നിരോധം കടലാസില്‍ മാത്രം; പാന്‍മസാലകളുടെ വില്‍പന വ്യാപകം

മാനന്തവാടി: നിരോധം കടലാസില്‍ ഒതുങ്ങിയതോടെ ജില്ലയില്‍ നിരോധിത പാന്‍മസാലകളുടെ വില്‍പന വ്യാപകമാകുന്നു. പെട്ടിക്കടകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പന. ഹാന്‍സ്, മധു തുടങ്ങിയവയുടെ വില്‍പനയാണ് തകൃതിയായി നടക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളായ തോല്‍പെട്ടി, കുട്ട, ബാവലി, ബൈരകുപ്പ, മുത്തങ്ങ, നമ്പ്യാര്‍കുന്ന്, എരുമാട് തുടങ്ങിയ സ്ഥലങ്ങളില്‍ പാന്‍മസാല സുലഭമാണ്. ഇവിടെ നിന്നാണ് ബസുകള്‍, ഏജന്‍സികള്‍ എന്നിവ വഴി ജില്ലയിലേക്ക് പാന്‍മസാലകള്‍ എത്തുന്നത്. രഹസ്യമായാണ് വില്‍പന. അതുകൊണ്ടുതന്നെ അധികൃതര്‍ പരിശോധന നടത്തിയാലും ഇവ എളുപ്പം പിടികൂടാന്‍ കഴിയാറില്ല. സമ്പൂര്‍ണ പുകയില വിരുദ്ധ ബ്ളോക് പഞ്ചായത്തായി മാനന്തവാടിയെ മാറ്റുന്നതിന്‍െറ ഭാഗമായി നടത്തിയ പരിശോധനകളില്‍ ഒരു പെട്ടിക്കടയില്‍നിന്ന് പിടികൂടിയത് കിലോ കണക്കിന് പാന്‍മസാലയാണ്. ഈ കടയില്‍നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും പരിശോധന നടത്തിയപ്പോള്‍ ആദ്യ ദിനം ലഭിച്ച അതേ അളവില്‍ പാന്‍മസാല പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ മാനന്തവാടിയിലെ കടകളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍, കാര്യമായൊന്നും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബാറുകള്‍ പൂട്ടിയതോടെ ജില്ലയില്‍ കഞ്ചാവിന്‍െറ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് പൊതികളാക്കി കഞ്ചാവ് ജില്ലയിലത്തെിക്കുന്നത്. ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് വില്‍പന കൂടുതലും. ഇവയുടെ വരവ് തടയുന്നതിന്‍െറ ഭാഗമായാണ് തോല്‍പെട്ടിയില്‍ എക്സൈസ് പുതിയ ചെക്പോസ്റ്റ് ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.