‘അമേരിക്കയെ ഇപ്പോഴും ഞങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടില്ല’

‘ദ ഗ്ളോബല്‍ കാമ്പയിന്‍ ടു റിട്ടേണ്‍ ടു ഫലസ്തീന്‍’, ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഓഫ് യൂനിഫൈഡ് ഉമ്മ എന്നീ ആഗോളകൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനായ സര്‍ബാസ് റൂഹുല്ല റിസ്വി വര്‍ത്തമാനകാല രാഷ്ട്രാന്തരീയ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇറാനിയന്‍ ആക്ടിവിസ്റ്റാണ്. എം.എസ്സി എന്‍ജിനീയറിങ്ങിനുശേഷം ഇറാന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണം നടത്തുന്ന അദ്ദേഹം ഫലസ്തീനിലെ പീഡിപ്പിക്കപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പല മൂവ്മെന്‍റുകളുടെയും മുന്‍നിരയിലുണ്ട്. അതേസമയം, ഇറാന്‍െറ മാറിവരുന്ന ആഭ്യന്തര, വിദേശനയം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദം, സുന്നി^ശിയ വിഭാഗീയത എന്നീ വിഷയങ്ങളെ ആഴത്തില്‍ മനസ്സിലാക്കാനും നിഷ്പക്ഷമായി അപഗ്രഥിക്കാനും പ്രാപ്തിയുള്ള അക്കാദമിക പണ്ഡിതന്‍ കൂടിയാണദ്ദേഹം.


ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഇന്ത്യയിലത്തെിയ സര്‍ബാസുമായി കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ കഴിഞ്ഞദിവസം കോഴിക്കോടുവെച്ച് നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്തഭാഗങ്ങള്‍:

നീണ്ട രണ്ടുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷം അമേരിക്കയടക്കമുള്ള വന്‍ശക്തികളുമായി ഇറാന്‍ ആണവക്കരാറില്‍ എത്തിയിരിക്കയാണല്ളോ.  കര്‍ക്കശവാദിയായ അഹ്മദി നജാദില്‍ നിന്ന് മിതവാദിയായ ഹസ്സന്‍ റൂഹാനിയിലേക്കുള്ള രാഷ്ട്രീയമാറ്റത്തിന്‍െറ പ്രതിഫലനമല്ളേ ഇതില്‍ പ്രകടമായി കാണുന്നത്? രാഷ്ട്രം എങ്ങനെയാണ് ഈ ഇടപാടിനെ വിലയിരുത്തുന്നത്. വന്‍ശക്തികള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധംകൊണ്ട് വീര്‍പ്പുമുട്ടിയ തെഹ്റാന്‍ ഭരണകൂടം അതിന്‍െറ പ്രഖ്യാപിത നിലപാടില്‍നിന്ന് താഴേക്ക് ഇറങ്ങിവന്നതുകൊണ്ടല്ളേ കരാറിനുള്ള അന്തരീക്ഷം തെളിഞ്ഞുവന്നത്?
പൊളിറ്റിക്സും (രാഷ്ട്രീയം) ഡിപ്ളോമസിയും (നയതന്ത്രജ്ഞത) രണ്ടും രണ്ടാണ്. ഇറാന്‍ അതിന്‍െറ അടിസ്ഥാന രാഷ്ട്രീയനിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതിയൊരു നയതന്ത്രസമീപനം സ്വീകരിച്ചതാണ് വലിയമാറ്റമായി വിലയിരുത്തപ്പെടുന്നത്. അത് അഹ്മദി നജാദില്‍നിന്ന് റൂഹാനിയിലേക്ക് അധികാരം കൈമാറിയതുകൊണ്ടുമാത്രം സംഭവിച്ചതല്ല. എട്ടുവര്‍ഷം ഭരിച്ച മുഹമ്മദ് ഖാതമിയില്‍നിന്ന് (1997^2005) നജാദിലേക്ക് അധികാരക്കൈമാറ്റമുണ്ടായപ്പോഴും ഇത്തരത്തിലുള്ള രാഷ്ട്രീയ ഋതുപ്പകര്‍ച്ച പലര്‍ക്കും ഫീല്‍ ചെയ്തിരുന്നു. ‘കര്‍ക്കശക്കാരനായ’ നജാദുമായി ഒരുതരത്തിലുള്ള ചര്‍ച്ചക്കും അമേരിക്ക തയാറാവാതിരുന്നതുകൊണ്ടാണ് ആണവ ചര്‍ച്ചപോലും വൈകിയത്. ഇതിന്‍െറപേരില്‍ ഇറാന്‍െറമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വന്‍ശക്തികള്‍ കണക്കുകൂട്ടിയതുപോലെ വിജയംകണ്ടില്ല.

ഇറാനെ സാമ്പത്തികമായി ഞെരുക്കുക മാത്രമല്ല, രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുകകൂടിയായിരുന്നു അവരുടെ ലക്ഷ്യം. ഉപരോധം അതിജീവിക്കാന്‍ രാജ്യത്തിനു കഴിഞ്ഞതോടൊപ്പം ജനങ്ങളില്‍ രോഷംവളര്‍ത്തി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനുള്ള ഹീനഅജണ്ടയും പരാജയപ്പെടുത്താനായി. അടിസ്ഥാന വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാതെതന്നെയാണ് ഇപ്പോള്‍ ധാരണയിലത്തെിയിരിക്കുന്നത്. ഈ കരാറിനര്‍ഥം മേലില്‍ ഇറാന്‍ അമേരിക്കയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുമെന്നല്ല. ഇപ്പോഴും രാജ്യവും ജനങ്ങളും അമേരിക്കയെ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസത്തിലെടുക്കാന്‍ പറ്റുന്ന രാജ്യമല്ല അത്. ആണവക്കരാര്‍ വിഷയത്തില്‍ ഞങ്ങള്‍ക്കാണ് വിജയമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആ വിഷയത്തോടുള്ള ഇസ്രായേലിന്‍െറ പ്രതികരണമാണ് അതിന്‍െറ ലിറ്റ്മസ് ടെസ്റ്റ്. കരാറിനെ ഏറ്റവുംകൂടുതല്‍ വിമര്‍ശിക്കുന്നത് ബിന്യമിന്‍ നെതന്യാഹുവാണ്. വിഷയം യു.എന്നില്‍ പ്രമേയമായത്തെിയപ്പോള്‍ ബാലിസ്റ്റിക് മിസൈലിന്‍െറ കാര്യം എഴുതിച്ചേര്‍ത്തത് ഇറാന്‍ അംഗീകരിക്കില്ളെന്ന് ആത്മീയനേതാവ് ആയത്തുല്ല അലി ഖാംനഈ തറപ്പിച്ചുപറഞ്ഞിട്ടുണ്ട്.

ഇറാന്‍െറ ആണവ പരീക്ഷണത്തിന്‍െറ യാഥാര്‍ഥ്യം അറിയാന്‍ ലോകസമൂഹത്തിന് വലിയ താല്‍പര്യമുണ്ടായിരുന്നു. അണുബോംബ് നിര്‍മിക്കാനുള്ള ശേഷി ഇറാന്‍ സ്വായത്തമാക്കി എന്ന പ്രചാരണത്തിന്‍െറ സത്യാവസ്ഥ എന്താണ്?
യഥാര്‍ഥത്തില്‍ ഇറാന്‍ ആണവായുധം വികസിപ്പിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഞങ്ങളുടെ പ്രഖ്യാപിതനയം ആത്മീയനേതാവ് ഖാംനഈയുടെ ‘ഫത്വ’യായി മുമ്പേ പുറത്തുവന്നതാണ്. അണുബോംബ് നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും നിഷിദ്ധമാണെന്നാണ് അദ്ദേഹത്തിന്‍െറ മതവിധി. ഇതു മറികടക്കാന്‍ ഇറാന്‍ രാഷ്ട്രീയനേതൃത്വം ഒരിക്കലും തയാറാവില്ല. എട്ടുവര്‍ഷമായി ആണവപരീക്ഷണ വിഷയത്തില്‍ തത്ത്വാധിഷ്ഠിതമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചുപോന്നത്. അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ അംഗീകാരത്തോടെയാണത്. പക്ഷേ, 1979ലെ ഇറാന്‍ വിപ്ളവത്തിനുശേഷം അമേരിക്ക കൈക്കൊണ്ട ശത്രുതാപരമായ സമീപനം വിഷയത്തെ ഇമ്മട്ടില്‍ രാഷ്ട്രാന്തരീയവത്കരിച്ചു.

ഇറാന്‍െറ കൈയില്‍ ബോംബില്ല അല്ളെങ്കില്‍, ബോംബ് നിര്‍മിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടില്ല എങ്കില്‍ പിന്നെന്തുകൊണ്ടാണ് ആണവപ്ളാന്‍റുകള്‍ പരിശോധനക്ക് തുറന്നുകൊടുക്കുന്നതില്‍ വിമുഖത കാണിച്ചത്?
അമേരിക്കയെ വിശ്വാസമില്ലാത്തതുകൊണ്ടുതന്നെ. അവസരമുപയോഗപ്പെടുത്തി മറ്റു ലക്ഷ്യങ്ങള്‍ നേടിയെടുത്തുകൂടായ്കയില്ല എന്ന് ഭയപ്പെട്ടിട്ടുണ്ടാവണം. അനുഭവങ്ങള്‍ ഞങ്ങളുടെ മുന്നില്‍ പാഠങ്ങളായുണ്ട്. ഇറാന്‍െറ നാലു മുന്‍നിര ശാസ്ത്രജ്ഞരാണ് ഗൂഢസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. മൊസാദോ സി.ഐ.എയോ ആസൂത്രണം ചെയ്തതാവാം ആ കൊലപാതകങ്ങള്‍. ആണവപരീക്ഷണ വിഷയത്തില്‍ ഇറാന്‍ വളരെ മുന്നോട്ടുപോയത് വെകിളി പിടിപ്പിച്ചത് ഇസ്രായേലിനെയാണ്. ഞങ്ങളുടെ കൈയില്‍ ബോംബുണ്ടെന്ന് പ്രചരിപ്പിച്ചതും അവരാണ്. എന്നാല്‍, അവര്‍ ഏതുവഴിയാണ് ആണവായുധ നിര്‍മാണശേഷി ആര്‍ജിച്ചത് എന്ന് ഇറാന്‍െറ പിന്നാലെ നടന്ന ഈ വന്‍ശക്തികളൊന്നും അന്വേഷിച്ചതുപോലുമില്ല.

ആഗോളസമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും സമീപ പ്രദേശങ്ങളിലും മുന്നേറ്റം നടത്തുന്നത്. ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കാത്തവിധമാണ് അതിന്‍െറ പ്രവര്‍ത്തനവും ആക്രമണോത്സുകതയും. ഈ ഗൂഢപ്രതിഭാസത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
ഒരുനൂറ്റാണ്ടിന്‍െറ പാപപങ്കിലതയുടെ ശമ്പളം കൊടുത്തുതീര്‍ക്കുകയാണ് ലോകമിന്ന്. ഒന്നാം ലോകയുദ്ധത്തിനുശേഷം 1916ല്‍ ഒപ്പുവെച്ച സൈക്സ്^പികോ കരാര്‍ (Sykes^Picot Agreement) ആണ് ഇന്നത്തെ മിഡ്ല്‍ ഈസ്റ്റിനെ രൂപപ്പെടുത്തിയത്. ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്‍െറ ഭാഗമായ വലിയൊരു മേഖലയെ ഇറാഖ്, സിറിയ, ലിബിയ, ജോര്‍ഡന്‍, ഇസ്രായേല്‍, ഫലസ്തീന്‍ എന്നിങ്ങനെ ഛിന്നഭിന്നമാക്കി കഷണിക്കുകയായിരുന്നു. അതിനുശേഷം നിലവില്‍വന്ന രാഷ്ട്രീയ വ്യവസ്ഥിതി സൃഷ്ടിച്ച മുസ്ലിം ലോകത്തിന്‍െറ പിന്നാക്കാവസ്ഥയുടെ ഉല്‍പന്നമാണീ ഹിംസാത്മക സംഘം. സാമ്രാജ്യത്വദുശ്ശക്തികളുടെ മുന്നില്‍ തല കുനിച്ചുകഴിഞ്ഞ  സ്വേച്ഛാധിപതികളുടെയും പാവകളുടെയും നയനിലപാടുകളുടെ ഫലം കൂടിയാണ് ആത്യന്തിക ചിന്താഗതിക്കാരുടെ ഈ രംഗപ്രവേശം.

ഐ.എസിന്‍െറ  പിന്നില്‍ യു.എസും ഇസ്രായേലുമൊക്കെ ഉണ്ടെന്ന പ്രചാരണത്തില്‍ കഴമ്പുമുണ്ടോ?
ഈ സായുധ മിലീഷ്യയുടെ പെട്ടെന്നുള്ള വളര്‍ച്ചയും മുന്നേറ്റവും മീഡിയാരംഗത്തെ അദ്ഭുതപ്പെടുത്തുന്ന ഇടപെടലുകളും ഏതൊക്കെയോ ബാഹ്യശക്തികളുടെ സഹായം കിട്ടുന്നുണ്ട് എന്ന സിദ്ധാന്തം ബലപ്പെടുത്തുന്നുണ്ട്. ഐ.എസ് സ്ഥാപകനായ അബൂബക്കര്‍ ബഗ്ദാദി കുറെ വര്‍ഷം ദക്ഷിണ ഇറാഖിലെ തടവറയിലായിരുന്നു. ആ കാലഘട്ടത്തില്‍ മസ്തിഷ്കപ്രക്ഷാളനത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയിക്കാം. അദ്ദേഹം സാധാരണക്കാരനല്ല. ഇസ്ലാമിക പഠനത്തില്‍ ഡോക്ടറേറ്റുള്ള ആളാണ്. ജയിലില്‍നിന്ന് പുറത്തുവന്ന ഉടനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലവാന്‍റുമായി  രംഗപ്രവേശം ചെയ്യുന്നത്. സംഘത്തിന്‍െറ ഡൈനാമിസവും ഘടനയും പടിഞ്ഞാറന്‍ ലോകത്തെപോലും അമ്പരപ്പിക്കുന്നു. ഗറിലാ യുദ്ധമുറയല്ല അവര്‍ പ്രയോഗിക്കുന്നത്. മറിച്ച്, ഒരു രാഷ്ട്രമായിതന്നെ പെട്ടെന്ന് രൂപാന്തരം പ്രാപിച്ചു. ആ നിലയിലാണ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നതും.

പടിഞ്ഞാറന്‍ ലോകത്തുനിന്നുപോലും യുവാക്കളെ ആകര്‍ഷിക്കാന്‍ മാത്രം എന്തു വശീകരണശേഷിയാണ് ഈ ഗ്രൂപ് സ്വായത്തമാക്കിയത്?
പാശ്ചാത്യലോകത്ത് ശക്തിപ്പെട്ടുവരുന്ന ‘ഇസ്ലാം പേടി’ (ഇസ്ലാമോഫോബിയ) അവിടങ്ങളിലെ മുസ്ലിം യുവാക്കളില്‍ അന്യവത്കരണം പാരമ്യതയിലത്തെിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതപരിസരത്തെ അവഗണനയും നിന്ദയും തൊഴിലില്ലായ്മയും മറ്റു ജീവിത സാഹചര്യങ്ങളും ഒരുവിഭാഗം യുവാക്കളെ കടുത്ത നിരാശയിലാഴ്ത്തി. തെളിഞ്ഞ ഭാവിയെ കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ട ചെറുപ്പക്കാരാണ് രണ്ടും കല്‍പിച്ച് ഈ സംഘത്തില്‍ ചേരാന്‍ പോകുന്നത്. പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. അറബ് ^ആഫ്രിക്കന്‍ ലോകത്തുനിന്ന് കുടിയേറിപ്പാര്‍ത്തവരുടെ പുതിയ തലമുറയാണ് ഇവരില്‍ ഭൂരിഭാഗവും. സോഷ്യല്‍ മാധ്യമങ്ങളിലൂടെയുള്ള കാമ്പയിനില്‍ പലതരം പ്രലോഭനങ്ങള്‍ക്കും ഇവര്‍ വശംവദരാവുന്നുണ്ടാവാം.

ഹിംസയുടെ മാര്‍ഗം സ്വീകരിച്ച ഐ.എസിന്‍െറ  ഭാവി എന്തായിരിക്കുമെന്നാണ് അഭിപ്രായം?
മുമ്പ് അല്‍ഖാഇദയായിരുന്നു. ഇപ്പോള്‍ ഐ.എസ്. നാളെ ഏതു സംഘമാണ് ആ സ്ഥാനത്തുവരുക എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്നാല്‍, ചരിത്രത്തിലെ അരുതായ്മകള്‍ ആവര്‍ത്തിക്കപ്പെടുന്ന കാലത്തോളം അനീതിക്കും നെറികേടിനുമെതിരെ പ്രതികാരമായി, പ്രതിഷേധമായി ചില ശക്തികള്‍ രംഗത്തുണ്ടാകുമെന്നുതന്നെയാണ് കരുതേണ്ടത്. എന്നാല്‍, അടിസ്ഥാനപരമായി ഒരു കാര്യം മനസ്സിലാക്കേണ്ടത്, ജനാധിപത്യത്തിന്‍െറയും സമാധാനത്തിന്‍െറയും മാര്‍ഗമാണ് ഇസ്ലാമിന്‍േറത്. അതിനു മാത്രമേ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം സമര്‍പ്പിക്കാന്‍ കഴിയൂ.

ഐ.എസിന്‍െറ ഇതുവരെയുള്ള ആക്രമണങ്ങളില്‍ ചില വൈരുധ്യങ്ങള്‍ ശ്രദ്ധിച്ചില്ളേ. സുന്നി മൂവ്മെന്‍റായിട്ടും സുന്നി രാജ്യങ്ങളായ തുര്‍ക്കിയെയും സൗദി അറേബ്യയെയുമാണ് ഇതിനകം ആക്രമിച്ചിരിക്കുന്നത്. ശിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനിലേക്ക് തിരിയാത്തത് എന്തുകൊണ്ടാണ്?
ഞങ്ങളുടെ അതിര്‍ത്തി ഭദ്രമാണ്. ഇതുവരെ ഇത്തരം ശക്തികള്‍ക്ക് അതിര്‍ത്തി കടന്നുവരാന്‍ തുറന്നുകൊടുത്തിട്ടില്ല. തുര്‍ക്കിയുടെ സ്ഥിതി അതല്ല. സൗദിയിലെ ശിയാ കേന്ദ്രങ്ങളെയാണ് ഇതുവരെ ലക്ഷ്യമിട്ടിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.