സ്വത്ത് തർക്കം; രണ്ടാനച്ഛൻ ആസിഡ് ഒഴിച്ച് പരിക്കേറ്റയാൾ മരിച്ചു

പേരാവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് ആസിഡ് ആക്രമണത്തിനിരയായയാൾ മരിച്ചു. രണ്ടാനച്ഛൻ്റെ ആക്രമണത്തിൽ പരിക്കേറ്റ മണത്തണ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാൽ വീട്ടിൽ ബിജു ചാക്കോ ( 50 ) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 

ഒക്ടോബർ 29-നാണ് ബിജു അക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയ മങ്കുഴി ജോസിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.ആസിഡ് ആക്രമണത്തിൽ ബിജുവിന്‍റെ മുഖത്തും ശരീരത്തിലും മാരകമായി പൊള്ളലേറ്റു. ആസിഡ് ഒഴിച്ചതിന് പുറമെ ജോസ് ബിജുവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മണത്തണയിലെ കുളത്തിൽ കുളിക്കാൻ എത്തിയ ബിജുവിനെ ആക്രമിക്കാൻ ബക്കറ്റിൽ ആസിഡുമായി ജോസ് കാത്തു നിൽക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ജീപ്പിൽ വരികയായിരുന്ന ബിജുവിനെ തടഞ്ഞു നിർത്തി പൊടുന്നനെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

പ്രാണരക്ഷാർത്ഥം സ്വന്തം വീടിന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ജോസ് പിന്തുടർന്ന് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തെയും ജോസ് തടഞ്ഞു. കൂടുതൽ പേർ സംഭവ സ്ഥലത്ത് എത്തിയതോടെ ഓടി രക്ഷപ്പെട്ട ജോസിനെ പിന്നീട് മടപ്പുരച്ചാൽ റോഡിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

കുടുംബ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ പ്രദേശത്തെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ശ്രമം നടത്തിയിരുന്നെങ്കിലും  പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .

പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു. ഭാര്യ: ഷെൽമ. മകൻ: ലിയോ. സഹോദരങ്ങൾ: ബിന്ദു, ബിനു, ലിജോ. സംസ്കാരം പിന്നീട്.

Tags:    
News Summary - stepfather poured acid and the wounded man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.