'ആ സ്നേഹത്തിന്റെ മുൻപിൽ എങ്ങനെയാണ് കീഴടങ്ങാതെയിരിക്കുക'

മരണത്തിൽ ഞെട്ടി എന്നത് പത്രങ്ങൾ ഉപയോഗിച്ച് തേഞ്ഞു പോയ വാക്കാണ്. പക്ഷേ ഇന്ന് മാധ്യമത്തിലെ റിട്ടയർ ചെയ്തവരുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ അസ്സയിൻ കാരന്തൂർ മരിച്ചു എന്നു വായിച്ചപ്പോൾ സ്തംഭിച്ചു പോയി. മൂന്നു പതിറ്റാണ്ടു ഒരേ സ്ഥാപനത്തിൽ കഴിഞ്ഞവരാണ് ഞങ്ങൾ. പത്രം ജീവിതമാക്കിയ ആളായിരുന്നു അസ്സയിൻ. വാർത്തകളായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതിനിടയിൽ ജീവിക്കാൻ മറന്നു പോയി.

1987 ജൂണിൽ മാധ്യമം തുടങ്ങുന്നതിനു മുൻപേ അവിടെ എത്തിയ ആളായിരുന്നു അസ്സയിൻ. അതിനും രണ്ടു മൂന്നു വർഷം മുൻപ് ഞങ്ങൾ തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു. ഞാൻ ജോലി ചെയ്‌തിരുന്ന കാലിക്കറ്റ് ടൈംസ് പത്രത്തിൽ കൊടുക്കാൻ സ്പോർട്സ് ലേഖനങ്ങളുമായി വിംസിയെ കാണാൻ കമ്മത് ലൈനിലെ ഓഫിസിൽ അസ്സയിൻ വരുമായിരുന്നു. അന്ന് സ്പോർട്സ് എഴുതാറുണ്ടായിരുന്ന അസ്സയിൻ മാധ്യമത്തിൽ ജോലി തുടങ്ങിയ ശേഷം വ്യക്തിഗത എഴുത്ത് പൂർണമായും നിർത്തി.

മറ്റുള്ളവർ എഴുതുന്നവ എഡിറ്റ് ചെയ്തു ഭംഗിയാക്കിയും പേജുകൾ ലേയൗട്ട് ചെയ്തും അദ്ദേഹം സ്ഥാപനത്തിനകത്തു ഒതുങ്ങി ജീവിച്ചു. പത്രപ്രവർത്തകൻ എന്ന നിലയിൽ പേരെടുക്കണമെന്നൊന്നും അസ്സയിനുണ്ടായിരുന്നില്ല. നൂറു കണക്കിന് മിടുക്കന്മാരായ ജേർണലിസ്റ്റുകളെ അദ്ദേഹം വളർത്തിയെടുത്തു. മാധ്യമത്തിന്റെ ഡെസ്കിൽ ഓഫും ലീവും എടുക്കാതെ രാപ്പകൽ ജോലി ചെയ്തു . പൊതുസമൂഹം വായിക്കുന്ന പത്രമായി മാധ്യമത്തെ വളർത്തിയെടുക്കുന്നതിൽ അസ്സയിനോളം കഠിനാധ്വാനം ചെയ്ത മറ്റൊരാളില്ല.

പത്രത്തിൽ തെറ്റ് വന്നാൽ അത് ആരുടെയും തലയിൽ ഇടാതെ സ്വയം ഏറ്റെടുക്കുന്ന പ്രകൃതമായിരുന്നു അസ്സയിന്റേത്. തലക്കെട്ട് മാറിപ്പോകൽ, മരിച്ചയാളുടെ പടം മാറൽ, വസ്തുതാപരമായ പിശകുകൾ തുടങ്ങി തെറ്റുകളും പരാതികളും ഇല്ലാത്ത ദിവസങ്ങൾ ആദ്യ കാലങ്ങളിൽ കുറവായിരുന്നു. വൈകുന്നേരം എഡിറ്റർ ഒ. അബ്‌ദുറഹ്‌മാൻ സാഹിബും അസ്സോസിയേറ്റ് എഡിറ്റർ ഒ. അബ്ദുല്ല സാഹിബും ഓഫീസിലെത്തിയാൽ അവരുടെ ആദ്യ ജോലി അസ്സയിനെ ക്യാബിനിൽ വിളിച്ചു വിചാരണ ചെയ്യലാണ്. അന്ന് പരാതിക്കിടയായ വിഷയത്തിൽ ആരാണ് ഉത്തരവാദി എന്നാണ് അവർക്കറിയേണ്ടത്. ആരാണ് അസ്സയിനേ ഇത് ചെയ്തത് ? അവർ ആവർത്തിച്ച് ചോദിക്കുമ്പോഴും ആട്ടുകല്ലിനു കാറ്റുപിടിച്ച പോലെ അസ്സയിൻ മിണ്ടാതെ നിൽക്കും.

ഇവരെ രണ്ടു പേരെയും കബളിപ്പിച്ചു പത്രത്തിൽ വാർത്ത കൊടുക്കാൻ അസ്സയിൻ ഒരു മടിയും കാണിച്ചിരുന്നില്ല. ഞാൻ കോഴിക്കോട് ബ്യുറോയിൽ ജോലി ചെയ്തിരുന്ന കാലത്തു ചില വിവാദ വാർത്തകളെ കുറിച്ച് കാലത്തു സംസാരിക്കുമ്പോൾ അത് ഷെഡ്യുളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു അസ്സയിൻ പറയും. രാത്രി എഡിറ്റർമാർ പോയ ശേഷമേ അത് ഓഫിസിലേക്കയക്കൂ. പിറ്റേന്ന് ഒന്നാം പേജിൽ പ്രാധാന്യത്തോടെ അതച്ചടിച്ചു വരും. ഇത്തരത്തിൽ മറ്റു പത്രങ്ങൾ തമസ്‌കരിക്കുന്ന വാർത്തകൾ പ്രസിദ്ധപ്പെടുത്തിയാണ് മാധ്യമം വാർത്താ ലോകത്തു വഴിത്തിരിവായത്. ഇന്നു പത്രങ്ങൾ മൊത്തത്തിൽ അനുഭവിക്കുന്ന മാർക്കറ്റിങ് സമ്മർദ്ദങ്ങൾ അന്നുണ്ടായിരുന്നില്ല. അഥവാ, അതിനു വഴിപ്പെടാറുണ്ടായിരുന്നില്ല.


മാധ്യമത്തിനപ്പുറം ഒരു ലോകം അസ്സയിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വീടും കുടുംബവുമൊന്നും ശ്രദ്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിന്റെ പേരിൽ നിരന്തരം ഞങ്ങൾ , സുഹൃത്തുക്കൾ കുറ്റപ്പെടുത്തുമായിരുന്നു. അതിനൊരു പ്രയോജനവും ഒരുകാലത്തും ഉണ്ടായിട്ടില്ല. റിട്ടയർമെന്റിനു ശേഷം മാധ്യമം ഏറ്റവും കൂടുതൽ കാലം കോൺട്രാക്ട് നൽകിയത് അസൈന് മാത്രമാണ്. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കണ്ടതില്ലെന്നു മാനേജ്‌മെന്റ് തീരുമാനിച്ചു.

കാരന്തൂരിനും വെള്ളിമാടുകുന്നിനും അപ്പുറത്തുള്ള ലോകം മറന്നു പോയ അസ്സയിൻ മാധ്യമത്തിൽ വരാതെ എങ്ങിനെ കഴിയും എന്നതു ഞങ്ങളെ അലട്ടിയ വിഷയമായിരുന്നു. എഡിറ്റർ ഒ. അബ്ദുറഹ്മാൻ സാഹിബിനെ കണ്ടു അസ്സയിൻറെ കോൺട്രാക്ട് പുതുക്കണമെന്നാവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങളിലൊന്നു റിട്ടയർ ചെയ്തവരെ കോൺട്രാക്ടിൽ നിയമിക്കുന്നതിനെതിരെ യൂണിയൻ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ്. ജേർണലിസ്റ്റ് യൂണിയൻ എന്തായലും അസ്സയിന്റെ കാര്യത്തിൽ പ്രതിഷേധിക്കില്ലെന്നു അന്നു യൂണിയൻ പ്രസിഡണ്ട് കൂടിയായ ഞാൻ ഉറപ്പു നൽകി.

അടുത്ത മാനേജ്‌മെന്റ് യോഗത്തിൽ ഒരു ശ്രമം നടത്തി നോക്കാം എന്ന് എഡിറ്റർ ഉറപ്പു നൽകി. മാനേജ്‌മെന്റ് യോഗം കഴിഞ്ഞ ശേഷം നേരേ എന്റെ സീറ്റിലേക്ക് വന്ന അബ്‌ദുറഹ്‌മാൻ സാഹിബ്, ദൗത്യം വിജയിച്ചു, അസ്സയിൻ ഇപ്പോൾ പോകുന്നില്ല എന്നറിയിച്ചു.

എഡിറ്ററുടെ മുഖത്തു അപ്പോൾ കണ്ട സന്തോഷം ഞങ്ങളേക്കാൾ അത് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നു വെളിപ്പെടുത്തുന്നതായിരുന്നു. ഏതാനും വർഷങ്ങൾ കൂടി മാധ്യമത്തിൽ തുടർന്ന അസ്സയിൻ, അവിടെ നിന്ന് പിരിഞ്ഞ ശേഷം തൽസമയം പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. .

ഓഫോ ലീവോ എടുക്കാത്ത അസ്സയിൻ പത്രത്തിന് അവധി നൽകരുതെന്ന അഭിപ്രായക്കാരനായിരുന്നു. 365 ദിവസവും പത്ര സ്ഥാപനം പ്രവർത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയായാലല്ലേ 365 ദിവസവും ഓഫിസിൽ വരാൻ പറ്റൂ. അവധി ദിനങ്ങൾ അദ്ദേഹത്തിന് അസഹനീയമായിരുന്നു. ഞങ്ങൾ തമ്മിൽ പലപ്പോഴും പിണങ്ങിയിട്ടുള്ളത് ഞാൻ മദർ ഡെസ്കിൽ ജോലി ചെയ്തിരുന്ന കാലത്തു ഓഫിസിൽ ആളില്ല, ഓഫ് റദ്ദാക്കി വരണം എന്ന് അറ്റൻഡർമാരുടെ കയ്യിൽ അദ്ദേഹം കുറിപ്പ് കൊടുത്തു വിടുന്നതിന്റെ പേരിലായിരുന്നു.

എന്റെ വിവാഹ തലേന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാർത്ത വന്ന ഉടനെ അദ്ദേഹം കുറിപ്പ് കൊടുത്തു വിടുകയും ഞാൻ ഓഫിസിൽ എത്തുകയും ചെയ്തു. അസ്സയിന്റെ കുറിപ്പുമായി വീട്ടിൽ വരരുതെന്ന് ഒടുവിൽ അറ്റൻഡർമാരോട് പറയാൻ ഞാൻ നിർബന്ധിതനായി. അങ്ങിനെ അറ്റൻഡർമാർ പോകാൻ തയ്യാറാകാതിരുന്നപ്പോൾ അസ്സയിൻ നേരിട്ട് വന്നു. എടോ, ആളില്ല, നീ ഒന്ന് വന്നിട്ട് ഫസ്റ്റ് എഡിഷൻ നോക്കിയിട്ടു പൊയ്ക്കോ... ആ സ്നേഹത്തിന്റെ മുൻപിൽ എങ്ങിനെയാണ് കീഴടങ്ങാതെയിരിക്കുക ! ഓഫിസിന്റെ അടുത്തുള്ള താമസം ഒഴിവാക്കാൻ തീരുമാനിച്ചത് അങ്ങിനെയാണ്.

പാല് വാങ്ങിക്കാൻ പോയ അസ്സയിൻ കുഴഞ്ഞു വീണു മരിച്ചു എന്നാണ് കാലത്തു കിട്ടിയ വിവരം. അത്യപൂർവം ആളുകൾക്കേ ഇങ്ങിനെ മരിക്കാൻ കഴിയൂ. വലിയ മനസുള്ളവർക്ക്. വിശാലമായ ഹൃദയം ഉള്ളവർക്ക്. രോഗം വന്നു കിടക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു യാത്ര. ഒരാഴ്‌ച മുൻപ് വിളിച്ചപ്പോൾ നഗരത്തിൽ വെച്ച് കാണാമെന്നു പറഞ്ഞിരുന്നു. കോവിഡ് വന്ന ശേഷം ഒന്നോ രണ്ടോ തവണയാണ് നേരിൽ കണ്ടത്. പലപ്പോഴും ആലോചിച്ചിട്ടുണ്ട്., ഇതെന്തൊരു ജനുസ്സാണ്. ആർക്കെല്ലാമോ വേണ്ടി ഉരുകിത്തീർന്ന മെഴുകുതിരി. 

Tags:    
News Summary - 'How can you not surrender to that love'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.