എലിവിഷം കഴിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; വിഷം അകത്ത് ചെന്നിട്ടില്ളെന്ന് ഡോക്ടര്‍മാര്‍

മംഗളൂരു: തീര്‍ഥഹള്ളിയിലെ ഒമ്പതാം ക്ളാസുകാരിയായ നന്ദിതയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇപ്പോഴും അവ്യക്തത. എലി വിഷം അകത്തുചെന്നാണ് നന്ദിത മരിച്ചതെന്നാണ് ഫോറന്‍സിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, നന്ദിതയെ ആദ്യം ചികിത്സിച്ച ജയചാമരാജേന്ദ്ര ആശുപത്രിയിലേയും രണ്ടാമത് ചികിത്സിച്ച തീര്‍ഥഹള്ളിയിലെ മാക്ഗെന്‍ ആശുപത്രിയിലേയും ഡോക്ടര്‍മാര്‍ വിഷം കഴിച്ചതിന് നന്ദിതയെ ചികിത്സിച്ചില്ളെന്ന് വ്യക്തമാക്കി. വിഷം കഴിച്ച ഒരു ലക്ഷണങ്ങളും രോഗി കാണിച്ചിരുന്നില്ളെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പിന്നീട് ചികിത്സിച്ച മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ഷീറ്റില്‍ എഴുതിയിരിക്കുന്നത് രക്തസമ്മര്‍ദം കുറഞ്ഞ് ഹൃദയത്തിന്‍െറ പ്രവര്‍ത്തനം നിലച്ചതുകൊണ്ടാണ് കുട്ടി മരിച്ചതെന്നാണ്. എന്നാല്‍, കാറില്‍ തന്നെ കൊണ്ടുപോയ മൂന്നംഗ സംഘം തനിക്ക് വിഷം തരുകയായിരുന്നുവെന്ന് നന്ദിത ജയചാമരാജേന്ദ്ര ആശുപത്രിയിലേ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്നും ഡോക്ടര്‍മാര്‍ അത് ശ്രദ്ധിച്ചില്ളെന്നും നന്ദിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. നന്ദിതയുടെ ബാഗില്‍ നിന്ന് കണ്ടെടുത്ത കുറിപ്പ് നന്ദിതയുടെ കൈപ്പടയില്‍ ഉള്ളതാണെന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചു. താന്‍ പഠിക്കാന്‍ മിടുക്കിയല്ളെന്നും അനിയത്തി നന്നായി പഠിക്കണമെന്നും താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നുമായിരുന്നു നന്ദിതയുടെ കത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് ആനന്ദഗിരികുന്നിന് താഴെയുള്ള റോഡില്‍ നന്ദിതയെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടത്തെിയത്. സംസ്ഥാനത്തെ ഏറെ ഇളക്കിമറിച്ച കേസില്‍ സര്‍ക്കാര്‍ സി.ഐ.ഡി അന്വേഷണം നടത്തിയിരുന്നെങ്കിലും പുതുതായി ഒന്നും തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.