മാങ്കുളം വ്യാജമദ്യത്തിന്‍െറ പിടിയിലേക്ക്

മാങ്കുളം: മാങ്കുളം വീണ്ടും വ്യാജമദ്യത്തിന്‍െറ പിടിയിലേക്ക്. പ്രദേശത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇടവേളക്ക് ശേഷം വ്യാജവാറ്റും മദ്യക്കച്ചവടവും പുനരാരംഭിച്ചിരിക്കുകയാണ്. മാങ്കുളം, താളുംകണ്ടം, പാമ്പുംകയം, അമ്പതാംമൈല്‍, ആനക്കുളം പ്രദേശങ്ങളില്‍ ലിറ്ററിന് 400 രൂപനിരക്കില്‍ കൊട്ടുവടി എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജമദ്യമാണ് സുലഭമായിരിക്കുന്നത്. അടിമാലിയില്‍നിന്ന് മദ്യം വന്‍തോതില്‍ വാങ്ങി ഇരട്ടി വിലയ്ക്ക് മാങ്കുളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വില്‍ക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മദ്യവില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രണ്ട് ഓട്ടോകള്‍ പിടികൂടിയിരുന്നു. മാങ്കുളത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍െറ വാഹനത്തില്‍ സ്ഥിരമായി മദ്യംകടത്തുന്നതായി വിവരം ലഭിച്ചതിനത്തെുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഓഫിസര്‍ക്കാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് സാധനം വിട്ടുകൊടുത്തതായും പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും ആക്ഷേപമുണ്ട്. മൂന്നാര്‍ പൊലീസ് ജനകീയ സഹകരണത്തോടെ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ മാങ്കുളത്ത് ആറ് വര്‍ഷം മുമ്പ് വ്യാജമദ്യം പൂര്‍ണമായും ഇല്ലാതാക്കിയിരുന്നു. എന്നാല്‍, മാങ്കുളത്തെ ബിവറേജ് ഒൗട്ട്ലെറ്റ് പൂട്ടിയതോടെ വ്യാജമദ്യ ലോബി ചുവടുറപ്പിച്ചിരിക്കുകയാണ്. നടപടിയെടുക്കേണ്ട എക്സൈസ് ഉദ്യോഗസ്ഥരാകട്ടെ അപൂര്‍വമായി മാത്രമാണ് മാങ്കുളത്തത്തെുന്നത്. പാലക്കാട് കള്ള് എന്ന പേരിലാണ് പല പ്രദേശങ്ങളിലും വ്യാജ കള്ള് വിറ്റഴിക്കുന്നത്. ഇതിന് ആദിവാസികളുള്‍പ്പെടെ ആവശ്യക്കാര്‍ ഏറെയാണ്. മൂന്നാര്‍ പൊലീസിന്‍െറ മാങ്കുളം ഒൗട്ട്പോസ്റ്റിലുള്ള രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് മാത്രം, വിസ്തൃതമായ മാങ്കുളം പഞ്ചായത്തിലെ വ്യാജവാറ്റ് നിയന്ത്രിക്കാന്‍ കഴിയുന്നില്ളെന്നതാണ് വാസ്തവം. ഒൗട്പോസ്റ്റ് കെട്ടിടം ശോച്യാവസ്ഥയിലാണ്. പത്തുവര്‍ഷം മുമ്പ് മാങ്കുളത്ത് പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ ശ്രമമുണ്ടായെങ്കിലും ശിപാര്‍ശ ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.