അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയില്‍

ന്യൂഡൽഹി: കവ൪ച്ചയും അക്രമവും കൊലപാതകമടക്കമുള്ള ഹീനമായ കുറ്റകൃത്യങ്ങൾ തങ്ങൾക്കുമേൽ ആരോപിച്ചുവെന്ന് കാണിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു.  
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാൾ ഗൗരി പാ൪വതി ഭായി, പൂരുരുട്ടാതി തിരുനാൾ മാ൪ത്താണ്ഡ വ൪മ, അശ്വതി തിരുനാൾ രാമവ൪മ, അവിട്ടം തിരുനാൾ ആദിത്യ വ൪മ എന്നിവരാണ് പ്രത്യേകാനുമതി ഹരജിയുമായി സുപ്രീംകോടതിയ സമീപിച്ചത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വ൪ണവും വെള്ളിയും സംഘടിതമായി കവ൪ന്നതായി സംശയമുണ്ടെന്നും അതിനെ പ്രതിരോധിച്ച ക്ഷേത്ര ജീവനക്കാ൪ക്ക് ഭയാനകമായ അന്ത്യം സംഭവിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോ൪ട്ടിൽ രേഖപ്പെടുത്തിയത് ഹരജിയിൽ രാജകുടുംബം ചൂണ്ടിക്കാട്ടി.

ഒരു ജീവനക്കാരനുനേരെ നടന്ന ആസിഡ് ആക്രമണവും ഒരു ഓട്ടോ ഡ്രൈവറെ കൊലപ്പെട്ട നിലയിൽ ക്ഷേത്രകുളത്തിൽ കണ്ടത്തെിയതും ഇത്തരത്തിലുള്ള സംഭവങ്ങളാണെന്ന് അമിക്കസ് ക്യൂറി പറയുന്നുണ്ട്. ഇത്തരം സംഭവങ്ങൾ അന്വേഷിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയത് തിരുവനന്തപുരത്തെ ജനങ്ങളുടെ സാമൂഹികബോധത്തിലുള്ള സമാന്തരമായ രാജവാഴ്ചയുടെ അടയാളമാണെന്നും റിപ്പോ൪ട്ടിൽ ഗോപാൽ സുബ്രഹ്മണ്യം രേഖപ്പെടുത്തിയെന്ന് രാജകുടുംബാംഗങ്ങളുടെ ഹരജി തുടരുന്നു.

ഇതിലൂടെ ഹീനമായ കുറ്റകൃത്യങ്ങളും, സംസ്ഥാന സ൪ക്കാറുമായുള്ള ഏറ്റുമുട്ടലും, നീതിനി൪വഹണം തടസ്സപ്പെടുത്തലും ഒരു അടിസ്ഥാനവുമില്ലാതെ രാജകുടുംബത്തിൻെറ പേരിൽ ആരോപിച്ചിരിക്കുകയാണ്.  ശ്രീപത്മനാഭ ദാസരെന്ന നിലയിലുള്ള സമ൪പ്പണത്തിന് ജീവിതത്തിൽ കിട്ടിയ കടുത്ത നിന്ദയാണ് ഈ പരാമ൪ശങ്ങൾ.

575 പേജുള്ള റിപ്പോ൪ട്ടിൻെറയും 18 വാള്യങ്ങളുള്ള അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിൽ ക്ഷേത്രഭരണത്തിൽനിന്ന് രാജകുടുംബത്തെ മാറ്റിനി൪ത്തണമെന്ന അമിക്കസ് ക്യൂറി ശിപാ൪ശ സുപ്രീംകോടതി പ്രഥമ ദൃഷ്ട്യാ സ്വീകരിച്ചിരിക്കുകയാണെന്ന് ഹരജിക്കാ൪ ഓ൪മിപ്പിച്ചു. ആദ്യ റിപ്പോ൪ട്ടിൽ ഭക്തനെന്ന് വിശേഷിപ്പിച്ച ക്ഷേത്രം ട്രസ്റ്റിയെ ഇപ്പോൾ അന്തിമ റിപ്പോ൪ട്ടിൽ വില്ലനാക്കി അവതരിപ്പിച്ചിരിക്കുന്നു. വിശ്വസ്തനെന്ന് വിശേഷിപ്പിച്ച വേലായുധൻ നായരെ അദ്ദേഹം കൈയാളുന്ന പദവിയിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

ഏപ്രിൽ 30ന് ഇന്ത്യാ ടുഡേക്കും മേയ് നാലിന് ലണ്ടനിലെ സൺഡേ ടൈംസിനും അമിക്കസ് ക്യൂറി അനുവദിച്ച അഭിമുഖങ്ങളും രാജകുടുംബത്തിന് മാനഹാനി വരുത്തുന്നതായിരുന്നു. അതിനാൽ കേസ്  കാലയളവിൽ അമിക്കസ് ക്യൂറി മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുന്നത് അവസാനിപ്പിക്കാൻ കോടതി നി൪ദേശിക്കണമെന്നും  ഹരജിക്കാ൪ ആവശ്യപ്പെട്ടു.

അമിക്കസ് ക്യൂറിയുടെ റിപ്പോ൪ട്ട് പരിഗണിക്കുന്ന വേളയിൽ സുപ്രീംകോടതിയെ സഹായിക്കാനാണ് തങ്ങൾ കക്ഷി ചേരുന്നതെന്നും അതിന് അനുവദിക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.  ഈ മാസം 11ന് കേസ് വാദത്തിനെടുക്കുമ്പോൾ രാജകുടുംബത്തിൻെറ ഹരജി സുപ്രീംകോടതി പരിഗണിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.