പൈപ്പിടാന്‍ പൊളിച്ച റോഡ് നന്നാക്കുന്നില്ല; അപകടം വര്‍ധിക്കുന്നു

തൃപ്പൂണിത്തുറ: ജനുറം കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാന്‍ വൈകുന്നത് ഗതാഗത തടസ്സങ്ങള്‍ക്കും വാഹനാപകടങ്ങള്‍ പെരുകാനും കാരണമാകുന്നു. പിറവത്തിനടുത്തെ പാഴൂരില്‍നിന്ന് മരടിലെ ശുദ്ധീകരണ പ്ളാന്‍റിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് നിരവധി സ്ഥലങ്ങളില്‍ റോഡ് വെട്ടിപ്പൊളിച്ച് കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിച്ചത്. വാഹന തിരക്കേറെയുള്ള റോഡ് ഭാഗങ്ങളാണ് പലയിടത്തും വെട്ടിപ്പൊളിച്ചത്. ഒന്നരക്കൊല്ലത്തിലേറെയായി പൊളിഞ്ഞുകിടക്കുന്ന റോഡുകള്‍ പോലും നന്നാക്കാത്ത അവസ്ഥയാണ്. ഉദയംപേരൂര്‍ പഞ്ചായത്തിന്‍െറ നടക്കാവില്‍ ആരംഭിക്കുന്ന കൂത്താട്ടുകുളം റോഡ് ഭാഗങ്ങളും മുളന്തുരുത്തി വട്ടക്കുന്ന്, തലക്കോട്, ഉദയംപേരൂര്‍ എം.എല്‍.എ റോഡ്, മാളേകാട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ രണ്ട് മീറ്റര്‍ വീതിയിലും ആഴത്തിലുമാണ് റോഡ് പൊളിച്ച് പൈപ്പുകള്‍ സ്ഥാപിച്ചത്. പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയായി ട്രയല്‍ റണ്‍ കഴിഞ്ഞിട്ടും റോഡ് മാത്രം നന്നാക്കിയിട്ടില്ല. പൊളിച്ച റോഡുകള്‍ കാല്‍നട പോലും സാധ്യമാകാത്തവിധം കുണ്ടുംകുഴിയുമായി ചളിവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തുകയുണ്ടായി. വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ അതേ നിലവാരത്തില്‍ പുനര്‍നിര്‍മിച്ച് നല്‍കണമെന്നതായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. പൊളിച്ച റോഡ് നന്നാക്കാനുള്ള പണം പൊതുമരാമത്ത് വകുപ്പിന് മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, പൊളിച്ച റോഡിലെ ചെറിയ ഭാഗങ്ങള്‍ പോലും നന്നാക്കുകയോ സഞ്ചാരയോഗ്യമാക്കുകയോ ചെയ്തിട്ടുമില്ല. ഇരുചക്രവാഹനങ്ങളും ബസുകളും മറ്റും കുഴികളില്‍ ചാടി അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.