പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി

കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി. നഗരത്തിലെ വിവിധ റോഡുകളില്‍നിന്ന് 400 ഫ്ളക്സ് ബോര്‍ഡുകളും പ്ളാസ്റ്റിക് ബോര്‍ഡുകളും നഗരസഭ നീക്കം ചെയ്തതായി മേയര്‍ ടോണി ചമ്മണി അറിയിച്ചു. ഷണ്‍മുഖം റോഡ്, ബാനര്‍ജി റോഡ്, ചിറ്റൂര്‍ റോഡ്, എം.ജി റോഡ് എന്നിവിടങ്ങളില്‍നിന്നുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സിന്ധുവിന്‍െറ നേതൃത്വത്തിലെ നഗരസഭാ സംഘം നീക്കിയത്. 210 വലിയ ബോര്‍ഡുകളും മറ്റ് ബോര്‍ഡുകളും നീക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും ബോര്‍ഡുകള്‍ നീക്കം ചെയ്തവയില്‍പ്പെടുന്നു. രാവിലെ 7.30 മുതല്‍ വൈകുന്നേരം വരെ നീക്കം ചെയ്യല്‍ ജോലി തുടര്‍ന്നു. ചിറ്റൂര്‍ റോഡ്, എം.ജി റോഡ് എന്നിവിടങ്ങളില്‍നിന്ന് ഇനിയും ബോര്‍ഡുകള്‍ നീക്കം ചെയ്യാനുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കംചെയ്യുന്ന പ്രവൃത്തി തുടരുമെന്ന് മേയര്‍ അറിയിച്ചു. ആദ്യപടി എന്ന നിലയില്‍ പൊതുസ്ഥലങ്ങളില്‍നിന്നുള്ള ബോര്‍ഡുകളാണ് നീക്കം ചെയ്തിരിക്കുന്നത്. പിന്നീട് സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യും. നിശ്ചിതദിവസത്തിനുള്ളില്‍ സ്വകാര്യസ്ഥലങ്ങളില്‍നിന്നുള്ള അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തില്ളെങ്കില്‍ പിഴ ഉള്‍പ്പെടെ കനത്ത നടപടി നേരിടേണ്ടിവരുമെന്നും മേയര്‍ അറിയിച്ചു. നഗരത്തിലെ റോഡിന്‍െറ വശങ്ങളിലും മീഡിയനുകളിലും രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും കൊടി തോരണങ്ങളും പ്രചാരണസാമഗ്രികളും സ്ഥാപിച്ച് നഗരത്തിന്‍െറ ഭംഗി നശിപ്പിക്കരുതെന്ന് മേയര്‍ അഭ്യര്‍ഥിച്ചു. ഇവ നഗരത്തിന്‍െറ പാരിസ്ഥിതിക അന്തരീക്ഷത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും നഗരസൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും. പൊതുസ്ഥലങ്ങളിലെ എല്ലാവിധ ഫ്ളക്സ് ബോര്‍ഡുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും കത്തെഴുതും. ഇതുസംബന്ധിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും മേയര്‍ അറിയിച്ചു. സ്വകാര്യസ്ഥലങ്ങളില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പാകത്തില്‍ നിയമനിര്‍മാണം നടത്താന്‍ മുന്‍കൈ എടുക്കുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മേയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.