മദ്യപരുടെ വിളയാട്ടം ഭീഷണിയാകുന്നു

സുല്‍ത്താന്‍ ബത്തേരി: തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള ബസുകളിലും റോഡുകളിലും മദ്യപന്മാരുടെ വിളയാട്ടം. ബത്തേരിയിലെ ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് മദ്യപാനികള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ തുറന്ന മദ്യഷാപ്പുകളിലേക്ക് പ്രവഹിക്കുകയാണ്. വൈകുന്നേരമായാല്‍ ഈ റൂട്ടുകളിലോടുന്ന ബസുകളില്‍ മദ്യപിച്ച് ലക്കുകെട്ടവര്‍ മറ്റു യാത്രക്കാര്‍ക്ക് ശല്യമായി മാറുകയാണ്. കേരളത്തില്‍ ‘ഡ്രൈഡേ’യായി പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളില്‍ മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാടിന്‍െറ അതിര്‍ത്തി ഗ്രാമങ്ങള്‍ സംഘര്‍ഷ കലുഷിതമാണ്. കുടിയന്മാരുടെ അഴിഞ്ഞാട്ടം തദ്ദേശവാസികളുടെ സൈ്വര ജീവിതം ഇല്ലാതാക്കി. അപകടങ്ങളും തുടര്‍ക്കഥയായി. ഡ്രൈവര്‍ അടക്കം മദ്യപിച്ച് ലക്കുകെടുന്നതിനാല്‍ റോഡിലൂടെ നടക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും കഴിയുന്നില്ല. അതിര്‍ത്തി ഷാപ്പില്‍നിന്ന് മദ്യം കഴിച്ചുവന്ന സംഘത്തിന്‍െറ വാഹനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടതെന്നും പരാതിയുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ രണ്ട് ബാറുകള്‍ പുതിയ മദ്യനയത്തിന്‍െറ ഭാഗമായി അടച്ചുപൂട്ടിയപ്പോള്‍ ബത്തേരിയോട് ചേര്‍ന്നുകിടക്കുന്ന തമിഴ്നാട് ഗ്രാമങ്ങളില്‍ പത്ത് മദ്യഷാപ്പുകളാണ് പുതുതായി ആരംഭിച്ചത്. മദ്യഷാപ്പുകളുടെ പരിസരത്ത് ഉന്തുവണ്ടികളില്‍ ഇറച്ചി, മീന്‍ കറികള്‍ അടക്കം അനധികൃതമായി ‘മൊബൈല്‍ ഹോട്ടലു’കളും ആരംഭിച്ചിട്ടുണ്ട്. ബത്തേരി-താളൂര്‍-ഊട്ടി റോഡില്‍ താളൂരിലെ അതിര്‍ത്തി ചെക്പോസ്റ്റ് കടന്നുകഴിഞ്ഞാലുടന്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് മദ്യഷാപ്പിന്‍െറ പരസ്യ ബോര്‍ഡാണ്. ചുറ്റുപാടുകള്‍ വൃത്തിഹീനമാണെങ്കിലും മദ്യവില്‍പനക്കും ഉപഭോഗത്തിനും ഒരു കുറവുമില്ല. താളൂരിലും ചുള്ളിയോടും കേരള പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും മദ്യക്കടത്തും വ്യാപകമാണ്. അതിര്‍ത്തി ഷാപ്പുകളില്‍നിന്ന് വിലകുറഞ്ഞ ‘സെക്കന്‍ഡ്സ്’ മദ്യമത്തെിച്ച് വയനാടന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മദ്യവില്‍പന പൊടിപൊടിക്കുന്നുണ്ട്. ഉദ്യോഗസ്ഥ പരിശോധന ഫലപ്രദമല്ളെന്ന ആക്ഷേപം വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.