ദേശീയപാത വികസനം: പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തമാകുന്നു

പറവൂര്‍: ദേശീയപാത 17ന്‍െറ നിര്‍മാണത്തിന് വീണ്ടും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാറിന്‍െറ പുതിയ നയം പറവൂര്‍ മേഖലയില്‍ വീണ്ടും പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സമരത്തിന്‍െറ തുടക്കമെന്ന നിലയില്‍ കേരള കോണ്‍ഗ്രസ് (എം), എന്‍.എച്ച് 17 സംയുക്ത സമരസമിതി എന്നിവരാണ് ആദ്യമായി രംഗത്തുവന്നത്.കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടുദിവസത്തെ സമരമാണ് സംഘടിപ്പിച്ചത്. വരാപ്പുഴയില്‍നിന്ന് മൂത്തകുന്നത്തേക്ക് വാഹനപ്രചാരണ ജാഥയും അതിനടുത്ത ദിവസം കൂനമ്മാവ് ചിത്തിര കവലയില്‍ പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു. അതിനുപിന്നാലെ ദേശീയപാത 17 സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ പങ്കെടുപ്പിച്ച് പറവൂര്‍ നഗരത്തില്‍ ഉജ്ജ്വല പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഏറ്റെടുത്ത 30 മീറ്ററില്‍തന്നെ പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേരത്തേതന്നെ സമരരംഗത്തുണ്ട്. സര്‍ക്കാറിന്‍െറ പുതിയ തീരുമാനം വന്നതോടെ രാഷ്ട്രീയപാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും പ്രാദേശികമായി സമരത്തിന് തയാറെടുക്കുകയാണ്. മൂത്തകുന്നം മുതല്‍ ഇടപ്പിള്ളി വരെ 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനുള്ള നീക്കം ബി.ഒ.ടി ലോബിയെ സഹായിക്കുന്നതിനുവേണ്ടിയാണെന്ന് സമരക്കാര്‍ ആരോപിച്ചു. പാത കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും പുതിയ തീരുമാനത്തെ എതിര്‍ത്തിട്ടും പുതിയനയവുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാതയരികിലെ നൂറുകണക്കിന് കുടുംബങ്ങളും വ്യത്യസ്ത തൊഴില്‍ മേഖലകള്‍ കണ്ടത്തെിയവരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരത്തില്‍ പങ്കാളികളാകാനാണ് തീരുമാനം. അതേസമയം, ഏറ്റെടുത്ത സ്ഥലത്ത് നിര്‍മാണം നടത്താതെ നീട്ടിക്കൊണ്ടുപോയതുമൂലം അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഒന്നര മാസത്തിനിടെ പതിനേഴില്‍പ്പരം അപകടങ്ങളിലായി 23 പേര്‍ക്ക് പരിക്കേറ്റിരുന്നു. 2014ല്‍ മാത്രം അറുപതിലേറെ അപകടങ്ങളിലായി 13 പേരുടെ ജീവനാണ് ഈ മേഖലയില്‍ പൊലിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.