പിടിയാനയും കുട്ടിക്കൊമ്പനും എത്തി; നഷ്ടപ്രതാപം വീണ്ടെടുത്ത് കോന്നി ആനക്കൂട്

കോന്നി: നഷ്ടപ്രതാപം വീണ്ടെടുത്ത് കോന്നി ആനക്കൂട് കാട്ടാനകളുടെ പരിശീലന കളരിയായി മാറുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനപിടിത്തം നിര്‍ത്തിയതോടെ പേരില്‍ ഒതുങ്ങിയ ആനക്കൂട് പഴയ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ്. തിരുവനന്തപുരത്തുനിന്ന് കോന്നി ആനത്താവളത്തില്‍ കൊണ്ടുവന്ന പിടിയാനയും മൂന്നര വയസ്സുള്ള കുട്ടിക്കൊമ്പനും വരും ദിവസങ്ങളില്‍ ചട്ടം പഠിച്ചു തുടങ്ങുന്നതോടെ ആനക്കൂട് സജീവമാകും. ഒരുകാലത്ത് പ്രശസ്തമായിരുന്നു കോന്നി ആനക്കൂട്. കാട്ടാനകളെ വാരിക്കുഴിയില്‍ വീഴ്ത്തി താപ്പാനകളുടെ നേതൃത്വത്തില്‍ ആനക്കൂട്ടില്‍ എത്തിച്ച് ചട്ടം പഠിപ്പിക്കുന്നത് പുതിയ തലമുറക്ക് കേട്ടുകേള്‍വി മാത്രമാണ്. ഇത് നേരില്‍ കാണാന്‍ ഇനി കോന്നിയില്‍ കഴിയും. തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് കൊണ്ടുവന്ന 43 വയസ്സുള്ള പിടിയാനയും മൂന്നര വയസ്സുള്ള കുട്ടിക്കൊമ്പനുമാണ് വരും ദിവസങ്ങളില്‍ ചട്ടം പഠിക്കുന്നത്. തിരുവനന്തപുരം കൈതക്കപ്പരുപ്പ് പറക്കത്തേരി ഭാഗത്ത് കൂട്ടം തെറ്റി ഒരാഴ്ചയായി ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ കാട്ടാനകളെയാണ് മയക്കുവെടിവെച്ച് കോന്നിയില്‍ എത്തിച്ചത്. ഒരാഴ്ചക്ക് ശേഷം ആനയെ ചട്ടം പഠിപ്പിക്കല്‍ ആരംഭിക്കാനാണ് വനംവകുപ്പിന്‍െറ പദ്ധതി. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിച്ചിട്ടുള്ള കോന്നി ആനക്കൂട് ഒരു പഠന വിഷയം കൂടിയാണ്. കൊല്ലവര്‍ഷം 1117 ല്‍ (1942) ആണ് കോന്നി ആനക്കൂട് സ്ഥാപിച്ചത്. തീര്‍ത്തും കമ്പകം തടിയില്‍ തീര്‍ത്ത ആനക്കൂടിന് 12.65 മീറ്റര്‍ നീളവും 8.60 മീറ്റര്‍ വീതിയും ഏഴ് മീറ്റര്‍ ഉയരവുമുണ്ട്. കൊച്ചയ്യപ്പന്‍, രഞ്ജി, പത്മനാഭന്‍, ബാലകൃഷ്ണന്‍, സോമന്‍, വേണു, രമേശന്‍, മണി തുടങ്ങിയ കരിവീരന്മാര്‍ നാട്ടാന പരിപാലന ചട്ടം അഭ്യസിച്ചതും കേമന്‍മാരായി മാറിയതും ഇവിടെനിന്നാണ്. കേരളത്തിലെ എണ്ണം വന്ന താപ്പാനകളില്‍ ഭൂരിഭാഗവും കോന്നി ആനക്കൂട്ടില്‍ മെരുങ്ങിയവരാണ്. 1810 ല്‍ ആണ് കോന്നിയില്‍ ആനപിടിത്തം ആരംഭിച്ചത്. അന്ന് മഞ്ഞക്കടമ്പിലായിരുന്നു ആനക്കൂട്. പിന്നീടാണ് കോന്നിയിലേക്ക് മാറ്റിയത്. 1977 ല്‍ ആനപിടിത്തം സര്‍ക്കാര്‍ അവസാനിപ്പിച്ചപ്പോള്‍ മുതല്‍ കോന്നി ആനക്കൂടിന്‍െറ പ്രതാപവും പിറകോട്ട് ആവുകയായിരുന്നു. ആറാനകളെ ഒരേ സമയം ചട്ടം പഠിപ്പിക്കാന്‍ കഴിയുന്ന ആറ് അറകളാണ് ആനക്കൂട്ടിലുള്ളത്. 1992 ല്‍ മണ്ണാറപ്പാറ റേഞ്ചില്‍ കല്ലുതോടിന് സമീപത്തുനിന്ന് 13 ാം വയസ്സില്‍ പഴയ വാരിക്കുഴിയില്‍ വീണ് കിട്ടിയ പ്രിയദര്‍ശിനിയെ ചട്ടം പഠിപ്പിക്കാന്‍ കൂട്ടില്‍ കയറ്റിയതിനുശേഷം 2005 ലാണ് ആനക്കൂടിന്‍െറ അഴികള്‍ വീണ്ടും തുറക്കുന്നത്. ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏവൂര്‍ കണ്ണനായിരുന്നു പഠിതാവ്. വീണ്ടും ഇപ്പോഴുള്ള കുട്ടിയാന ലക്ഷ്മിക്കുവേണ്ടി തുറന്ന വാതില്‍ രണ്ട് ആനകള്‍ക്ക് കൂടി പാര്‍ക്കാന്‍ അവസരം ആയി. ആനക്കൂട് പുതുക്കിയതിന് ശേഷം വലതുകാല്‍ വെച്ച് കയറുന്നത് കഴിഞ്ഞ ദിവസം വന്ന കുട്ടിക്കൊമ്പനാണ്. ഇനിയുള്ള നാളുകള്‍ അമ്മയും മകനും കോന്നിയിലെ ആന പ്രേമികളുടെ ഹരമായി മാറും. ഒപ്പം പ്രതാപം നഷ്ടപ്പെട്ടെന്നും കരുതിയ കോന്നി ആനക്കൂടിന് പുതുജീവനും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.