നിലവാരമില്ലാത്ത റോഡുകള്‍; അപകടകേന്ദ്രമായി അരൂര്‍

അരൂര്‍: അരൂരില്‍ ഒരുമാസത്തിനിടെ ഉണ്ടായത് 20 വാഹനാപകടങ്ങള്‍. അധികവും റോഡുകളുടെ നിലവാരമില്ലായ്മ മൂലമെന്ന് പൊലീസ്. ദേശീയപാതയുടെ അരികിടിയുന്നത് വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആവശ്യത്തിന് വെളിച്ചമില്ലാത്തതും പ്രശ്നമാകുന്നു. റോഡ് മുറിച്ചുകടക്കാന്‍ വഴിയാത്രക്കാര്‍ ഏറെ ക്ളേശമനുഭവിക്കുകയാണ്. റോഡ് മറികടക്കാന്‍ കാത്തുനിന്നശേഷം എന്തും വരട്ടെയെന്ന മനോഭാവത്തോടെ മറികടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മോട്ടോര്‍ വെഹിക്ക്ള്‍ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് യുവാക്കള്‍ മരിക്കാനിടയായ അപകടം എരമല്ലൂരില്‍ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കാന്‍ വെഹിക്ക്ള്‍ ഡിപ്പാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. അന്വേഷണത്തിന് പൊലീസും സ്ഥലത്തത്തെി. എന്നാല്‍, റോഡിന്‍െറ അപാകതയാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ദേശീയപാതാ അധികൃതരും പൊതുമരാമത്ത് അധികൃതരും തിരിഞ്ഞുനോക്കിയില്ളെന്ന് ആക്ഷേപമുണ്ട്. ദേശീയപാതക്കരികിലെ വലിയ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയാണ് സ്കൂട്ടര്‍ യാത്രക്കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് അടിയില്‍ ഇടിച്ചുകയറിയത്. തുറവൂര്‍ സ്വദേശികളായ സിബി (28), നിഖില്‍ (26) എന്നിവരാണ് മരിച്ചത്. റോഡരികിലെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്ന മറ്റ് കാരണങ്ങളാണ്. ഫുട്പാത്തിലെ കുഴികള്‍ അടക്കാന്‍ നടപടി ഉണ്ടാകാത്തതുപോലെതന്നെ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളില്‍ കാന നിര്‍മിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. വാഹനാപകടങ്ങള്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ദേശീയപാതയുടെ നിര്‍മാണ പിഴവുമൂലമാണ് അപകടമുണ്ടാകുന്നതെങ്കില്‍ ദേശീയപാതാ അധികൃതര്‍ക്കെതിരെയും കേസെടുക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.