ഡെസ്മണ്ട് ടുട്ടുവും നെൽസൺ മണ്ടേലയും

നീ​തി​ബോ​ധ​ത്തി​​​ന്‍റെ ശ​ബ്​​ദം എ​ന്ന് അന്തരിച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ആ​ർ​ച്ച്​​ബി​ഷ​പ്​ ഡെ​സ്​​മ​ണ്ട്​ ടു​ട്ടുവിനെ വിശേഷിപ്പിച്ചത് സാക്ഷാൽ നെ​ൽ​സ​ൺ മ​ണ്ടേ​ലയാണ്. മണ്ടേല കഴിഞ്ഞാൽ കറുത്ത വർഗ്ഗക്കാർക്കായുള്ള പോരാട്ടത്തിൽ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്‌മണ്ട് ടുട്ടുവിന്‍റേത് ആയിരുന്നു. ദക്ഷിണാഫ്രിക്കയെ വിമോചനത്തിലേക്ക് കൊണ്ടുവന്ന പോരാളിയാണ് വിടവാങ്ങിയതെന്നായിരുന്നു ടുട്ടുവിന്‍റെ മരണവിവരം പുറത്തുവിട്ടുകൊണ്ട് പ്രസിഡന്‍റ് സിറിൽ റാംഫോസെ അനുസ്മരിച്ചത്.

1931 ഒക്ടോബർ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. സഖറിയ സിലിലിയോ ടുട്ടുവിന്‍റേയും, ഭാര്യ അലെറ്റായുടേയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ഡെസ്മണ്ട്.

വിദ്യാഭ്യാസകാലത്ത് ഒരു ഡോക്ടറായിത്തീരാനായിരുന്നു ഡെസ്മണ്ട് ആഗ്രഹിച്ചിരുന്നതെങ്കിലും, കുടുംബത്തിലെ സാഹചര്യങ്ങൾ അതിന് അനുകൂലമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ ഡെസ്മണ്ട് പിതാവിനെ പോലെ ഒരു അധ്യാപകനായി തീരാൻ തീരുമാനിച്ചു. വർണ്ണവിവേചനത്തിന്‍റെ എല്ലാ ദൂഷ്യവശങ്ങളുടേയും നടുവിലായിരുന്നു ഡെസ്മണ്ടിന്‍റേയും ജീവിതം.




 

പ്രിട്ടോറിയ ബന്ദു കോളജിലാണ് ഡെസ്മണ്ട് ഉപരിപഠനത്തിനായി ചേർന്നത്. അതോടൊപ്പം തന്നെ ജോഹന്നസ്ബർഗിലുള്ള ഒരു സ്കൂളിൽ അധ്യാപകനായും ജോലിക്കുചേർന്നു. പിന്നീട് അധ്യാപകജോലി രാജിവെക്കുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. 1960ൽ ജോഹന്നസ്ബർഗിലെ സെന്‍റ് പീറ്റേഴ്സ് കോളജിൽ നിന്നും ദൈവികശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം പുരോഹിതനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

1976ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന സൊവേറ്റോ കലാപത്തോടെയാണ് വർണ്ണവിവേചനത്തിനെതിരേയുള്ള സമരത്തിൽ പങ്കാളിയാവാൻ ഡെസ്മണ്ട് തീരുമാനിച്ചത്. 1976 മുതൽ 1978 വരെ സൗത്ത് ആഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസിന്‍റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രൈസ്തവദേവാലയങ്ങളുടെ ഈ കൗൺസിലിന്‍റെ സെക്രട്ടറി ജനറൽ എന്ന സ്ഥാനം ഉപയോഗിച്ച് അദ്ദേഹം വർണ്ണവിവേചനത്തിനെതിരേ പോരാടാൻ തീരുമാനിച്ചു. തന്‍റെ പ്രസംഗങ്ങളിലൂടെയും രചനകളിലൂടേയും ഡെസ്മണ്ട് ഈ ദേശീയവിപത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. വർണ്ണവിവേചനത്തിനായുള്ള പോരാട്ടാത്തിൽ ഒരുമിച്ചു പങ്കാളികളാകാൻ ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലെ എല്ലാ രാഷ്ട്രീയപാർട്ടികളോടും ആഹ്വാനം ചെയ്യുമായിരുന്നു.



ഡെസ്മണ്ട് ടുട്ടു ദലൈ ലാമയോടൊപ്പം

 

കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം, അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്താൻ എന്നും തന്‍റെ ഉന്നതപദവി ഉപയോഗപ്പെടുത്തി. ദാരിദ്ര്യം, എയ്‌ഡ്‌സ്‌, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ടായി. 1984ലാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം ഡെസ്മണ്ട് ടുട്ടുവിനെ തേടിയെത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാനജേതാവാണ്‌ അദ്ദേഹം.

വർണവിവേചനത്തിനെതിരായി സധൈര്യം ശബ്ദമുയർത്തിയ ആംഗ്ലിക്കൻ ബിഷപ്പായിരുന്ന ട്രെവർ ഹഡിൽസ്റ്റന്‍റെ ജീവിതം ടുട്ടുവിനെ ഏറെ സ്വാധീനിച്ചിരുന്നു. നൊബേൽ സമ്മാനം നേടിയ വേളയിൽ ആർച്ച്ബിഷപ് ഹഡിൽസ്റ്റൺ തനിക്ക് കാട്ടിത്തന്ന മാതൃകയെക്കുറിച്ച് ഡെസ്മണ്ട് ടുട്ടു പറഞ്ഞിരുന്നു. ആർച്ച്ബിഷപ് ടുട്ടുവിന് അന്ന് ഒൻപതുവയസ് പ്രായം. ടുട്ടു തന്‍റെ അമ്മയോടൊപ്പം ഒരു റോഡിന് സൈഡിലുള്ള നടപ്പാതയിലൂടെ നടന്നുപോവുകയാണ്. അപ്പോൾ നടപ്പാതയുടെ എതിർസൈഡിൽനിന്നു നടന്നുവന്നിരുന്നതു കറുത്ത കുപ്പായം ധരിച്ച പൊക്കംകൂടിയ ഒരു വെള്ളക്കാരനായിരുന്നു. വർണവിവേചനം നിലനിന്നിരുന്ന അക്കാലത്തെ രീതി അനുസരിച്ച് കറുത്ത വർഗക്കാർ വെള്ളക്കാർക്കു വഴിമാറിക്കൊടുക്കേണ്ടിയിരുന്നു. എന്നു മാത്രമല്ല, വെള്ളക്കാരുടെ മുമ്പിൽ തലകുനിച്ച് ആദരവ് പ്രകടിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു.

എന്നാൽ ടുട്ടുവും ടുട്ടുവിന്‍റെ അമ്മയും വഴിമാറിക്കൊടുക്കുന്നതിനു മുമ്പ് അതിവേഗം വെള്ളക്കാരനായ ആ മനുഷ്യൻ സൈഡിലേക്കു മാറിനിന്ന് അവർക്കു വഴികൊടുത്തു. എന്നുമാത്രമല്ല, തന്‍റെ തൊപ്പി അല്പം ഉയർത്തി കറുത്തവംശജരായ ടുടുവിന്‍റെ അമ്മയോടും ടുട്ടുവിനോടും ആ വെള്ളക്കാരൻ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.



(2005ലെ ഗാന്ധി സമാധാന പുരസ്കാരം ഡെസ്മണ്ട് ടുട്ടുവിന് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം സമ്മാനിക്കുന്നു)

 

ആ വെള്ളക്കാരൻ ട്രെവർ ഹഡിൽസ്റ്റൺ എന്ന ആംഗ്ലിക്കൻ പുരോഹിതനായിരുന്നു. തങ്ങൾക്കു വഴിമാറിത്തന്നത് അദ്ദേഹം ഒരു 'ദൈവത്തിന്‍റെ മനുഷ്യൻ' ആയതുകൊണ്ടാണെന്നു ടുട്ടുവിന്‍റെ അമ്മ വിശദീകരിച്ചുകൊടുത്തു. അപ്പോൾ ടുട്ടുവിന്‍റെ മനസിൽ ഒരു ആഗ്രഹം മുളച്ചുപൊന്തി. വെള്ളക്കാരനായ ആ മനുഷ്യനെപ്പോലെ ദൈവത്തിന്‍റെ ഒരു മനുഷ്യൻ ആയിത്തീരണമെന്നതായിരുന്നു ടുട്ടുവിന്‍റെ ആഗ്രഹം. വർണവിവേചനത്തിനെതിരായി അദ്ദേഹം ചെയ്യുന്ന സേവനങ്ങളും അമ്മ ടുട്ടുവിനു വിശദീകരിച്ചുകൊടുത്തു. അങ്ങനെയാണ് ടുട്ടു വർണവിവേചനത്തിനെതിരായ പോരാട്ടവും തന്‍റെ ജീവിത ദൗത്യമാക്കി മാറ്റിയത്. 

Tags:    
News Summary - Desmond Tutu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.