ഭാവതീവ്രതയുടെ നാനാ

ചിലർ സ്ക്രീനിൽ വരുമ്പോൾ കാമറക്ക് ജീവൻ വെക്കുന്നതുപോലെ തോന്നും. തങ്ങളുടെ സർവ ഊർജവും രോഷവും സ്നേഹവും എല്ലാം അവിടെ അഭ്രപാളിയിൽ ചാർത്തിവെക്കപ്പെടും. അത്തരം അപൂർവ പ്രതിഭകളിൽ ഏറെ മുന്നിലാണ് നാനാ പടേക്കർ. തീക്ഷ്ണ നോട്ടവും വേറിട്ട താളവും സ്വാഭാവിക ശാരീരികഭാഷയും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിൽ വേറിട്ടുനിർത്തി. 1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ജനനം. വിശ്വനാഥ് പടേക്കർ എന്ന് യഥാർഥ പേര്. നീലകാന്തി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ. എൺപതുകളിൽ ഹിന്ദി, മറാത്തി സിനിമകളെ ഭാവതീവ്രതകൊണ്ട് കീഴടക്കിയ നാനാ പടേക്കർ പരമ്പരാഗത നായക സങ്കൽപങ്ങളെ മാറ്റിയെഴുതി. മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നാനാ പടേക്കർ തന്റെ പേരിനൊപ്പം ചാർത്തി.

ഗമന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ 1978ലാണ് അദ്ദേഹത്തിന്‍റെ സിനിമാ അരങ്ങേറ്റം. നാനാ പടേക്കറുടെ സംഭാഷണങ്ങളിലെ പ്രത്യേക ശൈലിയെ സിനിമാലോകം ‘നാനാ സ്റ്റൈൽ’ എന്നുവിളിച്ചു. പെട്ടെന്ന് നിശ്ശബ്ദനാവുകയും, തൊട്ടടുത്ത നിമിഷം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന നാനയുടെ ശൈലി അനുകരണങ്ങളില്ലാത്ത ഒന്നായി മാറി. മഹാരാഷ്ട്രയിലെ സാധാരണ കുടുംബത്തിൽ ജനിച്ച നാനാ പടേക്കറുടെ അഭിനയത്തിന്റെ കരുത്ത് നാടകവേദികളിൽനിന്ന് പിറന്നതാണ്. മറാത്തി നാടകങ്ങളിൽ അദ്ദേഹം കാഴ്ചവെച്ച അത്ഭുതകരമായ പ്രകടനങ്ങൾ അദ്ദേഹത്തിലെ അഭിനേതാവിനെ മിനുക്കിയെടുത്തു. ഹിന്ദി, മറാത്തി സിനിമകളിൽ തന്റേതായ അഭിനയശൈലികൊണ്ട് ശ്രദ്ധേയനായ നാനാ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പങ്കാളിയായും മനുഷ്യസ്നേഹിയായും നാനാ പടേക്കർ തന്റെ ജീവിതത്തിന് പല അർഥതലങ്ങളും നൽകി. 2013ൽ വിവിധ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വരൾച്ചയുമാണ് 2015ൽ ‘നാം ഫൗണ്ടേഷൻ’ സ്ഥാപിക്കുന്നതിലേക്ക് നാനാ പടേക്കറെ എത്തിച്ചത്. ദുരിതബാധിതരായ ആയിരക്കണക്കിനു കർഷക കുടുംബങ്ങൾക്ക് ആശ്വാസമാവുകയായിരുന്നു അദ്ദേഹം തന്റെ ഫൗണ്ടേഷനിലൂടെ. ഹോണററി ലഫ്റ്റനന്റ് കേണൽ പദവികൂടി ഉണ്ടായിരുന്നു നാനാ പടേക്കർക്ക്. കാർഗിൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് അദ്ദേഹം.

Tags:    
News Summary - Nana Patekar: The Raw Intensity of Acting, Cinema, and Social Commitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.