പ്രപഞ്ചത്തിന്‍റെ ഏതോ കോണിലേക്ക് സ്വന്തം ചിറകിൽ, തലയുയർത്തി കുഞ്ഞാമൻ പറന്നുപോയിരിക്കുന്നു...

മുപ്പത് വർഷങ്ങൾക്ക് മുമ്പ് എം.ജി കോളേജ് മാഹിയിൽ നടന്ന ഒരു ഇക്കണോമിക്സ് സെമിനാറിൽ വെച്ചാണ് ആദ്യമായി ചോറോണയുടേയും അയ്യപ്പന്‍റേയും മകനായ എം. കുഞ്ഞാമൻ സാറിനെ കാണുന്നത്. ഒടുവിൽ കണ്ടത് ജോൺ മത്തായിയിൽ വെച്ച് നടന്ന സെമിനാറിൽ ഉദ്‌ഘാടകനായി എത്തിയപ്പോഴാണ്. അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള പുസ്തകമായ എതിരിൽ ആദ്യ ഖണ്ഡികയിൽ ''കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടി വളർത്തി'' എന്ന് എഴുതിയതിലൂടെ സ്വന്തം ജാതി സ്വത്വം മാത്രമല്ല സവർണ കേരളം കെട്ടിപ്പൊക്കിയ നവോത്ഥാന കെട്ടുകാഴ്ചയിൽ മറയ്ക്കപ്പെട്ട കീഴാള ജാതി അവസ്ഥയുടെ ഇനിയും മാറാത്ത നിലയെ വസ്തുനിഷ്ഠമായി അടയാളപ്പെടുത്തുക കൂടിയായിരുന്നു. ''പാണൻ പറയടാ'' എന്ന് ദിവസവും അലറിയിരുന്ന, നാട്ടിലെ ജാതി പ്രമാണിയായ കണക്ക് മാഷോട് ''സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്ന് വിളിക്കണം'' എന്നുറക്കെ പറഞ്ഞപ്പോൾ ''എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ'' എന്ന് പറഞ്ഞ് ആ ''കണക്ക്'' മാഷ് കുഞ്ഞാമനെ ചെകിട്ടത്ത് ആഞ്ഞടിക്കുകയായിരുന്നു. എതിരിലെ ആദ്യവരി ''ഇരുട്ട് നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം'' എന്നതിൽ കണക്ക് മാഷുമ്മാരുടെ മാത്രമല്ല അവരുടെ തന്തമാരുടെ കൊള്ളരുതായ്കകൾ കൂടി ഉണ്ട്. ഉച്ചക്കഞ്ഞി കുടിക്കാൻ വരുന്ന പുഴുവിനെ പോലെ തന്നെ കരുതിയ മാഷോട് പ്രതിഷേധിച്ച് ഉച്ചക്കഞ്ഞി തന്നെ വേണ്ടെന്നു വെച്ച കുഞ്ഞാമൻ ഒന്നാം റാങ്കിൽ എം.എ പാസായി. റാങ്ക് കിട്ടിയപ്പോൾ നാട്ടുകാർ അഭിനന്ദിച്ചുകൊണ്ട് നൽകിയ ഗോൾഡ് മെഡൽ പിറ്റേന്ന് തന്നെ പണയം വെച്ചു, പത്താംനാൾ വിൽക്കുകയും ചെയ്തു എന്നെഴുതുമ്പോൾ സ്വീകരണമുറികൾ മുഴുവൻ തങ്ങളുടെയും മക്കളുടെയും കൊച്ചുമക്കളുടെയും നേട്ടങ്ങൾ കൊത്തിവെയ്ക്കുന്നവരിൽ നിന്നും എന്താണ് തനിക്കുള്ള വ്യത്യാസം എന്ന് വായനക്കാർ ചിന്തിക്കണം എന്ന് പറയാതെ പറയുകയാണ് അദ്ദേഹം ചെയ്തത് .

''കാരണമൊന്നുമില്ലാതെ അപമാനം ഏറ്റുവാങ്ങാനുള്ള ചോരയും നീരും വറ്റിപ്പോയ ഉണക്ക ശരീരങ്ങളായിരുന്നു അന്ന് ഞങ്ങൾ. സാമ്പത്തിക ആശ്രിതത്വത്തിൽ നിന്നും ഭയം രൂപപ്പെടുന്നു. ഭക്ഷണത്തിനു മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ അത് മറ്റു പലതരത്തിലുമുള്ള ആശ്രിതത്വങ്ങളുണ്ടാക്കുന്നു. അപ്പോൾ ചുറ്റുപാടുകളെയെല്ലാം പേടിക്കാൻ തുടങ്ങും. സ്വന്തം നിഴൽ തന്റേതല്ല എന്നൊരു അന്യതാബോധം പോലുമുണ്ടാകും'' എന്ന് എതിരിൽ കുഞ്ഞാമൻ അദ്ദേഹത്തിന്റെ ആത്മകഥ ആയിരുന്നില്ല എഴുതിയത്, മറിച്ച് താനുൾപ്പെട്ട സമുദായത്തിന്‍റെ കൂടി ആത്മകഥ ആയിരുന്നു. അടിച്ചവനെ തിരിച്ചടിക്കണം എന്നതാണ് കമ്യൂണിസമെന്ന് പാണ സഖാക്കൾക്ക് പാർട്ടി ക്ളാസ്സെടുക്കുന്ന നാട്ടിലെ തമ്പുരാൻ സഖാവിനോട് ''തമ്പുരാൻ തല്ലിയാലോ'' എന്ന് കുഞ്ഞാമൻ ചോദിക്കുമ്പോൾ'', അൽപ്പനേരം തൻ്റെ മുഖത്തേക്ക് നോക്കിയതിനു ശേഷം ''തമ്പുരാനേയും തിരിച്ചടിക്കാം'' എന്നയാൾ പറഞ്ഞുവെന്ന് ഓർക്കുന്ന കുഞ്ഞാമൻ ആരെയും തിരിച്ചടിച്ചില്ലെങ്കിലും മരിക്കുന്നത് വരെ ആരുടെ മുൻപിലും തലകുനിക്കാതെയാണ് ജീവിച്ചത് എന്നത് തിരിച്ചടിക്കാനുള്ള കരുത്ത് അദ്ദേഹത്തിന്റെ മനസ്സിന് ഉണ്ടായിരുന്നു എന്നാണ് കാണിക്കുന്നത്.

തിരുവനന്തപുരത്ത് ഡോക്ടറേറ്റിന് ചേർന്നപ്പോൾ തന്‍റെ ഗൈഡായ കെ.എൻ രാജിനോട് നിരന്തരം തർക്കിക്കുക എന്നത് കുഞ്ഞാമന്റെ ശീലമായിരുന്നു. ഒരിക്കൽ രാജിന്‍റെ മുഖത്ത് നോക്കി ''താങ്കൾ ബ്രിട്ടീഷ് ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്നു, നിങ്ങളെ പോലുള്ളവരുടെ അടികൊണ്ട് വന്നവരാണ്. താങ്കൾ എന്‍റെ സ്ഥാനത്ത് ആയിരുന്നുവെങ്കിൽ സ്‌കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്'' എന്ന് പറയാൻ കുഞ്ഞാമൻ കാണിച്ച ആർജ്ജവം തന്റേടത്തെക്കാൾ ഉപരി യുക്തിഭദ്രമായി മെറിറ്റ് എന്ന വ്യാജ നിർമ്മിതിയെ ചോദ്യം ചെയ്യുകയായിരുന്നു.

കുഞ്ഞാമൻ ഒരിക്കലും വ്യക്തിപൂജ ചെയ്യുന്ന ആളായിരുന്നില്ല. എല്ലാക്കാലത്തും ബൗദ്ധിക സത്യസന്ധത പുലർത്തുകയും പിൻവാതിലിൽ കൂടി എവിടെങ്കിലും കയറി പറ്റാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന് കുട്ടിക്കാലം മുതൽക്കേ ഉള്ള ശീലമായിരുന്നു. പരീക്ഷയിലും അഭിമുഖത്തിലും ഒന്നാം റാങ്ക് കിട്ടിയിട്ടും കേരള സർവകലാശാല അദ്ദേഹത്തിന് ജോലി നിഷേധിച്ചു. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയെ കാണാൻ ചെന്നപ്പോൾ ''ഞാൻ തനിക്ക് ജോലി തരാൻ ഇരിക്കുകയാണോ'' എന്നാണ് ചോദിച്ചത്. ആദർശം ഹൃദയത്തിലും പ്രവർത്തിയിലും ആണ് വേണ്ടതെന്ന വലിയ പാഠമാണ് കുഞ്ഞാമൻ അന്ന് പഠിച്ചത്. ഞാൻ വന്നത് മുഖ്യമന്ത്രിയെ കാണാനാണ് എന്ന് മറുപടി പറഞ്ഞ കുഞ്ഞാമന്റെ തന്നെ പ്രതിരൂപമാണ് ''ഞാനും പൗരനാണ്'' എന്ന് പറയുന്ന വിനായകന്മാർ. ഒടുവിൽ ഒന്നാം റാങ്കുകാരനായ കുഞ്ഞാമനെ ഒരു തസ്തിക പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ട് അതിലാണ് സർവകലാശാല നിയമിച്ചത്. പത്മനാഭദാസന്മാർ മറ്റെന്താണ് ചെയ്യുക. ചണ്ഡാളൻ എല്ലാക്കാലവും സിംഹാസനത്തിനു പുറകിൽ കൂടിമാത്രം വന്നാൽ മതിയെന്ന അലിഖിത നിയമമാണ് സർവകലാശാല പാലിച്ചത് എന്നാണ് കുഞ്ഞാമൻ എതിരിൽ കുറിച്ചത്.

എതിരിൽ ഒരിടത്ത് അദ്ദേഹം പറയുന്നു ''ഞാൻ വ്യക്തിഗതമായ രീതിയിൽ കാര്യങ്ങളെ കാണുന്നയാളാണ്. കാരണം, സാമൂഹിക സന്ദർഭമാണ് നമ്മളെ രൂപപ്പെടുത്തുന്നത്. **നല്ല ഭക്ഷണവും ജീവിത സൗകര്യങ്ങളും ഉണ്ടെങ്കിൽ ആർക്കും ആർജിക്കാവുന്നതേയുള്ളൂ അറിവ് എന്നത്. വിജ്ഞാനം ഉണ്ടായിട്ട് കാര്യമില്ല. അത് നിങ്ങളുടെ ചിന്തകളെയും പ്രവർത്തികളെയും മാറ്റുന്നുണ്ടോ എന്ന മില്യൺ ഡോളർ ചോദ്യമാണ് കുഞ്ഞാമൻ എതിരിൽ ഉടനീളം ഉയർത്തുന്നത്. ഒരിക്കൽ തന്നെ വന്നു കാണണം എന്ന് പറഞ്ഞ ജി. സുധാകരന്റെ സഹായിയോട് ''എനിക്കിപ്പോൾ സുധാകരനെ കാണേണ്ട ആവശ്യമില്ല, അങ്ങനെ എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞാൻ വരും. അദ്ദേഹത്തിന് എന്നെ കാണേണ്ട ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ട് വരികയാണ് വേണ്ടത്''എന്നാണ് കുഞ്ഞാമൻ പറഞ്ഞത്. ജാതി തന്‍റെ സമുദായ ജീനിൽ ഉണ്ടാക്കിയ പേടിയുടെ അംശങ്ങളെ ഓരോന്നായി അദ്ദേഹം കൊഴിച്ചുകളയുകയായിരുന്നു. എതിരിന് സർക്കാർ കൊടുത്ത അംഗീകാരം പോലും ഒരു ഭാരമായി കരുതി പേറാൻ വയ്യെന്ന് പറഞ്ഞപ്പോഴും ''എന്നെ കുഞ്ഞാമൻ എന്ന് വിളിക്കണം'' എന്നുപറഞ്ഞ പത്ത് വയസ്സുകാരൻ അദ്ദേഹത്തിൽ ഉണ്ടായിരുന്നു.

കേരള യൂനിവേഴ്‌സിറ്റിയിൽ നിന്നും മഹാരാഷ്ട്രയിലെ തുൽജാപ്പൂരിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യുട്ടിൽ അധ്യാപകനായി ചെന്നപ്പോൾ ആദ്യമായി കുട്ടികളോട് കുഞ്ഞാമൻ പറഞ്ഞത്'' ഞാൻ ആരെയും ബഹുമാനിക്കാത്ത ആളാണ് .എന്നെ നിങ്ങളും ബഹുമാനിക്കരുത്. അത് എനിക്കിഷ്ടമല്ല. ബഹുമാനം അച്ചടക്കം വിധേയത്വം ഇവയെല്ലാം ഫ്യൂഡൽ മൂല്യങ്ങളാണ്. എന്നെയും എന്നെ പോലുള്ളവരെയും അടിച്ചമർത്തി കീഴാളരായി നിലനിർത്തിയ മൂല്യങ്ങളാണിവ. നിങ്ങൾ ആരെയും ബഹുമാനിക്കരുത് എന്ന് ഞാൻ പറയില്ല. ഏതായാലും എന്നെ വേണ്ട, നിങ്ങൾക്ക് ഒരു റോൾ മോഡൽ പാടില്ല. മറ്റുള്ളവരെ നോക്കി നിങ്ങളെ രൂപപ്പെടുത്താൻ ശ്രമിച്ചാൽ അപകർഷതാബോധമായിരിക്കും അവശേഷിക്കുക''. നമ്മൾ നമ്മളായി വളരണം അല്ലാതെ മറ്റുള്ളവരുടെ സ്വപ്നങ്ങൾ കൊണ്ട് ചിറക് മുളക്കുന്ന പുഴുക്കൾ ആകരുതെന്നാണ് കുഞ്ഞാമൻ കുട്ടികളോട് പറഞ്ഞത്.

സ്വന്തം ചിറകിൽ വേണം നമ്മൾ പറക്കേണ്ടത്. ജീവിതകാലം മുഴുവൻ സ്വന്തം ചിറകുകളിൽ പറന്നവനായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിന്റെ ഏതോ കോണിലേക്ക് സ്വന്തം ചിറകിൽ, തലയുയർത്തി അദ്ദേഹം പറന്നുപോയിരിക്കുന്നു എന്ന് കരുതാനാണ് എനിക്കിഷ്ടം. ഓരോ ക്ലാസ് മുറികളിലും ജാതി പിശാചുക്കളെ പേടിച്ച്, ഒന്ന് തലയുയർത്തി നോക്കാനോ ചിരിക്കാനോ പോലുമാകാതെ ജീവിച്ച എത്രയോ മനുഷ്യരിലേക്ക് ആത്മവിശ്വാസത്തിന്‍റെ ഊർജ്ജം പകർന്ന കുഞ്ഞാമൻ സാർ ഈ ലോകം വിട്ടുപോയെന്ന് ഞാൻ കരുതുന്നില്ല. മരണം ശരീരത്തിന് മാത്രമാണ്. ഒരു മനുഷ്യൻ മുന്നോട്ടുവെച്ച ആശയങ്ങളും നിലപാടുകളും പ്രവർത്തികളും മരിക്കില്ലൊരിക്കലും...

Tags:    
News Summary - Memoir about Dr M Kunjaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.