ത്രാലയത്തില്‍ ബ്യൂറോക്രാറ്റുകളുടെ മുന്നില്‍ ക്യൂനില്‍ക്കുന്ന അവസ്ഥയിലാക്കുകയാണ്. ചുരുക്കത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതിവിഹിതം ഇനി ധനമന്ത്രാലയം ഇഷ്ടാനുസരണം വിതരണം ചെയ്യുന്ന സ്ഥിതി സംജാതമാകും. 12ാം പഞ്ചവത്സരപദ്ധതി (2012-17) മൂന്നാംവര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് മോദി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നത്. ആസൂത്രണ കമീഷന്‍ രൂപംനല്‍കിയ 12ാം പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും വിശകലനംചെയ്ത് വിലയിരുത്തി പുതിയൊരു വികസനനയത്തിലേക്കും സമീപനത്തിലേക്കും പോകുകയായിരുന്നു കൂടുതല്‍ ഉചിതം.
പദ്ധതികള്‍ അനിശ്ചിതത്വത്തില്‍
നിതി ആയോഗും കേന്ദ്രസഹായ പദ്ധതികളുടെ പരിഷ്കാരവുംവഴി 12ാം പദ്ധതിയും വാര്‍ഷികപദ്ധതികളും കേന്ദ്ര പദ്ധതിവിഹിതവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2014-15നെ അപേക്ഷിച്ച് 2015-16ല്‍ കേന്ദ്ര ഗവണ്‍മെന്‍റ് പ്ളാന്‍ ഗ്രാന്‍റും അഡ്വാന്‍സും ഇനത്തിലുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ 1,15,710 കോടി രൂപയുടെ കുറവാണ് വരുത്തിയത്. ഇത് കേരളത്തിന്‍െറ വിഹിതത്തെയും ബാധിക്കും. 14ാം ധനകാര്യ കമീഷന്‍ സംസ്ഥാനങ്ങളുടെ കേന്ദ്ര നികുതിവിഹിതം 32 ശതമാനത്തില്‍നിന്ന് 42 ശതമാനമായി ഉയര്‍ത്തിയതും കേരളത്തിനുള്ള കേന്ദ്ര നികുതിവിഹിതം 2.34 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി ഉയര്‍ത്തിയതും കേരളത്തിന്‍െറ ധനസ്ഥിതി മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതെല്ലാം കേരളത്തിന്‍െറ ധനശേഷി വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെങ്കിലും അടിസ്ഥാനപരമായ ഒരു സാമ്പത്തിക-വികസനപ്രശ്നം രൂപപ്പെട്ടിരിക്കുകയാണ്. കേരളത്തിന് കേന്ദ്ര പദ്ധതിവിഹിതമായും കേന്ദ്രാവിഷ്കൃത പദ്ധതിവഴിയും 12ാം പദ്ധതിയുടെ അവസാന മൂന്നു വര്‍ഷം എത്ര തുക കിട്ടും എന്നതിനെപ്പറ്റി ഒരു വ്യക്തതയും ഇല്ലായെന്നതാണ് സത്യം. ഇത്തരം അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് കേരളം 10ാം ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ നിര്‍ബന്ധിതമാകുന്നത്. അനൗദ്യോഗിക കണക്കനുസരിച്ച് 10ാം ശമ്പള കമീഷന്‍ നടപ്പാക്കാന്‍ വേണ്ടിവരുന്ന അധിക ബാധ്യത 5200 കോടി രൂപ കവിയും.
കേരളത്തിന്‍െറ 2015-16ലെ മൊത്തം വാര്‍ഷികപദ്ധതി 27,686 കോടി രൂപക്കുള്ളതാണ്. കേന്ദ്ര പദ്ധതിവിഹിതം സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുമ്പോഴും മൊത്തം വാര്‍ഷികപദ്ധതി തുകയുടെ 28 ശതമാനം വരുന്ന 7687 കോടി കേന്ദ്രവിഹിതമായി പ്രതീക്ഷിക്കുന്നുമുണ്ട്. 2015-16ലെ സംസ്ഥാന വാര്‍ഷികപദ്ധതി 2014-15ലെ 20,000 കോടി രൂപയായി നിലനിര്‍ത്തിയിരിക്കുകയുമാണ്. സംസ്ഥാന വാര്‍ഷികപദ്ധതിയുടെ കേന്ദ്രവിഹിതം കഴിഞ്ഞ സാമ്പത്തികവര്‍ഷംവരെ കേന്ദ്ര പ്ളാനിങ് കമീഷന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുകയും ബജറ്റില്‍ വ്യക്തമായി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, നിതി ആയോഗ് വന്നതോടെ വാര്‍ഷികപദ്ധതി ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന പ്രക്രിയ ഇല്ലാതായിരിക്കുകയാണ്. ഇത് കേരളത്തിന്‍െറ ആസൂത്രണ വികസന പരിപാടികളുടെ രൂപവത്കരണത്തെ എങ്ങനെ ബാധിക്കുമെന്ന് വരുംവര്‍ഷങ്ങള്‍ തെളിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.