മലയാളി അഭിഭാഷകനെ പിടികൂടാന്‍ അന്വേഷണം കേരളത്തിലേക്കും

മംഗലാപുരം: ജഡ്ജിമാരുടെ ഒപ്പും സീലും ഉപയോഗിച്ച് കൃത്രിമരേഖയുണ്ടാക്കി ഇന്‍ഷുറന്‍സ് പണം തട്ടിയ കേസിലെ പ്രതിയായ മലയാളി അഭിഭാഷകനെ പിടികൂടാന്‍ പൊലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. മംഗലാപുരത്തെ മലയാളി അഭിഭാഷന്‍ എ.സി. ജയരാജിനെ കണ്ടത്തൊനാണ് ബന്ദര്‍ പൊലീസ് അന്വേഷണം എറണാകുളത്തേക്കും കേരളത്തിന്‍െറ മറ്റു ചില ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. മംഗലാപരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജീവനക്കാരി കെ.പി. ആശയുടെ പരാതി പ്രകാരമാണ് ഇയാള്‍ക്കെതിരെ ബന്ദര്‍ പൊലീസ് കേസെടുത്തിരുന്നത്. വാഹന അപകട കേസില്‍ കോടതി നിര്‍ദേശം പ്രകാരം നഷ്ടപരിഹാരത്തുക ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ്. പിന്നീട് ജഡ്ജിയുടെ നിര്‍ദേശപ്രകാരം അഭിഭാഷകന്‍ മുഖാന്തരം ബാങ്കില്‍ നിന്ന് പിന്‍വലിച്ച് കക്ഷികള്‍ക്ക് തുക നല്‍കും. തന്‍െറ വാഹനപകടത്തില്‍പെട്ട ബന്ധുവിന്‍െറ നഷ്ട പരിഹാര തുക ജയരാജ് തട്ടിയെടുത്തു എന്ന് ആശ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുപ്രകാരം മംഗലാപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറയും ജില്ലാ സെഷന്‍സ് കോടതി ജഡ്ജിമാരായ അരുണ്‍ ചൗദപൂര്‍ക്കാര്‍, ബി.വി. പ്രകാശ് എന്നിവരുടെയും ഒപ്പും സീലും അവരറിയാതെ ഉപയോഗിച്ചു പണം പിന്‍വലിച്ചെന്ന് ആശയുടെ പരാതി. പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഇയാള്‍ ഒളിവിലായിരുന്നു. മംഗലാപുരത്തെയും ബല്‍ത്തങ്ങടി ഷിബാജെയിലെയും ഇയാളുടെ വീടുകള്‍ കേന്ദ്രീകരിച്ച് മൂന്നു മാസത്തോളമായി അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇയാള്‍ക്ക് എറണാകുളത്തും കേരളത്തിന്‍െറ മറ്റ് ഭാഗങ്ങളിലും ബന്ധുക്കളുണ്ടെന്നാണ് പൊലീസിന് കിട്ടിയ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.