പുന്നയൂര്‍: കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിക്ക് ജൈവവളമിറക്കാന്‍ കരാര്‍ നല്‍കിയെന്ന് ആക്ഷേപം. 2014-15 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ കേരകര്‍ഷകര്‍ക്ക് കടലപ്പിണ്ണാക്ക് വിതരണം ചെയ്യാന്‍ പുന്നയൂര്‍ പഞ്ചായത്താണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിക്ക് കരാര്‍ നല്‍കിയത്. കഴിഞ്ഞ 20ന് പത്രപരസ്യം വഴി ക്ഷണിച്ച ടെന്‍ഡറില്‍ അഞ്ച് ക്വട്ടേഷനാണ് ലഭിച്ചത്. ക്വട്ടേഷന്‍ പരിശോധിക്കാന്‍ ബുധനാഴ്ച പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചിരുന്നു. ഗുണമേന്മ കൂടുതലും വിലയില്‍ ഏറ്റവും കുറവും വാടനപ്പള്ളിയിലെ ഒരു കമ്പനിയുടേതായിരുന്നു. 35.45 രൂപയാണ് ഇവര്‍ നല്‍കിയത്. എന്നാല്‍, 36.95 രൂപക്ക് ക്വട്ടേഷന്‍ നല്‍കിയ കമ്പനിക്ക് കൂടിക്കാഴ്ചയിലൂടെ 10 പൈസ കുറച്ച് 36.80നാണ് കരാറുറപ്പിച്ചത്. ഇവരുടെ പിണ്ണാക്കിന് മറ്റേ കമ്പനി വാഗ്ദാനം ചെയ്ത ഗുണമേന്മയുമില്ല. ഈ കമ്പനി പഞ്ചായത്തിന്‍െറ കരിമ്പട്ടികയിലുള്‍പ്പെട്ടതാണെന്നറിഞ്ഞിട്ടും ഇവര്‍ക്ക് തന്നെ കരാര്‍ നല്‍കണമെന്നത് മുസ്ലിംലീഗിലെ ചില നേതാക്കളുടെ നിര്‍ബന്ധമാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. മുമ്പ് ലീഗിലെ കെ. ഖമറുദ്ദീന്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ ഈ കമ്പനിക്ക് കരാര്‍ നല്‍കാന്‍ ആലോചന വന്നിരുന്നു. അന്ന് അതിനെ പ്രതിപക്ഷത്തോടൊപ്പം ശക്തമായി എതിര്‍ത്തയാളാണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്‍റ്. കരാറുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് സി.പി.എം നേതൃത്വം. പുന്നയൂര്‍ പഞ്ചായത്തില്‍ കടലപ്പിണ്ണാക്ക് വിതരണവുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങളുമുണ്ടാകാറുണ്ട്. കൂടിയ തുകക്ക് കടലപ്പിണ്ണാക്കിക്കിറക്കാന്‍ ടെന്‍ഡര്‍ തിരുത്തിയതുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സ് അന്വേഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.