കട്ടപ്പന: 'റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് മരിച്ചു' എന്നത് മിക്ക ദിവസങ്ങളിലും ചരമപേജിൽ കാണാവുന്ന തലക്കെട്ടാണ്. വാഹനങ്ങളുടെ ടയർ ദേഹത്ത് കയറിയിറങ്ങി പിടഞ്ഞ് മരിക്കുേമ്പാൾ കൂടെയുള്ള ഉറ്റവർക്കും സഹയാത്രികർക്കും നാട്ടുകാർക്കും ചിലേപ്പാൾ ഹതഭാഗ്യരായി കണ്ടുനിൽക്കാനേ കഴിയൂ... മരണം ഏത് സമയത്ത്, എങ്ങനെയൊക്കെ വരുമെന്ന് ആർക്കും പറയാനാവില്ലെങ്കിലും ഇത്തരം ദാരുണാപകടങ്ങളിൽ ചിലത് അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയും.
നിർത്തിയിട്ട വാഹനത്തിനരികിലൂടെ റോഡ് മുറിച്ച് കടക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഓർമിപ്പിക്കുകയാണ് ഇടുക്കി ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ അധ്യാപകനായ ഫൈസൽ മുഹമ്മദ്. കുട്ടിക്കാനത്ത് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവതി പിടഞ്ഞുമരിച്ച അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫൈസലിന്‍റെ കുറിപ്പ്.
ബ്ലൈൻഡ് സ്പോട്ട് ശ്രദ്ധിക്കണം..
ഇന്നലെ വൈകുന്നേരം ഏലപ്പാറയിൽ നിൽക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന റെജി സാറിനെ കണ്ടു...
സാറിന്റെ മുഖം പതിവിൽ കവിഞ്ഞുള്ള ഒരു ഭീതിയിലാണ്. കുട്ടിക്കാനത്ത് ബസ് ശരീരത്തിലൂടെ കയറി പിടയുന്ന യുവതിയുടെ അപകടം നേരിൽ കണ്ടതിന്റെ ഭയപ്പാടിലായിരുന്നു സർ.
കാര്യത്തിലേക്ക് വരാം... കുട്ടിക്കാനത്ത് ബസ്സിറങ്ങിയ യുവതി ആ ബസിന്റെ മുന്നിലൂടെ തന്നെ റോഡിന് മറുവശത്തേക്ക് മുറിച്ചു കടക്കുമ്പോൾ അതറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയും യുവതി വണ്ടിക്കടിയിൽ പെടുകയുമായിരുന്നു.ഫോട്ടോ കടപ്പാട്:wrightstart.co.uk
ആരെ കുറ്റം പറയാനാണ്. ഡ്രൈവർ എന്തു പിഴച്ചു. ഒരു ഡ്രൈവറും ഒരു തവളയുടെ പുറത്തുപോലും വണ്ടി കയറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്.
വലിയ വണ്ടികളുടെ മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരിക്കലും വാഹനത്തോട് ചേർന്ന് റോഡ് മുറിച്ചു കടക്കരുത് എന്നുള്ളതാണ്. വാഹനത്തോട് ചേർന്നുള്ള ആ ഭാഗം 'ബ്ലൈൻഡ് സ്പോട്ട്' ആണ്. ഡ്രൈവറിന് ആ പ്രദേശം കൃത്യമായി കാണാൻ സാധിക്കുകയില്ല. എന്നാൽ കുറച്ചു മുന്നോട്ട് മാറിയാണ് നമ്മൾ നടക്കുന്നതെങ്കിൽ അത് ഡ്രൈവർ കാണുകയും അപകടം ഒഴിവാക്കുകയും ചെയ്യും.
അതുകൊണ്ട് ബസ് ലോറി പോലെയുള്ള വലിയ വാഹനങ്ങളോട് ചേർന്നുള്ള നടത്തം പരമാവധി ഒഴിവാക്കണം. കുറച്ചു മാറി ഡ്രൈവറിനെ നമുക്ക് കാണുന്ന രീതിയിൽ നമ്മളെ ഡ്രൈവർ കാണുന്ന രീതിയിലുമാകണം റോഡ് മുറിച്ചു കടക്കേണ്ടത്. നിരവധി പ്രാവശ്യം വിദഗ്ധർ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇനിയെങ്കിലും വഴി നടക്കുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഓരോ ജീവനും വിലപ്പെട്ടതാണ്. രോഹിണിക്ക് ആദരാഞ്ജലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.