ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ലാബ് സൗകര്യം ഉറപ്പാക്കും

മലപ്പുറം: ജില്ലയിലെ വൊക്കേഷനല്‍ സ്കൂളുകള്‍ അടക്കമുള്ള മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും ലാബ് സൗകര്യം ഉറപ്പാക്കാന്‍ പ്രസിഡന്‍റ് സുഹറ മമ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ വിഹിതവും ജില്ലാപഞ്ചായത്ത് വിഹിതവും ഉപയോഗിച്ചാണ് ലാബ് സൗകര്യം ഒരുക്കുക. ജില്ലയിലെ 45 സ്കൂളുകളില്‍ ലാബ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ 1.5 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള സ്കൂളുകളിലാണ് ജില്ലാ പഞ്ചായത്ത് സൗകര്യം ഒരുക്കുക. സ്കൂളുകളില്‍ കമ്പ്യൂട്ടര്‍-ഫര്‍ണിച്ചര്‍ സൗകര്യം ഒരുക്കാനും ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കി. കേടുവന്ന കമ്പ്യൂട്ടറുകള്‍ നന്നാക്കാനും കമ്പ്യൂട്ടര്‍ ഇല്ലാത്ത സ്കൂളുകള്‍ക്ക് സൗകര്യം അനുവദിക്കാനുമാണ് പദ്ധതി. ഐ.ടി അറ്റ് സ്കൂളുമായി ചേര്‍ന്നാണ് സൗകര്യം ഒരുക്കുക. ട്രഷറി നിയന്ത്രണം മൂലം, ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതിപ്രകാരം നീക്കിവെച്ച വിഹിതം വേണ്ടവിധത്തില്‍ ലഭ്യമാക്കാനാവാത്തതിനാല്‍ നിയന്ത്രണം നീക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. 16.79 കോടി രൂപയാണ് ഐ.എ.വൈ പദ്ധതിപ്രകാരം നീക്കിവെച്ചിട്ടുള്ളത്. ട്രഷറിയില്‍നിന്ന് ആഴ്ചയില്‍ ഒരു ദിവസം 50 ലക്ഷം രൂപയേ പിന്‍വലിക്കാനാവൂ. ഉദ്യോഗസ്ഥര്‍ക്കുള്ള വേതനവും മറ്റു ചെലവുകളും കഴിഞ്ഞുള്ള തുക വിനിയോഗിച്ചാല്‍ ഐ.എ.വൈ പദ്ധതി പൂര്‍ത്തിയാക്കാനാവില്ളെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. 50 ലക്ഷത്തിന്‍െറ ട്രഷറി സീലിങ് ഒഴിവാക്കിത്തരണമെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യമുന്നയിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. വികലാംഗര്‍ക്ക് മുച്ചക്ര വാഹനം നല്‍കാന്‍ നവംബര്‍ അഞ്ചിനകം ലഭിക്കുന്ന അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനമായി. ലിസ്റ്റ് ആവശ്യപ്പെട്ട് മാസങ്ങളായിട്ടും 45 ഗ്രാമപഞ്ചായത്തുകള്‍ ഇതുവരെയും അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. നിശ്ചിത തീയതിക്ക് ശേഷം ലഭ്യമായ അപേക്ഷകളില്‍നിന്ന് മുന്‍ഗണനാ ലിസ്റ്റ് തയാറാക്കും. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി ഡോക്ടറുടെ സാക്ഷ്യപത്രപ്രകാരം മുച്ചക്ര വാഹനങ്ങള്‍ കൈമാറും. ജില്ലാ കേരളോത്സവം ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വണ്ടൂരില്‍ നടത്താനും ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ നവംബര്‍ 15നകം കരാറ് വെക്കാനും യോഗത്തില്‍ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.