അഹ്‌സന്‍റെ വേർപാട്: മരുന്നുവെച്ച് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിൽ ചിരിമാഞ്ഞ മുഖവുമായി ...

ഈരാറ്റുപേട്ട: കുഞ്ഞിളംപൈതലിന്‍റെ കിളിക്കൊഞ്ചൽ നിറഞ്ഞ കോന്നച്ചാടത്ത് വീട് പെട്ടെന്നാണ് നിശ്ചലമായത്. കളിചിരി നിറഞ്ഞമുറ്റം അപ്രതീക്ഷിതമായാണ് കണ്ണീരിൽ കുതിർന്നത്. പ്രഭാതഭക്ഷണത്തിന് ശേഷം കൂട്ടുകാരുമൊത്ത് കളിക്കാൻ ഇറങ്ങിയതാണ് കുഞ്ഞ് അഹ്‌സന്‍.

സ്ഥിരമായി കളിക്കാറുള്ള ഗേറ്റ് പൊടുന്നനെ മറിഞ്ഞുവീണ ശബ്ദം കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. തലയിലേറ്റ മുറിവിന് മരുന്നുവെച്ച് തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിൽ ചിരിമാഞ്ഞ മുഖവുമായി കുഞ്ഞ് അഹ്സൻ എത്തിയപ്പോൾ വീടും പരിസരവും കണ്ണീരിൽ കുതിർന്നു.പിഞ്ചു കുഞ്ഞിന്‍റെ ദാരുണമരണം ബന്ധുമിത്രാധികളോടൊപ്പം നാട്ടുകാർക്കും തീരാനോവായി. ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാം നദീര്‍ മൗലവിയുടെ ചെറുമകൻ അഹ്‌സന്‍ അലി ജവാദിന്‍റെ മരണമാണ് നാടിന്‍റെ വേദനയായത്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം. സൈഡിലേക്ക് തള്ളിനീക്കുന്ന ഗേറ്റ് കുട്ടികൾ കളിക്കുന്നതിനിടെ അഹ്സനിന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗേറ്റ് തലയിൽ ശക്തമായി ഇടിച്ചതാണ് മരണകാരണം. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. പിതാവായ ജവാദിന് ഖബറടക്കത്തിന് മുമ്പ് കുവൈത്തിൽനിന്ന് എത്താൻ സാധിച്ചില്ല. ഇതും ബന്ധുക്കൾക്ക് വേദനയായി.

Tags:    
News Summary - Ahsan's separation: native sad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.