ഛായാഗ്രാഹകൻ ഷാജി കുമാറിന്‍റെ മൃതദേഹം എറണാകുളം ഗോകുലം പാർക്കിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നടൻ മോഹൻലാൽ അന്ത്യോപചാരം അർപ്പിക്കുന്നു
ഫ്രെയിമിൽ ഇനി ബാക്കി ആ മാസ് കഥാപാത്രങ്ങൾ...
കൊച്ചി: ഷാജി കുമാർ എന്ന കാമറ മാന്ത്രികൻ കാലയവനികയിൽ മറയുമ്പോൾ ഫ്രെയ്മിൽ ബാക്കിയാവുന്നത് നിരവധി മാസ് കഥാപാത്രങ്ങൾ. മലയാള സിനിമയിൽ ആദ്യമായി 100 കോടി ക്ലബിൽ പുലിമുരുകനെ എത്തിക്കുന്നതിൽ ഷാജി കുമാറിന്‍റെ കാമറ മികവും നിർണായക പങ്ക് വഹിച്ചു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം, സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവ പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. പ്രശസ്‌ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി സിനിമാ ലോകത്തെത്തിയ ഷാജി കുമാറിന്‍റെ ആദ്യ സ്വതന്ത്ര ചലച്ചിത്രം 2001ൽ ജയറാം നായകനായി പുറത്തിറങ്ങിയ ഉത്തമനാണ്. തുടർന്ന് പകൽപ്പൂരം, അമ്മക്കിളിക്കൂട്, വെള്ളിനക്ഷത്രം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. 2005ൽ പുറത്തിറങ്ങിയ ‘നരൻ’, ‘അത്ഭുത ദ്വീപ്’ ഷാജിയുടെ ഗ്രാഫ് പുതിയ ലെവലിൽ എത്തിച്ചു. പിന്നീട് മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് പിന്നിലെ കരുത്തായി മാറുന്ന കാഴ്ചയാണ് മലയാള ചലച്ചിത്ര ലോകം കണ്ടത്.
ഫിലിമിൽ ചിത്രീകരണം ആരംഭിച്ച ഷാജി കുമാർ വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങ്ങിലും തന്റെ അസാമാന്യ സാങ്കേതിക കലാപാടവം സിനിമാ ലോകം ഡിജിറ്റലിലേക്ക് മാറിയപ്പോഴും ആവർത്തിച്ചു. യെസ് യുവർ ഓണർ, മഹാസമുദ്രം, ബാബാ കല്യാണി, ജൂലൈ 4, നസ്രാണി, സൈക്കിൾ, വെറുതെ ഒരു ഭാര്യ, റോബിൻഹുഡ്, റെഡ് ചില്ലീസ്, പോക്കിരി രാജ, ദ കിംഗ് ആൻഡ് ദി കമീഷണർ, മല്ലൂസിംഗ്, സൗണ്ട് തോമ, റിംഗ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി. 2016ൽ പുറത്തിറങ്ങിയ പുലിമുരുകൻ ഷാജി കുമാറിന്‍റെ തലവരതന്നെ മാറ്റി. പിന്നെ ഹിറ്റുകളുടെ നിരതന്നെയുണ്ടായി. രാമലീല, ഒടിയൻ, ചന്ദ്രഗിരി, മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, നൈറ്റ് ഡ്രൈവ് തുടങ്ങി വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി വരെ. 2025ൽ പുറത്തിയ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളെ ഇളക്കി മറിച്ചതിൽ ഷാജി കുമാറിന്‍റെ കാമറ മികവ് വഹിച്ച പങ്ക് ചെറുതല്ല.
ജോഷി, ഷാജി കൈലാസ്, വി.എം. വിനു, എം. പത്മകുമാർ, വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട കാമറാമാനാണ്. പൊന്നാർ ശങ്കർ, മമ്പട്ടിയാൻ, സാഹസം എന്നീ തമിഴ് ചിത്രങ്ങളിലും 2010ൽ പുറത്തിറങ്ങിയ തൂഫാൻ എന്ന ഹിന്ദി ചിത്രത്തിലും കാമറ ചലിപ്പിച്ചു. പുലിമുരുകൻ, തുടരും തുടങ്ങിയ ചിത്രങ്ങളിലെ കാമറ മികവിന് വിവിധ പുരസ്കാരങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.