ദമ്മാമിൽ കുഴഞ്ഞുവീണു മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
ദമ്മാം: കാൽനൂറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കഴിയാനായി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ ദമ്മാമിൽ കുഴഞ്ഞുവീണ് മരിച്ച കൊല്ലം വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേഷിന്റെ (51) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
സെപ്റ്റംബർ 18നാണ് സുരേഷ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ദമ്മാമിൽ മലയാളിയായ തൊഴിലുടമയുടെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷ്. പിന്നീട് തൊഴിൽസ്ഥാപനം മാറിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി എക്സിറ്റ് നേടിയിരുന്നു. എന്നാൽ, മുൻ തൊഴിലുടമ പാസ്പോർട്ട് തിരികെ നൽകാതെ കൈവശം വെച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ കരുനാഗപ്പള്ളി മുഖേന പാസ്പോർട്ട് തിരികെ ലഭിക്കുന്നതിനായി മുൻ തൊഴിലുടമയെ സമീപിച്ചെങ്കിലും പാസ്പോർട്ട് തന്റെ കൈവശമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുടുംബം പറയുന്നു.
ചില സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ദമ്മാമിൽ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. പ്രശ്ന പരിഹാരത്തിനായി പലതവണ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനിടെ എക്സിറ്റ് കാലാവധി അവസാനിക്കാറായതും പാസ്പോർട്ട് ലഭിക്കാത്തതും സുരേഷിനെ കടുത്ത ആശങ്കയിലാക്കിയിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
എക്സിറ്റ് കാലാവധി അവസാനിക്കുന്ന ദിവസം സുരേഷ് കുഴഞ്ഞുവീഴുകയും തുടർന്ന് മരണപ്പെടുകയും ചെയ്തതായി കുടുംബം അറിയിച്ചു. മരണശേഷമാണ് മുൻ തൊഴിലുടമ പാസ്പോർട്ട് കൈമാറിയതെന്നും കുടുംബം ആരോപിക്കുന്നു.
ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും സഹായത്തോടെ സുരേഷിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് ചൊവ്വാഴ്ചയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. സംഭവത്തിലെ മുഴുവൻ സാഹചര്യങ്ങളും അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നീതി ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇന്ത്യൻ എംബസി, നോർക്ക, സംസ്ഥാന സർക്കാർ എന്നിവരുടെ സഹായത്തോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.