മാവോവാദികള്‍ നാട്ടില്‍; പൊലീസ് തിരച്ചില്‍ കാട്ടില്‍

മാനന്തവാടി: ഭരണകൂടത്തെ വെല്ലുവിളിച്ച് മാവോവാദികള്‍ നാട്ടില്‍ വിലസുമ്പോള്‍ അവരെ തപ്പി പൊലീസ് കാട്ടില്‍ തിരച്ചില്‍ നടത്തുന്നു. 2013ല്‍ ആദ്യമായി വയനാട്ടില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതുമുതല്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ആന്‍റി നക്സല്‍ സ്ക്വാഡും വനം വകുപ്പും നിരന്തരം തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍, മാവോവാദികള്‍ പല സമയങ്ങളിലായി നാട്ടില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കുഞ്ഞോത്ത് പൊലീസുകാരന്‍െറ ബൈക്ക് കത്തിച്ചാണ് ഇവര്‍ ശക്തമായ സ്വാധീനം അറിയിച്ചത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ 14ന് തലപ്പുഴ മേലേ തലപ്പുഴ കോളനിയില്‍ രൂപേഷ്, സുന്ദരി എന്നിവരുടെ നേതൃത്വത്തില്‍ ഏഴുപേര്‍ എത്തി മൂന്ന് വീടുകളിലായി ഒരു മണിക്കൂറോളം ചെലവഴിച്ചിരുന്നു. ഇതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ ഞായറാഴ്ച മാനന്തവാടിയിലും അമ്പലവയല്‍, ബത്തേരി എന്നിവടങ്ങളിലും മാവോവാദികളുടേതായ പോസ്റ്ററുകള്‍ ഒട്ടിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമുണ്ടായി. ഈ സംഭവത്തിലും പൊലീസ് കേസെടുത്തതല്ലാതെ ഉറവിടം കണ്ടത്തൊനോ, അച്ചടിച്ച പ്രസ് കണ്ടത്തൊനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വടകര മേഖലയിലും സമാന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാവോവാദി സംഘത്തില്‍പെട്ട പലരും പല സമയത്തും ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ സാന്നിധ്യം അറിയിച്ചിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. എന്നിട്ടും കാട് കയറിയുള്ള തിരച്ചില്‍ നടത്താനാണ് പൊലീസ് ജാഗ്രത കാട്ടുന്നത്. അത്യാധുനിക സംവിധാനം ഉപയോഗിക്കുന്ന കേരള പൊലീസിന് മാവോവാദികളെ കണ്ടത്തൊന്‍ കഴിയാത്തത് കഴിവുകേടായി ചിത്രീകരിക്കപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.