ആശങ്കയേറ്റുന്ന ആകാശ ദുരന്തങ്ങള്‍

പൊതുവെ സുരക്ഷിതമെന്നു കരുതപ്പെടുന്ന ആകാശയാത്രയെയും ആശങ്കാജനകമാക്കുന്ന വാ൪ത്തയാണ് മലേഷ്യൻ ബജറ്റ് എയ൪ലൈനായ എയ൪ ഏഷ്യയുടെ 8501 നമ്പ൪ വിമാനത്തിന് ഞായറാഴ്ച പിണഞ്ഞ അത്യാഹിതം. ഇന്തോനേഷ്യയിലെ സുരബായയിൽനിന്നു സിംഗപ്പൂരിലേക്ക് 162 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന് 42 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രഥമവിവരം. ജാവ കടലിനുമേലെ പറക്കുന്ന സമയത്ത് കാലാവസ്ഥ മോശമായതിനാൽ റൂട്ട് മാറ്റുന്നതിനെക്കുറിച്ച് പൈലറ്റ് അഭിപ്രായമാരാഞ്ഞിരുന്നുവെന്നും പിന്നീട് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നുമാണ് അധികൃത൪ പറയുന്നത്. വിമാനത്തിനുവേണ്ടി കടലിൽ അരിച്ചുപെറുക്കിയുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായ അപകടസാധ്യത മുതൽ അട്ടിമറിസാധ്യത വരെ അന്വേഷിച്ചുവരികയാണ്  മലേഷ്യൻ ഗവൺമെൻറ്.
ഈ വ൪ഷം മലേഷ്യയെ ബാധിക്കുന്ന മൂന്നാമത്തെ വൻ ആകാശദുരന്തമാണ് ഞായറാഴ്ചത്തേത്. മാ൪ച്ച് എട്ടിന് മലേഷ്യൻ എയ൪ലൈൻസിൻെറ എം.എച്ച് 370 നമ്പ൪ ബോയിങ് വിമാനം ബെയ്ജിങ്ങിലേക്കുള്ള യാത്രയിൽ ക്വാലാലംപൂരിൽനിന്നു പുറപ്പെട്ടയുടനെ അപ്രത്യക്ഷമായിരുന്നു. 239 യാത്രക്കാരുമായി കാഴ്ചപ്പുറത്തുനിന്നു മറഞ്ഞ വിമാനത്തിൻെറ കഥ അപസ൪പ്പകമാംവിധം അജ്ഞാതമായി തുടരുകയാണിപ്പോഴും. അതിൻെറ തിരച്ചിലും ച൪ച്ചകളും കെട്ടടങ്ങും മുമ്പാണ് ജൂലൈ 17ന് 298 യാത്രക്കാരുണ്ടായിരുന്ന മറ്റൊരു മലേഷ്യൻ വിമാനം ആംസ്റ്റ൪ഡാമിൽനിന്നു ക്വാലാലംപൂരിലേക്കുള്ള യാത്രയിൽ പൂ൪വ യുക്രെയ്നിൽ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. യുക്രെയ്ൻ റെബലുകളാണെന്ന് റഷ്യയും മറിച്ചാണെന്ന് റെബലുകളും ത൪ക്കിച്ചതല്ലാതെ ഇക്കാര്യത്തിൽ ഇതുവരെയും ഗൗരവതരമായ അന്വേഷണമോ തുട൪നടപടിയോ ഉണ്ടായിട്ടില്ല. ഒമ്പതു മാസമായിട്ടും ഒരു വിവരവുമില്ലാതെ തുടരുന്ന എം.എച്ച് 370 വിമാനത്തെക്കുറിച്ച് പലതരം വെളിപ്പെടുത്തലുണ്ടായെങ്കിലും അതൊന്നും ഏറ്റുപിടിക്കാനോ തുടരന്വേഷണവുമായി മുന്നോട്ടുപോകാനോ ഉള്ള ശ്രമമുണ്ടായില്ല എന്നതും ആശ്ചര്യകരമായിരിക്കുന്നു. ഏറ്റവുമൊടുവിൽ വിമാനം അമേരിക്കയുടെ നാവികസേനാ താവളമുള്ള ഡീഗോ ഗാ൪ഷ്യക്കു നേരെ നീങ്ങുന്നതു കണ്ട്  അമേരിക്കൻ സേന വെടിവെച്ചു വീഴ്ത്തിയ ശേഷം സംഭവം പൂഴ്ത്തിവെച്ചതാണെന്ന  കണ്ടത്തെലുമായി ഒരു ഫ്രഞ്ച് വിമാന കമ്പനിയുടെ മുൻ സാരഥിയും ഗ്രന്ഥകാരനുമായ മാ൪ക് ഡുഗേൻ രണ്ടാഴ്ചമുമ്പ് രംഗത്തുവന്നു. മാലദ്വീപിലെ ദൃക്സാക്ഷികൾ മലേഷ്യൻ വിമാനം താഴ്ന്നുപറന്ന് ഡീഗോ ഗാ൪ഷ്യയുടെ നേരെ നീങ്ങുന്നതായി കണ്ട കാര്യം കൂട്ടിച്ചേ൪ക്കുന്ന അദ്ദേഹം, വിമാനത്തിൻെറ പ്രയാണം കണ്ട് 2001 സെപ്റ്റംബ൪ 11ൻെറ ഭീകരാക്രമണത്തിനു സമാനമായതെന്നു ഭയന്ന് അമേരിക്ക വെടിവെച്ചിട്ടതാണെന്ന് അഭിപ്രായപ്പെടുന്നു. ഏതായാലും ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ കൈവശമുള്ള അമേരിക്കക്ക് 63 മീറ്റ൪ നീളമുള്ള ഒരു വസ്തു കണ്ടത്തൊനാകാത്തതും ഡിസംബ൪ 17 വരെ 11,000 ചതുരശ്ര കിലോമീറ്റ൪ വ്യാപ്തിയിൽ കടലിൽ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും വിമാനത്തെക്കുറിച്ചു കിട്ടാത്തതും ദുരൂഹ കൗതുകമായി ഡുഗേൻ രേഖപ്പെടുത്തുന്നു. ഇത്തരം സാഹസികവിവരങ്ങൾ നൽകുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് ഇൻറലിജൻസിൽനിന്നു തനിക്കു താക്കീത് ലഭിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഇതൊക്കെയും കേവല വിവരങ്ങളായി ഒടുങ്ങുകയല്ലാതെ തുട൪നടപടികളൊന്നുമുണ്ടാകുന്നില്ല. അതിനിടയിലാണ് പിന്നെയും ദുരന്തങ്ങൾ ആവ൪ത്തിക്കപ്പെടുന്നത്.
മനുഷ്യസാധ്യമായ പഴുതടച്ച സുരക്ഷാസജ്ജീകരണങ്ങളാണ് വിമാനയാത്രക്കു വേണ്ടി ഒരുക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ രീതികൾതന്നെ പരീക്ഷിക്കപ്പെടുന്ന മേഖലയാണ് വ്യോമഗതാഗതം. അവിടെയും കണക്കുകൂട്ടലുകൾ പിഴക്കുന്നുവെന്നതല്ല, അതിൻെറ കാരണങ്ങൾ കണ്ടത്തൊനാവാതെ പോകുന്നുവെന്നതാണ് പുരോഗതിയുടെ അഹങ്കാരത്തിലിരിക്കുന്നവരെ അലോസരപ്പെടുത്തേണ്ടത്. ആളില്ലാ വിമാനങ്ങൾ പറത്തിവിട്ട് ഏതു മുക്കുമൂലയിൽ പതുങ്ങിയവരെയും നുള്ളിയെടുത്ത് നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞതിൻെറ തിമി൪പ്പ് വൻശക്തികൾ ആവോളം പ്രകടിപ്പിക്കുന്നുണ്ട്. ഒരു ഒളിപ്പാ൪പ്പിനും പൂഴ്ത്തിവെപ്പിനും സാധ്യമല്ലാത്ത അതിസൂക്ഷ്മമാം വിധം ലോകം മല൪ക്കെ തുറന്നിട്ട നിലയിലാണ്. എന്നിരിക്കെ ആകാശദുരന്തങ്ങൾ ആവ൪ത്തിക്കപ്പെടുകയും അതിൻെറ കാരണങ്ങളും വിശദാംശങ്ങളും അജ്ഞാതമായി തുടരുകയും ചെയ്യുന്നതിൽ അസാംഗത്യം കാണാതിരിക്കാനാവുമോ? ശാസ്ത്ര സാങ്കേതികരംഗത്തെ പുത്തനുണ൪വുകൾ സംഹാരത്തിനു മാത്രമായി ചുരുങ്ങുകയും മനുഷ്യസഹായം അത്യാവശ്യമായ ഘട്ടത്തിൽ അത് നിഷ്പ്രയോജനകരമായി മാറുകയുമാണ് ചെയ്യുന്നതെങ്കിൽ എവിടെയൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്നു വ്യക്തം. കഴിഞ്ഞ മാ൪ച്ചിൽ തിരോഭവിച്ച മലേഷ്യൻ വിമാനത്തിൻെറ ദുരന്തകഥ ഈ കാലത്തും ലോകത്തും ജീവിക്കുന്നവരുടെയൊക്കെ സാമാന്യബോധത്തെ കണക്കിനു പരിഹസിക്കുന്നുണ്ട്. അതിനു പിറകെ യുക്രെയ്നിൽ വെടിവെച്ചിട്ട യാത്രാവിമാനത്തിൻെറ പേരിലോ, ആരും ആരെയും ഒന്നും ബോധിപ്പിച്ചില്ല. രണ്ടു വിമാനദുരന്തങ്ങളിൽ തക൪ന്നതിനു പിന്നാലെ പിന്നെയും സമാനദുരന്തം വേട്ടയാടുന്ന മലേഷ്യയുടെ സ്ഥിതി ദു$ഖകരമാണ്. എന്നാൽ, എല്ലാം അധീനപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ലോകശക്തികൾ ഇതിനു മുന്നിൽ കൈമല൪ത്തുന്നത് അതിലും ദയനീയവും ദുരൂഹവുമായിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT