ജില്ലാ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്ക് യാഥാര്‍ഥ്യമായില്ല

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്ക് എന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. നവംബറിനു മുമ്പ് തന്നെ ഹെല്‍പ് ഡെസ്ക് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഭരണപ്രകിയ എളുപ്പമാക്കുന്നതിന്‍െറ ഭാഗമായി എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്ക് ആരംഭിച്ചിരുന്നു. ഏത് ഓഫിസുകളില്‍ പോയാലും ഏതു സേവനമാണ് ആവശ്യമുള്ളതെങ്കില്‍ അതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹെല്‍പ് ഡെസ്കില്‍ നിന്നു തന്നെ ലഭിക്കും. ഇതുമൂലം സമയം ലാഭിക്കുകയും വന്ന കാര്യം നിര്‍വഹിക്കുകയും ചെയ്യാം. എന്നാല്‍, ദിനം പ്രതി ആയിരക്കണക്കിന് ആളുകള്‍ വരുന്ന ജില്ലാ ആശുപത്രിയില്‍ ഇതിനുള്ള ഒരു സംവിധാനവും നിലവിലില്ല. ഒ.പി കൗണ്ടറില്‍ പുതിയ ആളുകള്‍ക്കും നിലവില്‍ കാണിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ക്കും പ്രത്യേക കൗണ്ടറുകളാണുള്ളത്. ഇവക്കു മുന്നില്‍ എപ്പോഴും വലിയ ക്യൂ ഉണ്ടാകുമെന്നതിനാല്‍ ഒ.പി ടിക്കറ്റ് നല്‍കുന്നതിനു മാത്രമേ ഇവര്‍ക്കു സാധിക്കുകയുള്ളൂ. പലരും തങ്ങള്‍ക്ക് കാണിക്കേണ്ട ഡോക്ടറുടെ മുറി എവിടെയാണെന്നും മറ്റും ഇവരോടു തന്നെയാണ് ചോദിക്കുക. ഇതിനു മറുപടി പറയാന്‍ നിന്നാല്‍ ക്യൂവില്‍ ബഹളവും തള്ളും തുടങ്ങും. പിന്നെ ആളുകള്‍ വിവരങ്ങള്‍ അറിയാന്‍ നേരെ ചെല്ലുന്നത് ഒ.പി കൗണ്ടറിനു മുന്നിലുള്ള അത്യാഹിത വിഭാഗം കൗണ്ടറിലേക്കാണ്. നഴ്സുമാരുടെ എണ്ണക്കുറവു കാരണം ഒരു നഴ്സ് മാത്രമായിരിക്കും മിക്ക സമയത്തും ഇവിടെ ഡ്യൂട്ടിയിലുണ്ടാവുക. കൗണ്ടറിലേക്കു വരുന്ന രോഗികള്‍ക്ക് ഇന്‍ജക്ഷനും മറ്റും നല്‍കുന്ന തിരക്കില്‍ ഇവര്‍ക്കും പലപ്പോഴും ആളുകളുടെ ചോദ്യത്തിന് മറുപടി പറയാന്‍ സാധിക്കില്ല. ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പലപ്പോഴും ആളുകളെ അതതു സ്ഥലത്തേക്ക് പറഞ്ഞയക്കാറ്. കഴിഞ്ഞ മാസം നഴ്സുമാര്‍ പണി മുടക്കു സമരത്തിനൊരുങ്ങിയപ്പോള്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ പ്രധാന ആവശ്യങ്ങളിലൊന്നായി ഹെല്‍പ് ഡെസ്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT