ചേനപ്പാടിയിലേത് അധികൃതര്‍ നടത്തിയ കൊലപാതകം –എം. സ്വരാജ്

കാളികാവ്: ചേനപ്പാടി ആദിവാസി കോളനിയില്‍ മരംവീണ് മരിച്ച ബാലന്‍േറത് അധികൃതര്‍ നടത്തിയ കൊലപാതകമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പറഞ്ഞു. വനംവകുപ്പും സംസ്ഥാന സര്‍ക്കാറുമാണ് ഈ സംഭവത്തിലെ പ്രതികളെന്നും അദ്ദേഹം പറഞ്ഞു. ചേനപ്പാടിയിലെ ആദിവാസി കുടുംബങ്ങളെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ച പുല്ലങ്കോട് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കെട്ടിടം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്‍ക്കാട്ടില്‍ കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ ഒരു സുരക്ഷയുമില്ലാത്ത സ്ഥലത്താണ് ചേനപ്പാടിക്കാര്‍ കഴിഞ്ഞിരുന്നത്. മരങ്ങളുടെ കൊമ്പ് പോലും മുറിക്കാന്‍ വനപാലകര്‍ അനുവദിച്ചിരുന്നില്ല. മരങ്ങള്‍ മുറിച്ച് മാറ്റാത്തതാണ് കടപുഴകി വീഴാന്‍ കാരണം. കാട്ടിനുള്ളില്‍ കഴിയുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കാതിരിക്കുകയും ദുരന്തസ്ഥലം സന്ദര്‍ശിക്കാതിരിക്കുകയും ചെയ്ത സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവരാണ് ഈ ദുരന്തത്തിലെ പ്രതികളെന്നും സ്വരാജ് കുറ്റപ്പെടുത്തി. കോളനിക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിലുള്ളവര്‍ക്ക് ചോക്കാട്ടെ കുഞ്ഞാലി സ്മാരക ചാരിറ്റബ്ള്‍ സൊസൈറ്റി നല്‍കിയ വസ്ത്രങ്ങള്‍ സ്വരാജ് വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി.ടി. ഉമ്മറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. മരംവീണ് അപകടത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. നട്ടെല്ലിനും കാലിന്‍െറ തുടയെല്ലിനും കൈക്കും പരിക്കേറ്റ ശ്രീനിവാസനും വാരിയെല്ലിനും കൈക്കും പരിക്കേറ്റ ശോഭനയും ചന്ദ്രന്‍ എന്നയാളും നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ആറിനായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.