വിഷ്ണു, അനന്തു

മലയാളികളായ നാവികസേനാ ഉദ്യോഗസ്ഥർ ഭോപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു

ആലപ്പുഴ: കനോയിംഗ്-കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥർ ഭോപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി, രഞ്ജിനി ദമ്പതികളുടെ മകൻ ഐ.എ. അനന്തകൃഷ്ണൻ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ് - ജീജാമോൾ ദമ്പതികളുടെ മകൻ വിഷ്ണു രഘുനാഥ് (ഉണ്ണി - 26) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ഭോപ്പാൽ നേവൽ ബേസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ഇരുവരും മരണപ്പെട്ടു എന്നാണ് നാവികസേനയിൽ നിന്ന് കുടുംബങ്ങൾക്ക് നൽകിയ വിവരം. അനന്തകൃഷ്ണൻ മൂന്ന് മാസം മുമ്പാണ് നേവിയിൽ പെറ്റി ഓഫിസറായി നിയമിതനായത്. 2024ലെ കനോയിംഗ്-കയാക്കിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പുരുഷന്മാരുടെ 5000 മീറ്റർ സിംഗിൽ വിഭാഗം കനോയിംഗിൽ അനന്തകൃഷ്ണനായിരുന്നു ചാമ്പ്യൻ. കേരളം ചരിത്രത്തിൽ ആദ്യമായാണ് ഈ വിഭാഗത്തിൽ വിജയിച്ചത്. ഈ നേട്ടമാണ് നാവികസേനയിലേക്ക് അനന്തകൃഷ്ണന് വഴിതെളിച്ചത്.

ഭോപ്പാലിൽ ഒരു മാസം മുമ്പ് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലടക്കം സ്വർണമെഡൽ നേടിയ വിഷ്ണു രഘുനാഥ് കഴിഞ്ഞ ഒമ്പത് വർഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ്. വിഷ്ണു നെഹ്റുട്രോഫി ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മുൻ തുഴച്ചിൽ താരമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. നാവികസേനയുടെ ആദരവ് അർപ്പിച്ച ശേഷം ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴയിലെ വീടുകളിലെത്തിക്കും. ആലപ്പുഴ സായിയിൽ തുഴച്ചിൽ താരമായ അർ‌ജ്ജുനാണ് അനന്തകൃഷ്ണന്റെ സഹോദരൻ. വിഷ്ണുവിന്റെ സഹോദരി ലക്ഷ്മി.

Tags:    
News Summary - Navy officers die in Bhopal road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.