1965ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍െറ അമ്പതാം വാര്‍ഷികത്തില്‍ പാകിസ്താനെതിരായ ശത്രുതാമനോഭാവം ഇളക്കിവിടാനുള്ള വ്യഗ്രത പ്രകടമാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളില്‍. യുദ്ധവിജയ പരേഡുകള്‍ സംഘടിപ്പിച്ച് ദേശസ്നേഹത്തിന്‍െറ തലതൊട്ടപ്പന്മാരാകാം എന്നാണ് അവരുടെ കണക്കുകൂട്ടല്‍. യുദ്ധം ജയിച്ചതിന്‍െറ ക്രെഡിറ്റ് അവകാശപ്പെടാനുണ്ടെങ്കില്‍ അത് അന്ന് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനു മാത്രം അര്‍ഹതപ്പെട്ടതാണ്. പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ സംഭാവനകളെ കോണ്‍ഗ്രസില്‍നിന്ന് വേറിട്ടുനിര്‍ത്തി വീക്ഷിക്കാനുള്ള ശ്രമങ്ങളാകട്ടെ ശുദ്ധ ഭോഷ്ക് മാത്രവും. കാരണം, കോണ്‍ഗ്രസിനോട് ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു ശാസ്ത്രി. സാധാരണ പൗരന്മാരുടേതില്‍നിന്ന് വ്യത്യസ്തമായി ഒരു യുദ്ധകാല സേവനവും നല്‍കാന്‍ കഴിയാത്ത ബി.ജെ.പിക്കും ആര്‍.എസ്.എസിനും 1965ലെ യുദ്ധവിജയത്തില്‍ ഒരു റോളും ഇല്ലാഞ്ഞിട്ടും വ്യാജ പിതൃത്വം ഏറ്റെടുക്കുന്ന രീതിയിലുള്ള അവരുടെ നീക്കങ്ങള്‍ ഒൗദ്ധത്യത്തിന്‍െറയും അഹങ്കാരത്തിന്‍െറയും അടയാളങ്ങളായി കരുതേണ്ടിയിരിക്കുന്നു.
ഇനി മറ്റൊരു സത്യം. 1965ലെ യുദ്ധത്തില്‍ വിജയംവരിച്ചു എന്ന ഇന്ത്യയുടെ അവകാശവാദത്തിന് യാഥാര്‍ഥ്യവുമായി ബന്ധമുണ്ടോ? പ്രസ്തുത യുദ്ധത്തില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. രണ്ടുകൂട്ടരും രക്തം ചിന്തി. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ ഇരു രാജ്യങ്ങളും പാതകം നടത്തിയവരായി. യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി രണ്ട് വിഭാഗത്തോടും പ്രമേയം വഴി ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും സോവിയറ്റ് യൂനിയനിലേക്ക് വിളിപ്പിക്കപ്പെട്ടു (സോവിയറ്റ് യൂനിയന്‍ ഇന്ത്യയോട് കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന പ്രതീതി ഉണ്ടായിരുന്നു). മൂന്നാമതൊരു രാഷ്ട്രത്തിന്‍െറ മേല്‍നോട്ടപ്രകാരമുള്ള യുദ്ധവിരാമ സന്ധിയില്‍ ഇരുവിഭാഗവും ഒപ്പുവെച്ചു. 1965 ആഗസ്റ്റ് ആറിന് ആരംഭിച്ച് സെപ്റ്റംബര്‍ 22ന് താഷ്കന്‍റില്‍ ഒപ്പുവെച്ച ഉടമ്പടിയോടെ സമാപിച്ച ഇന്ത്യ-പാക് യുദ്ധത്തിന്‍െറ വാര്‍ഷികം ആചരിക്കുമ്പോള്‍ പരിഗണനയില്‍ വരേണ്ടത് ഈ യാഥാര്‍ഥ്യങ്ങള്‍ ആകണം. അടക്കത്തോടെയുള്ള, വ്യസനസമേതമുള്ള ചടങ്ങുകളാകണം സംഘടിപ്പിക്കേണ്ടത്. കാരണം, സയാമീസ് ഇരട്ടകള്‍ക്ക് തുല്യരായ രണ്ട് അയല്‍രാജ്യങ്ങള്‍ വകതിരിവില്ലാതെ നടത്തിയ ഏറ്റുമുട്ടല്‍സാഹസം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നമ്മെ അത്രമാത്രം അധിക്ഷേപാര്‍ഹരാക്കുകയുണ്ടായി.
ഇപ്പോള്‍ പാകിസ്താന്‍െറ ഭാഗമായ പ്രദേശങ്ങളില്‍ ബാല്യ-കൗമാര യൗവനങ്ങള്‍ പിന്നിട്ട എന്നെപ്പോലെയുള്ള വയോധികര്‍ക്ക് ആ പഴയ സ്മരണകള്‍ അനായാസം ഉപേക്ഷിക്കാനാകില്ല. എന്നാല്‍, ദേശസ്നേഹത്തിന്‍െറ പാഠങ്ങള്‍ ബി.ജെ.പിയില്‍നിന്ന് സ്വീകരിക്കേണ്ട ആവശ്യവുമില്ല. 1965ലെ യുദ്ധത്തിന്‍െറ കെടുതികളും വേദനകളും ഏറ്റുവാങ്ങിയവരാണ് ഞങ്ങള്‍. അന്നത്തെ മരണങ്ങളും നഷ്ടങ്ങളും സുഹൃത്തുക്കളുമായി ഞങ്ങള്‍ വേദനയോടെ പങ്കുവെക്കുന്നു. എന്നാല്‍, ഈ വേദനയല്ല ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഞങ്ങളുടെ അഭ്യര്‍ഥനക്കു പിന്നിലെ പ്രേരകശക്തി. സാമാന്യബോധവും യാഥാര്‍ഥ്യങ്ങളുമാണ് ഞങ്ങളെ അതിന് പ്രേരിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും ആണവായുധങ്ങള്‍ സ്വായത്തമാക്കിയിരിക്കെ ഇനിയൊരു യുദ്ധം അരങ്ങേറുന്നപക്ഷം രണ്ട് രാജ്യങ്ങളും ഭൂമുഖത്ത് അവശേഷിക്കാനിടയില്ല എന്നതാണ് ദാരുണമായ സ്ഥിതിവിശേഷം.
ക്രൂഷ്ചേവിന്‍െറ താക്കീത്
അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റൊണാള്‍ഡ് റീഗണ് നല്‍കിയ മറുപടിയില്‍ ഈ വിവേകമാണ് മുന്‍ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് ധീരമായി പ്രകടിപ്പിച്ചത്. ക്രൂഷ്ചേവിന്‍െറ വാക്കുകള്‍: ‘സോവിയറ്റ് യൂനിയനെ നാലുതവണ നശീകരിക്കാനുള്ള ആണവശേഷി അമേരിക്ക കൈവരിച്ചതായി ഞങ്ങള്‍ക്കറിയാം. എന്നാല്‍, യു.എസിനെ ഒറ്റത്തവണ നശിപ്പിക്കാനുള്ള ആണവ ശക്തി ഞങ്ങള്‍ക്കുമുണ്ട്. കൂടുതല്‍ എന്തിന്? അതുപോരേ ഞങ്ങള്‍ക്ക്.’
ക്രൂഷ്ചേവിന്‍െറ നര്‍മത്തില്‍ പൊതിഞ്ഞ ഈ ഭീഷണി അന്തര്‍വഹിക്കുന്ന പാഠം മാനിക്കാതിരിക്കാന്‍ ഇന്ത്യക്കും പാകിസ്താനും സാധിക്കുമോ? ഇന്ത്യ ലാഹോര്‍ നഗരം ബോംബിട്ട് നശിപ്പിക്കുന്നു എന്നു സങ്കല്‍പിക്കുക. അമൃത്സര്‍ നഗരത്തില്‍ പിന്നെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കുമോ? പാകിസ്താന്‍ അമൃത്സറില്‍ ബോംബ് വര്‍ഷിക്കുന്നപക്ഷം അതിന്‍െറ ആഘാതം ലാഹോറിനെയും വിജനമാക്കുകയില്ളേ?
1965ലെ യുദ്ധത്തില്‍ ഇന്ത്യയോ പാകിസ്താനോ വിജയം നേടുകയുണ്ടായില്ല എന്നതാണ് യഥാര്‍ഥ വസ്തുത. ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയും പാക് പ്രസിഡന്‍റ് അയ്യൂബ്ഖാനും സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിജിന്‍െറ മധ്യസ്ഥതയില്‍ താഷ്കന്‍റില്‍ സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നില്ളെങ്കില്‍ പരസ്പരം പടവെട്ടി ഇരുരാജ്യങ്ങളും കൂടുതല്‍ കടുത്ത ക്ഷതങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങുമായിരുന്നു.
പാക് സൈന്യത്തിന്‍െറ കൊള്ളരുതായ്മകള്‍ ഉയര്‍ത്തിക്കാട്ടുന്ന യുദ്ധവിജയ റാലി നടത്താനുള്ള സമ്മര്‍ദങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിന് വഴങ്ങുന്നു? ഈയിടെ എത്തിച്ചേര്‍ന്ന ഉഭയകക്ഷി സൗഹാര്‍ദ ധാരണകളെ തകിടംമറിക്കാനേ അത്തരം ചെയ്തികള്‍ ഉതകൂ. ഈയിടെ നടത്തിയ മധ്യേഷ്യന്‍ പര്യടനങ്ങളില്‍ സംയമനത്തോടെയുള്ള മോദിയുടെ നിലപാടുകള്‍ക്ക് വ്യാപക അംഗീകാരം ലഭിക്കുകയുണ്ടായി. മോദിയെയും പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയും ഒരേ വേദിയില്‍ ഇരുത്താന്‍ സാധിച്ചതില്‍ ഇരുപക്ഷത്തുള്ള നയതന്ത്രജ്ഞര്‍ നിര്‍വൃതികൊണ്ടതും നാം കാണുകയുണ്ടായി. എന്തുകൊണ്ട് 1965ലെ യുദ്ധ വാര്‍ഷികം ഇന്ത്യക്കും പാകിസ്താനും സംയുക്തമായി ആഘോഷിച്ചുകൂടാ? അങ്കംവെട്ടി പരസ്പരം മേല്‍ക്കൈ നേടിയതിന്‍െറ ആഘോഷമായല്ല, ചരിത്രത്തിന്‍െറ ഒരു ദു$ഖാധ്യായത്തിന്‍െറ ഓര്‍മപുതുക്കലായി വേണം ആ ദിനങ്ങള്‍ ആചരിക്കപ്പെടേണ്ടത്.
സൈനിക പരേഡുകള്‍ നടത്തിയല്ല അയല്‍ദേശങ്ങളുടെ യുദ്ധവെറികള്‍ ആചരിക്കേണ്ടത്. പകരം ഇരുരാജ്യങ്ങളിലെയും പ്രതിരോധമന്ത്രിമാര്‍ പരസ്പരം സന്ദര്‍ശിച്ച് കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കട്ടെ. ഇന്ത്യന്‍ മന്ത്രി ലാഹോറിലും പാക് മന്ത്രി ഡല്‍ഹിയിലും റീത്തുകള്‍ സമര്‍പ്പിക്കുമ്പോള്‍ നമുക്ക് ഇനി സമാധാനപരമായി ജീവിക്കാം എന്ന സന്ദേശം ജനങ്ങളിലേക്ക് പ്രസരിക്കാതിരിക്കുകയില്ല. സമാധാനപരമായ അയല്‍ജീവിതത്തിന്‍െറ പ്രായോഗികതയും പ്രസക്തിയും തിരിച്ചറിയാന്‍ ഇരുപക്ഷത്തെയും നേതാക്കള്‍ തയാറാകണം. പഴയ യുദ്ധങ്ങള്‍ ശത്രുതയുടെ ഉദ്ദീപനത്തിനുവേണ്ടിയല്ല, സൗഹൃദ ഭാവിയുടെ ഊഷ്മളതക്കുവേണ്ടിയാകണം അനുസ്മരിക്കേണ്ടത്.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ദല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസുമാണ് ലേഖകന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.