കണ്ണൂര്‍ കോര്‍പറേഷന്‍: നിയമസഭാ ചര്‍ച്ചക്ക് വിടുന്നു

കണ്ണൂര്‍: കണ്ണൂരിനെ കോര്‍പറേഷനാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ‘മാധ്യമ’ത്തോടു പറഞ്ഞു. മറ്റു നഗരസഭകളില്‍നിന്ന് ശക്തമായ സമ്മര്‍ദമില്ല. ഇത് കണ്ണൂരിന് അനുകൂലമാകുമെന്നും മന്ത്രി സൂചിപ്പിച്ചു. നഗരവികസന വകുപ്പ് 2012ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് അതിവേഗം വളരുന്ന നഗരങ്ങളില്‍ കണ്ണൂരിനെ കൊച്ചിയോടാണ് താരതമ്യം ചെയ്തിരുന്നത്. കണ്ണൂര്‍ നഗരസഭയെ കോര്‍പറേഷനാക്കാനുള്ള ശിപാര്‍ശയും പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേതുടര്‍ന്ന് രണ്ടുമാസം മുമ്പ് നഗരവികസന വകുപ്പ് സമീപ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരണ കരടുരേഖ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരിനൊപ്പം മലപ്പുറം, കോട്ടയം നഗരസഭകളും കോര്‍പറേഷനാക്കണമെന്ന ശിപാര്‍ശ പരിഗണനയിലുണ്ട്. യു.ഡി.എഫ് ഉപസമിതിയാണ് ഈ നിര്‍ദേശം വെച്ചത്. എന്നാല്‍, കണ്ണൂരിനെ ആദ്യം ഉപസമിതി പരിഗണിച്ചിരുന്നില്ല. പിന്നീട് കണ്ണൂര്‍ ജില്ലാ യു.ഡി.എഫ് നേതൃത്വമടക്കം പല കോണുകളില്‍നിന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. എന്നാല്‍, കണ്ണൂരിനാണ് നിലവില്‍ മുഖ്യപരിഗണന. മറ്റു രണ്ടു നഗരസഭകള്‍ ഉള്‍പ്പെട്ട ജില്ലയുടെ ഭാഗത്തുനിന്നുള്ളതിനേക്കാള്‍ സമ്മര്‍ദം കണ്ണൂരില്‍നിന്നുണ്ടായതാണ് ഇതിനു കാരണം. കണ്ണൂരിനെ കോര്‍പറേഷനാക്കാന്‍ കാബിനറ്റിന്‍െറ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായതായി സൂചനയുണ്ട്. നേരത്തെ, കണ്ണൂര്‍ കോര്‍പറേഷന്‍ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോര്‍പറേഷന്‍ രൂപവത്കരണത്തിന്‍െറ പശ്ചാത്തല കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ അടുത്തുതന്നെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സാധ്യതയുള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കണ്ണൂരിന്‍െറ ഏറെകാലത്തെ ആവശ്യത്തിന് പെട്ടെന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍, മലപ്പുറം കോര്‍പറേഷന്‍ പദവി ആഗ്രഹിക്കുന്നില്ളെന്നാണ് വിവരം. കോര്‍പറേഷനില്‍ ഉള്‍പ്പെടേണ്ട പഞ്ചായത്തുകള്‍ നിലവില്‍ ലീഗിന്‍െറ കൈയിലാണ്. പത്തോളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് കോര്‍പറേഷന്‍ രൂപവത്കരിക്കേണ്ടത്. പലര്‍ക്കും പദവി നഷ്ടപ്പെടുന്നതാണ് കോര്‍പറേഷനോടുള്ള താല്‍പര്യമില്ലായ്മക്ക് കാരണമെന്ന് പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.