പ്രവാചകനെതിരായ നേതാവിന്‍െറ പ്രസംഗം വിവാദമായി; ഡി.വൈ.എഫ്.ഐ തിരുത്തി

ഇരിട്ടി: മുഹമ്മദ് നബിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്ന ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം എം. അനില്‍ കുമാറിന്‍െറ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റിന്‍െറ തിരുത്ത്. ഒരു സമുദായത്തെ മുഴുവന്‍ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ച നേതാവിന്‍െറ നിലപാട് ഡി.വൈ.എഫ്.ഐയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പായം പഞ്ചായത്തിലെ പെരിങ്കരിയില്‍ സാംസ്കാരിക സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്‍െറ റെക്കോഡ് ചെയ്ത ഭാഗം വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പ്രവാചകന്‍െറ വളര്‍ത്തുപുത്രന്‍െറ ഭാര്യയുടെ വിവാഹമോചനവും മറ്റുമാണ് നബിയെ ബന്ധപ്പെടുത്തി ‘പ്രാകൃത’ സംസ്കാരമായി ഡി.വൈ.എഫ്.ഐ നേതാവ് ചിത്രീകരിച്ചത്. സംഭവം പ്രചരിച്ചതോടെ മിക്ക മുസ്ലിം സംഘടനകളും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരും പ്രതികരണവുമായി രംഗത്തുവന്നു. ചിലയിടത്ത് പ്രകടനവും നടന്നു. വിവാദ പ്രസംഗം നടന്ന വേദിയില്‍ പി.കെ. ശ്രീമതി എം.പി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും സി.പി.എമ്മിന്‍െറ നിലപാട് വെളിപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് വിഷയം രാഷ്ട്രീയമായി ചിലര്‍ ദുരുപയോഗിക്കാന്‍ ഇടയായെന്ന വിലയിരുത്തലോടെ സി.പി.എം ജില്ലാ നേതൃത്വം നേരിട്ടിടപെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയെ കൊണ്ട് തിരുത്ത് പ്രസ്താവന പുറപ്പെടുവിച്ചത്. പക്ഷേ, പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം ‘ദൗര്‍ഭാഗ്യകരം’ എന്നാണ് വിശേഷിപ്പിച്ചത്. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുക എന്നത് ഡി.വൈ.എഫ്.ഐയുടെ നിലപാടല്ളെന്നും ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.