ജില്ലയില്‍ എലിപ്പനി വ്യാപകം

തൃശൂര്‍: ജില്ലയില്‍ എലിപ്പനി വ്യാപിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും എലിപ്പനി നിയന്ത്രണ വിധേയമാവാത്തതില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉത്കണ്ഠയിലാണ്. ഈ വര്‍ഷം ഇതുവരെ 11 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ജില്ലാ ആരോഗ്യ വിഭാഗത്തിന്‍െറ വിലയിരുത്തല്‍. ആരോഗ്യ വകുപ്പിന്‍െറ സേഫ് കേരള പ്രവര്‍ത്തനം ജില്ലയില്‍ വേണ്ടത്ര ഫലിക്കുന്നില്ളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 32 പേര്‍ക്കാണ് എലിപ്പനി ബാധിച്ചതെങ്കില്‍ ഇക്കുറി ഒക്ടോബര്‍ അവസാനത്തോടെ 95 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 15 വരെ 81 പേര്‍ക്കാണ് രോഗം ബാധിച്ചത്. തുടര്‍ന്നാണ് ക്രമാതീതം പെരുകിയത്. തീരദേശത്തും നഗരപ്രദേശത്തും എലിപ്പനി ഇപ്പോഴും ഭീതി പരത്തുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയവും ക്രിയാത്മകവുമായ രീതികള്‍ അവലംബിക്കാത്തതും കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമാണ് രോഗാണുക്കള്‍ വര്‍ധിക്കാന്‍ കാരണം. ആരോഗ്യ വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങളും വീഴ്ച വരുത്തുന്നു. കാലില്‍ മുറിവുള്ളവര്‍ക്കും പാദങ്ങള്‍ വീണ്ടുകീറിയവര്‍ക്കും ഈ മുറിവുകളിലുടെ രോഗാണു എളുപ്പം പകരാന്‍ സാധ്യതയുണ്ട്. കൃഷിപ്പണി ചെയ്യുന്നവരും തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരും മാലിന്യസംസ്കരണ ജോലിയില്‍ ഏര്‍പ്പെടുന്നവരുമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. മലിനജലത്തിലും വയലിലും മറ്റും ജോലി ചെയ്യുന്നവര്‍ കാലുകള്‍ പൂര്‍ണമായും മൂടുന്ന തരത്തിലുള്ള ഷൂ ധരിക്കണം. ഗവ. ആശുപത്രികളിലൂടെ പ്രതിരോധത്തിനായി സൗജന്യമായി നല്‍കുന്ന ഡോക്സിസൈക്ളിന്‍ ആന്‍റിബയോട്ടിക് ഗുളിക ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. എലിപ്പനി അടക്കം പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ഈവര്‍ഷം ഇതുവരെ മരിച്ചത് 44 പേരാണ്. കഴിഞ്ഞവര്‍ഷം ഇത് 38 ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇല്ലാതിരുന്ന എച്ച്വണ്‍ എന്‍ വണ്‍ മൂന്നുപേര്‍ക്കും കോളറ ഒരാള്‍ക്കും ഇക്കുറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2013ല്‍ 115 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത മലേറിയ ഇപ്പോള്‍ തന്നെ 114ല്‍ എത്തിനില്‍ക്കുന്നു. ഇതില്‍ 65 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ്. കഴിഞ്ഞ വര്‍ഷം 41 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത മഞ്ഞപ്പിത്തം ഇക്കുറി 57 പേര്‍ക്ക് ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.