കാഞ്ഞങ്ങാട്ട് സി.പി.എം ഏരിയാ സെക്രട്ടറി മാനദണ്ഡം മറികടന്ന് നാലാമൂഴം മത്സരിച്ചു ജയിച്ചു

കാസ൪കോട്: സി.പി.എം. കാഞ്ഞങ്ങാട്ട് ഏരിയാ സമ്മേളനത്തിൽ വിഭാഗീയത തുറന്നരൂപംകൈക്കൊണ്ടു. പാ൪ട്ടി കോൺഗ്രസ് നി൪ദേശം മറികടന്ന് നിലവിലെ ഏരിയാ സെക്രട്ടറി നാലാം തവണയും കമ്മിറ്റിയിൽ പിടിമുറുക്കി. വാശിയേറിയ മത്സരത്തിൽ ഒരു വോട്ടിന് എതിരാളിയെ തോൽപിച്ചാണ് എം. പൊക്ളൻ ഏരിയാ സെക്രട്ടറിയായത്. സെക്രട്ടറിമാരുടെ കാലാവധി മൂന്ന് തവണയിൽ കൂടാൻ പാടില്ളെന്ന 20ാം പാ൪ട്ടി കോൺഗ്രസ് തീരുമാനം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടും പൊക്ളൻ മത്സരിക്കുകയായിരുന്നു. ഏരിയാ കമ്മിറ്റിയിലേക്കും ഒൗദ്യോഗിക പാനലിനെതിരെ മത്സരം നടന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് കൂടിയായ അഡ്വ. കെ. രാജ്മോഹനനെയാണ് വോട്ടെടുപ്പിൽ പൊക്ളൻ തോൽപിച്ചത്. ഏരിയാ കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ച യുവജന നേതാക്കൾ പരാജയപ്പെട്ടത്  വരും നാളുകളിൽ വിഭാഗീയത രൂക്ഷമാക്കുമെന്നാണ് സൂചന. 19 അംഗ ഏരിയാ കമ്മിറ്റിയിൽ പൊക്ളന് പത്ത് പേരുടെയും രാജ്മോഹനന് ഒമ്പത് പേരുടെയും പിന്തുണ ലഭിച്ചു. പൊക്ളനെ നാലാമതും  നി൪ദേശിച്ചത്  അജാനൂരിൽ ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പരാജയപ്പെട്ട മൂലക്കണ്ടം പ്രഭാകരനായിരുന്നു. എം. കുഞ്ഞമ്പു പിന്താങ്ങി.  2012ൽ കോഴിക്കോട്ട് ചേ൪ന്ന പാ൪ട്ടി കോൺഗ്രസിൽ സെക്രട്ടറിമാരുടെ കാലാവധി മൂന്ന് തവണയായി നിജപ്പെടുത്തിയ തീരുമാനം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ അറിയിച്ച് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.  വകവെക്കാതെ പൊക്ളൻ ഉറച്ചുനിന്നു. മുൻ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറ൪ കൂടിയായ വി.വി. രമേശനാണ് രാജ്മോഹനൻെറ പേര്  നി൪ദേശിച്ചത്. ഡി.വി. അമ്പാടി  പിന്താങ്ങി. 2000ൽ രാവണേശ്വരത്ത് നടന്ന കാഞ്ഞങ്ങാട് ഏരിയാ വിഭജന സമ്മേളനത്തിലാണ് എം. പൊക്ളൻ ആദ്യമായി സെക്രട്ടറിയായത്. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി കാഞ്ഞങ്ങാട്, പനത്തടി എന്നീ ഏരിയാ കമ്മിറ്റികളായി വിഭജിച്ചപ്പോൾ  പൊക്ളൻ കാഞ്ഞങ്ങാടിൻെറയും ടി. കോരൻ പനത്തടിയുടെയും സെക്രട്ടറിയായി. തുട൪ന്ന്  എട്ട് മാസത്തെ പ്രവ൪ത്തനത്തിന് ശേഷം മുഴുസമയ പ്രവ൪ത്തകനാകാൻ കഴിയില്ളെന്നും ദിനേശ് ബീഡി മേസ്ത്രി കൂടിയായിരുന്ന തനിക്ക് സെക്രട്ടറി സ്ഥാനത്ത് തുടരാനാവില്ളെന്നുമറിയിച്ച് പൊക്ളൻ രാജിവെച്ചു. പിന്നീട് മുഴുസമയ പ്രവ൪ത്തകനാവുകയും  2007ലും 2011ലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആദ്യതവണ എട്ട് മാസം മാത്രം സെക്രട്ടറിയായി രാജിവെച്ചതിനാൽ വീണ്ടും മത്സരിക്കാൻ യോഗ്യതയുണ്ടെന്ന വാദം ഉന്നയിച്ചായിരുന്നു പൊക്ളൻ ഉറച്ചുനിന്നത്.  ഇതിനെതിരെ ജില്ലാ സെക്രട്ടറിയും മറ്റ്  നേതാക്കളും എതി൪പ്പ് അറിയിച്ചെങ്കിലും പൊക്ളൻ ഉറച്ചുനിന്നു.
ഏരിയാ കമ്മിറ്റിയിൽ ഒൗദ്യോഗിക പാനലിനെതിരെ നടന്ന മത്സരത്തിൽ ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി ശിവജി വെള്ളിക്കോത്ത് 79 വോട്ട് നേടി. 20 ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 141 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ  ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ഏരിയാ കമ്മിറ്റി അംഗം എ. കൃഷ്ണനാണ് 88 വോട്ടുകളോടെ ഒൗദ്യോഗിക പാനലിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച് കഷ്ടിച്ച് ഏരിയാ കമ്മിറ്റിയിൽ നിലനിൽക്കാനായത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരിക്കെ പാ൪ട്ടി വിട്ട കൃഷ്ണൻ 2004 ലാണ് ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. കൂടുതൽ തവണ സെക്രട്ടറിയാവുന്നതിനെതിരായ പാ൪ട്ടി കോൺഗ്രസ് തീരുമാനം ഉണ൪ത്തി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിൻെറ ലേഖനം വ്യാഴാഴ്ച പാ൪ട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ദിവസമാണ് കാഞ്ഞങ്ങാട്ട് അട്ടിമറി മത്സരം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.