പ്രണയനൈരാശ്യം: യുവ ദമ്പതികളെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

അങ്കമാലി: പ്രണയ നൈരാശ്യത്തെ തുടർന്ന്​ യുവ ദമ്പതികളെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തു. അങ്കമാലി കറുകുറ്റി മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ വീട്ടില്‍ പരേതനായ ശിവദാസന്‍െറ മകന്‍ നിഷിലാണ് ( 30 ) മരിച്ചത്.  അങ്കമാലി പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടില്‍ ഡെയ്മി ( 34 ), ഭാര്യ ഫിഫ ( 28 ) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഇരുവരും അപകടനില തരണം ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ്  സംഭവം. കത്തിയും പെട്രോളുമായി ബൈക്കില്‍ വീട്ടിലത്തെിയപ്പോള്‍ ഡെയ്മിയും ഫിഫയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. അവര്‍ വരുന്നത് വരെ വീടിന് പിറകില്‍ കാത്തിരുന്നു. വളര്‍ത്തു നായക്ക് ഭക്ഷണം കൊടുക്കാന്‍ പിറക് വശത്ത് ചെന്നതോടെ ആദ്യം ഫിഫയെ കുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയത്തെിയതോടെയാണ് ഡെയിമിയേയും കുത്തിയത്. ഫിഫക്ക് കഴുത്തിന് പിറകിലും ഡെയ്മിയുടെ വയറിലുമാണ് കുത്തേറ്റത്.

ചോരവാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ ദമ്പതികള്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. അതോടെയാണ് മുറ്റത്തിറങ്ങി കൈവശം സൂക്ഷിച്ചിരുന്ന പെട്രോള്‍ തലയിലുടെ ഒഴിച്ച് തീകൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ഡെയിമിയുടെ കാറില്‍ കയറി കാര്‍ കത്തിക്കാനും ശ്രമം നടത്തിയെങ്കിലും വിഫലമായി. ദേഹമാസകലം തീപടര്‍ന്ന നിഷിലിന്‍െറ ദേഹത്ത് നാട്ടുകാര്‍ വെള്ളമൊഴിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സന്ധ്യയോടെയാണ് നിഷില്‍ മരിച്ചത്. അവിവാഹിതനാണ്.

രണ്ട് വര്‍ഷം മുമ്പ്  ടൈല്‍ വിരിക്കുന്ന ജോലിക്കത്തെിയതോടെയാണ്  ഡെയ്മിയുടെ കുടുംബവുമായി നിഷില്‍ അടുപ്പത്തിലായത്. വീട് താമസം കഴിഞ്ഞതിന് ശേഷവും ഡെയ്മി  ഇല്ലാത്ത സമയത്ത്  നിഷില്‍ വീട്ടിലത്തെുന്നത് പതിവായി. പലതവണ താക്കീത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അതോടെ ഡെയ്മി അങ്കമാലി സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഒരു മാസം മുമ്പ് നിഷിലിനെ വിളിപ്പിച്ച് പൊലീസ് താക്കീത് നല്‍കി വിട്ടതാണ്. അതിന് ശേഷം  ടൈല്‍ ജോലിയുടെ ബാക്കി നല്‍കാനുള്ള പണത്തെ ചൊല്ലി  വഴക്കുണ്ടാക്കി.  വീട്ടിലത്തെി ബഹളം വെക്കുന്നതും പതിവായിരുന്നുവത്രെ. അതിനിടെയാണ് ചൊവ്വാഴ്ചണ്ടായ അനിഷ്ട സംഭവം. മരിച്ച നിഷില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മരിച്ച നിഷിലിന്‍െറ അമ്മ: രമണി. സഹോദരി: നിമ. 




Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.