സുല്‍ത്താന്‍ ബത്തേരി: കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞ വയനാട്ടില്‍നിന്ന് കര്‍ണാടകയില്‍ ഭാഗ്യം തേടിയിറങ്ങിയ ഇഞ്ചി കര്‍ഷകര്‍ ഇത്തവണ കടുത്ത ആശങ്കയില്‍. അനുദിനം കുറയുന്ന വിലയും വ്യാപകമാകുന്ന മൂടുചീയല്‍ രോഗവുമാണ് വെല്ലുവിളിയായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ പ്രദേശത്താണ് ഇത്തവണ ഇഞ്ചികൃഷി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പകുതിയില്‍ 60 കിലോ ചാക്ക് ഇഞ്ചിക്ക് 3,000 രൂപയായിരുന്നു വില. എന്നാല്‍, 1,500 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില നിലവാരം. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ 60 കിലോ പച്ച ഇഞ്ചിക്ക് 6,500 രൂപ വില ലഭിച്ചിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ചാക്കിന് 10,000 രൂപ വരെ വിലയുയര്‍ന്നു. കര്‍ണാടകയിലെ ഇഞ്ചികൃഷി ഒന്നുകൊണ്ടു മാത്രം കോടീശ്വരന്മാരായി മാറിയവര്‍ വയനാട്ടിലുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഉയര്‍ന്നുനിന്ന ഇഞ്ചിവില കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ഇതോടെ ഇഞ്ചിപ്പാടങ്ങളുടെ വിസ്തൃതി ഇരട്ടിച്ചു. ഉല്‍പാദനം ഇരട്ടിയാവുന്നതോടെ വില കുത്തനെ ഇടിയുമെന്ന ആശങ്കക്ക് അടിവരയിടുന്നതാണ് ഇപ്പോഴത്തെ വിലനിലവാരം. ഇപ്പോഴത്തെ വിലയെങ്കിലും തുടര്‍ന്നാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. ഈ പ്രതീക്ഷ തകിടം മറിച്ചുകൊണ്ടാണ് മഹാളി, മൂടുചീയല്‍ രോഗങ്ങള്‍ കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ വ്യാപകമായത്. നൂറുകണക്കിന് ഹെക്ടര്‍ ഭൂമിയിലെ ഇഞ്ചി ഇതിനകംതന്നെ രോഗംമൂലം പറിച്ചുമാറ്റിക്കഴിഞ്ഞു. കാര്യമായ പാട്ടമൊന്നും നല്‍കാതെതന്നെ ഒരു പതിറ്റാണ്ടുമുമ്പ് കര്‍ണാടകയില്‍ ഇഞ്ചികൃഷിക്ക് ഭൂമി ലഭിച്ചിരുന്നു. ഭൂമിയുടെ ലഭ്യതയും ഇഞ്ചികൃഷി മണ്ണിനെ സമ്പുഷ്ടമാക്കുമെന്ന ഉടമകളുടെ ചിന്തയുമായിരുന്നു ഇതിന് കാരണം. ഏക്കറിന് 1,000 മുതല്‍ 5,000 വരെയായിരുന്നു ആദ്യ അഞ്ചു വര്‍ഷങ്ങളില്‍ പാട്ടനിരക്ക്. ഇത്തവണ ഹെക്ടറിന് ഒരുലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ പാട്ടത്തുക മുന്‍കൂര്‍ നല്‍കി കരാര്‍ എഴുതിയാണ് പലര്‍ക്കും കൃഷിക്ക് ഭൂമി ലഭിച്ചത്. കൂലിച്ചെലവും പതിന്മടങ്ങായി. വളമടക്കമുള്ള അനുബന്ധച്ചെലവുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇഞ്ചിവില ഇടിയുന്നത് കര്‍ഷകരില്‍ ആശങ്കയുയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.