തിരുനെല്ലി: വന്യമൃഗശല്യം രൂക്ഷമായതോടെ തിരുനെല്ലിയടക്കമുള്ള വിവിധയിടങ്ങളിലെ ആദിവാസി കുടുംബങ്ങള്‍ കൃഷി ഉപേക്ഷിക്കുന്നു. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 20ലധികം പേരാണ് നെല്‍കൃഷി വേണ്ടെന്നുവെച്ചത്. വനാന്തരഗ്രാമമായ നെടുന്തണ കാട്ടുനായ്ക്ക കോളനിയിലും വെട്ടകുറുമ കോളനിയിലുമായി മാത്രം 40 ഓളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യുന്നില്ല. ഇവിടെ വനം വകുപ്പ് പാട്ടത്തിനനുവദിച്ച 100 ഏക്കറോളം പാടശേഖരമുണ്ട്. തരിശായ വയലുകള്‍ കാലിമേക്കുന്നതിനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കോളനിയിലെ രണ്ടുപേരെ മുമ്പ് കാട്ടാന കുത്തിക്കൊന്നിട്ടുണ്ട്. ഇവിടെ രാപ്പകല്‍ ഭേദമില്ലാതെയാണ് കാട്ടാനകളത്തെുന്നത്. പൊന്നുവിളയുന്ന ഫലഭൂയിഷ്ഠമായ പാടശേഖരം ഇതുമൂലം തരിശായിക്കിടക്കുകയാണ്. വനാന്തരത്തില്‍ താമസിച്ചിരുന്ന 25ഓളം കാട്ടുനായ്ക്ക കുടുംബങ്ങളെ നിര്‍ബന്ധിച്ചാണ് സര്‍ക്കാര്‍ ഇവിടെ പുനരധിവസിപ്പിച്ചത്. 1980ല്‍ പണിതീര്‍ത്ത പല ആദിവാസി വീടുകളും തകര്‍ന്ന അവസ്ഥയിലാണ്. ആനയെ പേടിച്ച് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണിവര്‍ക്ക്. ഇവിടെ ഒരു വീട് മുമ്പ് ആന തകര്‍ത്തിട്ടുണ്ട്. ആനക്കിടങ്ങുകള്‍ നിര്‍മിച്ചാല്‍ കാട്ടാനശല്യത്തില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് ആദിവാസികള്‍ പറയുന്നത്. വനവിഭവങ്ങള്‍ ശേഖരിച്ചാണ് ആദിവാസികള്‍ ഇപ്പോള്‍ ജീവിക്കുന്നത്. കാട്ടില്‍നിന്ന് തേനെടുക്കുന്ന സമയങ്ങളില്‍ കരടിയുടെ ശല്യവുമുണ്ട്. രാത്രിമുഴുവന്‍ ഉറങ്ങാതെ കാവല്‍ നിന്നാണ് ഇവര്‍ നെല്‍കൃഷി നടത്തിയിരുന്നത്. മുമ്പ് 25ഓളം ഏറുമാടങ്ങള്‍ ഇവിടുണ്ടായിരുന്നു. ജില്ലയിലെ മറ്റ് ആദിവാസി ഗ്രാമങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.