മാര്‍ക്കറ്റ്, റോഡ് നവീകരണം: പദ്ധതിക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം

പാലക്കാട്: അര്‍ബന്‍ 2020 പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തിലെ 18 പ്രധാന റോഡുകളും സ്വകാര്യ-പൊതുകുളങ്ങളും നവീകരിക്കാനും അറവുശാല, മേലാമുറിയിലെ പച്ചക്കറി മാര്‍ക്കറ്റ് എന്നിവയുടെ ആധുനികവത്കരണത്തിനും തയാറാക്കിയ പദ്ധതിക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പദ്ധതി തുകയുടെ 80 ശതമാനം സര്‍ക്കാര്‍ ഗ്രാന്‍റായി അനുവദിക്കും. സംസ്ഥാനത്ത് പാലക്കാട് ഉള്‍പ്പെടെയുള്ള നാല് നഗരസഭകളിലാണ് അര്‍ബന്‍ 2020 പദ്ധതി നടപ്പാക്കുന്നത്. വെണ്ണക്കര കുടിവെള്ള പദ്ധതിക്ക് പ്ളാന്‍ ഫണ്ടില്‍നിന്ന് 40 ലക്ഷം നീക്കിവെക്കണമെന്ന കൗണ്‍സിലര്‍മാരുടെ ആവശ്യം യോഗം അംഗീകരിച്ചു. നഗരസഭയിലെ കേടായ വാഹനങ്ങള്‍ നന്നാക്കാന്‍ 10,000 രൂപ നീക്കിവെക്കും. നഗരത്തിലെ മിഷന്‍ സ്കൂളിന് സമീപത്തെ കൃഷ്ണാ പാര്‍ക്ക്, മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്തുള്ള കൃഷ്ണസ്വാമി പാര്‍ക്ക്, കോട്ടമൈതാനത്തിന് എതിര്‍വശത്തെ എ.ആര്‍. മേനോന്‍ പാര്‍ക്ക് എന്നിവ ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ടുവന്ന സ്കൂളുകളോടും സംഘടനകളോടും പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പുതുതായി 1250 സോഡിയം വേപ്പര്‍ വിളക്കുകള്‍ വാങ്ങാനും ഇവ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. തെരുവുവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കത്തിച്ച റാന്തല്‍ വിളക്കുമായാണ് യോഗത്തിനത്തെിയത്. ചെയര്‍മാന്‍ പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.