വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം –ജില്ലാ ആസൂത്രണ സമിതി

കാസര്‍കോട്: ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം നടത്തി. മടിക്കൈ, കിനാനൂര്‍-കരിന്തളം, ചെങ്കള എന്നീ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തിന്‍െറ മുപ്പത് ശതമാനത്തിന് മുകളില്‍ തുക ചെിലവഴിച്ച് മികവ് പുലര്‍ത്തിയതായി യോഗം വിലയിരുത്തി. പിലിക്കോട്, കയ്യൂര്‍-ചീമേനി, വലിയപറമ്പ, ഈസ്റ്റ് എളേരി, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, എന്‍മകജെ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഇരുപത് ശതമാനത്തിന് മുകളില്‍ തുക ചെലവഴിച്ചു. അജാനൂര്‍, മീഞ്ച, പുത്തിഗെ, ബെള്ളൂര്‍, ചെമ്മനാട്, കള്ളാര്‍, ദേലമ്പാടി, ബദിയഡുക്ക, കാറഡുക്ക, പൈവളിഗെ, മഞ്ചേശ്വരം, കുമ്പഡാജെ, പടന്ന, പനത്തടി, മുളിയാര്‍, ബളാല്‍, ചെറുവത്തൂര്‍, മധൂര്‍, കുമ്പള, ബേഡഡുക്ക എന്നീ ഗ്രാമപഞ്ചായത്തുകള്‍ പത്ത് ശതമാനത്തിന് മുകളിലാണ് തുക ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകളായ വോര്‍ക്കാടി, കോടോം-ബേളൂര്‍, പള്ളിക്കര, മംഗല്‍പാടി, പൂല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി, മൊഗ്രാല്‍പൂത്തൂര്‍, ഉദുമ എന്നിവ പത്ത് ശതമാനത്തിന് താഴെയാണ് തുക ചെലവഴിച്ചത്. പദ്ധതി വിഹിതത്തിന്‍െറ ഏറ്റവും കൂടുതല്‍ ശതമാനം തുക ചെലവഴിച്ച കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്തിനെ യോഗം അഭിനന്ദിച്ചു. കാഞ്ഞങ്ങാട് ബ്ളോക് 28.4 ശതമാനം തുകയാണ് ചെലവഴിച്ചത്. മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത് 20.3 ശതമാനവും കാസര്‍കോട് ബ്ളോക് പഞ്ചായത്ത് 9.3 ശതമാനവും നീലേശ്വരം ബ്ളോക് പഞ്ചായത്ത് 8.4 ശതമാനവും പരപ്പ ബ്ളോക് പഞ്ചായത്ത് 22.4 ശതമാനവും കാറഡുക്ക ബ്ളോക് 14.1 ശതമാനം തുകയുമാണ് ചെലവഴിച്ചത്. കഴിഞ്ഞമാസം അവസാനംവരെ നടത്തിയ പ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനത്തിലാണിത്. മഞ്ചേശ്വരം ബ്ളോക് പഞ്ചായത്തിന്‍െറ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, ഹെഡ് ക്ളര്‍ക്ക് എന്നീ തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നതായി യോഗം ചര്‍ച്ച ചെയ്തു. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യോഗം നിര്‍ദേശിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്റര്‍ ചാര്‍ജ് എടുക്കാത്തതിനാല്‍, പ്രോജക്ടുകളുടെ നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നതായി യോഗം വിലയിരുത്തി. പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കാസര്‍കോട് ബ്ളോക് പഞ്ചായത്തിന്‍െറ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഫിഷറീസ് വകുപ്പിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ കുറവ് യോഗം ചര്‍ച്ചചെയ്തു. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് മേധാവിയോട് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പൂല്ലൂര്‍-പെരിയ, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ചെറുവത്തൂര്‍, ചെമ്മനാട്, എന്‍മകജെ, ഉദുമ, പടന്ന, പുത്തിഗെ, മഞ്ചേശ്വരം എന്നിവയുടെയും നീലേശ്വരം മുനിസിപ്പാലിറ്റിയുടെയും കാസര്‍കോട് ബ്ളോക് പഞ്ചായത്തിന്‍െറയും ഭേദഗതി പ്രോജക്ടുകള്‍ക്കുള്ള അംഗീകാരം ചര്‍ച്ച ചെയ്തു. ജനുവരി 24നകം വികസന സെമിനാറുകള്‍ നടത്താന്‍ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.എച്ച്. മുഹമ്മദ് ഉസ്മാന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.