അപകടസ്ഥലത്തുനിന്ന് മുങ്ങിയ ഡ്രൈവര്‍ ആശുപത്രിയില്‍ പൊങ്ങി

അരൂര്‍: ചന്തിരൂരിലെ അപകടസ്ഥലത്തുനിന്ന് മുങ്ങിയ പെട്ടിഓട്ടോ ഡ്രൈവര്‍ ചികിത്സതേടി മരട് പി.എസ് മിഷന്‍ ആശുപത്രിയില്‍ എത്തി. ചന്തിരൂര്‍ പാലത്തില്‍നിന്ന് 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പെട്ടിഓട്ടോ ഡ്രൈവറെ കാണാതായത് ദുരൂഹതകള്‍ക്ക് ഇടയാക്കിയിരുന്നു. ആശങ്കയുടെ മുള്‍മുനയില്‍ പൊലീസും നാട്ടുകാരും റോഡരികിലെ കാനയിലും കാട്ടിലും ഒരുമണിക്കൂറോളം ഡ്രൈവറെ തിരഞ്ഞു. പെട്ടിഓട്ടോയില്‍ 60,000ലധികം രൂപ അടങ്ങുന്ന പൊതി ഉപേക്ഷിച്ചാണ് ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി ജിതേഷ് (30) അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കാല്‍നടക്കാരനെ രക്ഷിക്കാന്‍ പെട്ടെന്ന് നിര്‍ത്തിയ ബൈക്കിലിടിച്ചാണ് പെട്ടിഓട്ടോ നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞത്. ബൈക്കില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. കാല്‍നടക്കാരനും ബൈക്കും ഓട്ടോയുമെല്ലാം കൂടി പാലത്തിന്‍െറ അപ്രോച്ച് റോഡിന്‍െറ താഴ്ചയിലേക്ക് വീണതോടെ ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായിക്കാണുമെന്ന് ധരിച്ചാണ് ജിതേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഏതോ വാഹനത്തില്‍ കയറി എറണാകുളത്ത് എത്തി ആശുപത്രിയില്‍ പ്രവേശിച്ചത്. അപകടസ്ഥലത്ത് ഓടിക്കൂടിയവര്‍ ആക്രമിക്കുമെന്ന ഭയമുണ്ടായിരുന്നെന്ന് ജിതേഷ് പൊലീസിനോട് പറഞ്ഞു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.