ലൈല റഷീദ്

‘ഇതിലേ പോയത് വസന്തം’; പ്രേംനസീറിന്റെ നിത്യഹരിത ഓർമകൾ ബാക്കിവെച്ച് മകൾ ലൈല റഷീദും വിടപറയുമ്പോൾ...

‘ഡാഡിയുടെ ജീവിതവിജയ രഹസ്യങ്ങളിലൊന്ന് ലാളിത്യവും വിനയവുമാകണം. പ്രശസ്തിയുടെ ആകാശ ഉയരത്തിൽ നിൽക്കുമ്പോഴും താഴെ ഭൂമിയിലേക്കാണ് അദ്ദേഹം നോക്കിയിരുന്നത്. അതിനാൽ ഒരിക്കൽപ്പോലും ആ ജീവിതത്തിന് കാലിടറിയില്ല. കൂടുതൽ അവസരങ്ങളും അംഗീകാരങ്ങളും തേടിയെത്തിക്കൊണ്ടേയിരുന്നു.’ -മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിനെ കുറിച്ചുള്ള ഓർമകൾ കോർത്തിണക്കിയ ‘ഇതിലെ പോയത്‌ വസന്തം’ എന്ന പുസ്തകത്തിൽ മകൾ ലൈല റഷീദ് കുറിച്ചത് ഇങ്ങനെയാണ്. പ്രേംനസീർ എന്ന മഹാനടന്റെ സിനിമാ ജീവിതം രേഖപ്പെടുത്തിയ ലൈലയും കഴിഞ്ഞ ദിവസം ജീവിതത്തിൽ നിന്ന് വിടവാങ്ങി.

കഥാപാത്രങ്ങളുടെ നേരും നന്മയും സ്വന്തം ജീവിതത്തിൽ പാലിച്ച പ്രേംനസീർ, നടനെന്ന നിലയിലുള്ള വളർച്ചയെക്കാൾ സിനിമയുടെയും സിനിമയിലെ സഹപ്രവർത്തകരുടെയും വളർച്ചക്ക് മുൻതൂക്കം നൽകിയ കാര്യങ്ങൾ മകൾ പുസ്തകത്തിൽ പറയുന്നുണ്ട്.

മലയാള സിനിമയോടൊപ്പം വളർന്ന് അതിന്റെ പര്യായമായിത്തീർന്ന ആ മഹാനടന്റെ ജീവിതത്തിലെയും സിനിമയിലെയും ഇരുളും വെളിച്ചവും സംഘർഷങ്ങളും അതുല്യനിമിഷങ്ങളും രസകരമായ അനുഭവങ്ങളും കൗതുകങ്ങളുമെല്ലാം അതിൽ കടന്നുവരുന്നു.

ലൈല റഷീദും മാധ്യമപ്രവർത്തകൻ പി. സക്കീർ ഹുസൈനും ചേർന്ന് തയാറാക്കിയ പുസ്തകം പ്രേംനസീറിന്റെ ജീവിതകഥ മാത്രമായിരുന്നില്ല; സിനിമാലോകം കണ്ട നടനപ്പുറം, ഒരു മകൾ വീട്ടിനുള്ളിൽ കണ്ട അച്ഛന്റെ കഥ കൂടിയായിരുന്നു.

പുസ്തകത്തിന് പേരു തേടിയ സക്കീർ ഹുസൈന് സുഹൃത്ത് വി.പി. ഷൗക്കത്തലിയാണ് ‘ഇതിലെ പോയത്‌ വസന്തം’ എന്ന് പറഞ്ഞുകൊടുത്തത്. കടന്നുപോയത് ഒരു വസന്തമല്ലേ? അപ്പോൾ ആ പേര് യോജിക്കും എന്നായിരുന്നു മറുപടി.

പ്രേംനസീറിന്റെ ജീവിതത്തിലെ ശ്രദ്ധേയ അധ്യായമായിരുന്ന, നടി ഷീലയുമായുണ്ടായ പിണക്കം ലൈലയുടെ പുസ്തകത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. 107 ചിത്രങ്ങളിൽ നായികാനായകന്മാരായി ഒന്നിച്ച നസീറും ഷീലയും ഒരുകാലത്ത് പിണങ്ങിയിരുന്നു. ഏകദേശം മൂന്നര വർഷത്തോളം അകന്നു നിന്ന ഇരുവരെയും വീണ്ടും ഒരുമിച്ച് കാണണമെന്നാഗ്രഹിച്ച് ആരാധകർ ഉദയാ സ്റ്റുഡിയോയിലേക്ക് കത്തുകൾ അയച്ചു.

ഒടുവിൽ സിനിമാരംഗത്തെ കുഞ്ചാക്കോയും അപ്പച്ചനും ശാരംഗപാണിയും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഏകദേശം ആറുമാസത്തെ ശ്രമത്തിനൊടുവിൽ ഷീല വീണ്ടും നസീറിനൊപ്പം അഭിനയിക്കാൻ സമ്മതിച്ചു. ‘തുമ്പോലാർച്ച’യിലൂടെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്. ഒരു നടന്റെ കരിയറിലെ ഒരു സംഭവം മാത്രമായി ഇതിനെ കാണാമെങ്കിലും, ലൈലയുടെ ഓർമകളിലൂടെ നോക്കുമ്പോൾ, ബന്ധങ്ങളെ വിലമതിച്ച ഒരു മനുഷ്യൻ നമുക്ക് മുന്നിൽ തെളിഞ്ഞുവരും.

50 വർഷം മുമ്പ് വിവാഹിതയായി കോഴിക്കോട്ട് എത്തിയതു മുതൽ പറയഞ്ചേരിയിലായിരുന്നു താമസം. പിന്നീട്, പ്രേംനസീർ കോഴിക്കോട് വന്നപ്പോഴെല്ലാം താമസിച്ചിരുന്നത് മകൾക്കൊപ്പമായിരുന്നു.

അതേസമയം, ജന്മനാടായ ചിറയിൽകീഴിൽ 1956 പണികഴിപ്പിച്ച വീടിന് പ്രേംനസീർ ലൈലയുടെ പേരാണ് നൽകിയത്, ‘ലൈല കോട്ടേജ്’. ഒരച്ഛന് മകളോടുള്ള സ്നേഹത്തിന്റെ ഓർമ കൂടിയായിരുന്നു ലൈല കോട്ടേജ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.