അര്‍ഹതക്കുള്ള അംഗീകാരമായി കുമാരന്‍ മാസ്റ്റര്‍ക്കും കുളമര്‍വക്കും ആദരവ്

കാസര്‍കോട്: വിവര്‍ത്തകന്‍ കെ.വി. കുമാരന്‍ മാസ്റ്ററെയും കന്നട കവിയും എഴുത്തുകാരനുമായ വി.ബി. കുളമര്‍വയെയും ആദരിക്കുന്നത് അര്‍ഹതക്കുള്ള അംഗീകാരമാകും. ഭരണഭാഷാ വാരാചരണത്തിന്‍െറ ഭാഗമായി കേരളപ്പിറവി ദിനത്തിലാണ് ഭാഷക്ക് മികച്ച സംഭാവന നല്‍കിയ ഇരുവരെയും ജില്ലാ ഭരണകൂടവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ ആദരിക്കുന്നത്. 1942 ജൂലൈ എട്ടിന് ഉദുമ ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് കുമാരന്‍ മാസ്റ്ററുടെ ജനനം. ഹിന്ദി അധ്യാപകനായി ഒൗദ്യോഗിക ജീവിതമാരംഭിച്ചു. ഒരു കൊല്ലം സാക്ഷരതാ ജില്ലാ കോഓഡിനേറ്ററായി സേവനമനുഷ്ഠിച്ചു. പാലക്കുന്ന് അംബിക ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 15 വര്‍ഷക്കാലം പ്രിന്‍സിപ്പലായിരുന്നു. ഹിന്ദി എഴുത്തുകാരന്‍ യശ്പാലിന്‍െറ ജീവചരിത്രത്തില്‍ നിന്ന് സംഗ്രഹിച്ച ‘കൊടുങ്കാറ്റടിച്ച നാളുകള്‍’ ആണ് ആദ്യത്തെ വിവര്‍ത്തന ഗ്രന്ഥം. അദ്ദേഹത്തിന്‍െറ തന്നെ ‘എന്‍െറയും നിന്‍െറയും കഥ’, ‘കൊലക്കയറിന്‍െറ കുരുക്കുവരെ’, ‘ജയില്‍’ എന്നീ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു. മന്മഥനാഥ ഗുപ്തയുടെ ‘ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും’ ആശാറാണി വോഹറയുടെ ‘കൊച്ചു വിപ്ളവകാരികള്‍’ എന്നീ കൃതികളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ പുരസ്കാര ജേതാവായ ശിവരാമകാറന്തിന്‍െറ ‘ചോമനദൂടി’ എന്ന കന്നട നോവല്‍ ‘ചോമന്‍െറ തുടി’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ഈ പുസ്തകം പ്ളസ് ടുവിന് മലയാള ഉപപാഠ പുസ്തകമായിരുന്നു. രാംദാസ് നായ്ഡുവിന്‍െറ ‘വിശ്വ സിനിമ’, ഗോപാല കൃഷ്ണ പൈയുടെ ‘സ്വപ്ന സാരസ്വത’ എന്നീ കൃതികളും കന്നടയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിദ്യാനഗറിലാണ് താമസം. കന്നട കവിയും എഴുത്തുകാരനുമായ കുളമര്‍വ എം.എ, ബി.എഡ് ബിരുദധാരിയാണ്. 31 വര്‍ഷക്കാലം അധ്യാപകനായി ജോലിചെയ്തു. 1985ല്‍ ആദ്യത്തെ കവിതാ സമാഹാരം ‘കാറഞ്ചി’ പ്രസിദ്ധീകരിച്ചു. ‘ഒളദനി’ എന്ന കവിത സമാഹാരവും ‘ഹനിജേനു’ എന്ന ചെറു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. ‘മറവേ വറ’ - നാടകം, ‘സുലഭ രാമയാണ’ - കഥാകാവ്യം, ‘വ്യാകരണവും ഛന്ദസ്സും’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ച കൈപുസ്തകം ‘വ്യവഹാര മാര്‍ക്ഷദര്‍ശി’ കുട്ടികളില്‍ എറെ പ്രിയമായി. ‘ജീവനദര്‍പ്പണ’, ‘സംചയ’ എന്നീ ലേഖന സമാഹാരങ്ങള്‍, ‘മെദുളിഗെ ഹൊദളു’ -കടങ്കഥ സമാഹാരം, ‘ഹവ്യക’ -കന്നട നിഘണ്ടു തുടങ്ങിയ കൃതികളും രചിച്ചു. സാഹിത്യകാരന്‍ എന്നതിലുപരി സമര്‍ഥനായ സംഘാടകന്‍ കൂടിയായ കുളമര്‍വ 26 വര്‍ഷക്കാലം കന്നട പാഠപുസ്തക സമിതി അംഗമായിരുന്നു. അധ്യാപക പരിശീലന കളരിയിലെ റിസോഴ്സ് പേഴ്സനാണ്. ദക്ഷിണ കന്നട, ഉഡുപ്പി, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന സിരിഗന്നട വേദികെ എന്ന കന്നട ഭാഷാ വേദിയുടെയും ഇതേ ജില്ലകള്‍ ഉള്‍പ്പെടുന്ന ബാലസാഹിത്യ സംഗമ വേദിയുടെയും വൈസ് പ്രസിഡന്‍റ് കൂടിയാണ്. സൗമ്യ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തി വരുന്നുണ്ട്. കാസര്‍കോടും കര്‍ണാടകയിലുമായി 21 ഓളം വിവിധ സാഹിത്യ സംഘടനകള്‍, മറ്റു വിവിധ സമിതികളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചു വരുന്നു. കര്‍ണാടക സംസ്ഥാനതല ദേശഭക്തി ഗാനരചനാ അവാര്‍ഡ്, നാടഗീതെ അവാര്‍ഡ്, രാഷ്ട്ര കവി കുവെംപു കാവ്യ പുരസ്കാരം, ചുടുകു സാഹിത്യ പരിഷത്ത് അവാര്‍ഡ്, പ്രേമ കവി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ കുമ്പള നാരായണ മംഗലത്താണ് താമസം. പടന്നക്കാട് കാര്‍ഷിക കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.