മെട്രോ റെയില്‍ അവഗണന; 25ന് തൃപ്പൂണിത്തുറയില്‍ പ്രതിഷേധ കൂട്ടായ്മ

തൃപ്പൂണിത്തുറ: മെട്രോ റെയിലില്‍ തൃപ്പൂണിത്തുറയെ കൈവിട്ടതിന് കാരണം ജനപ്രതിനിധികള്‍ ഇടപെടാത്തതാണെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്‍റ്സ് അസോസിയേഷന്‍ (ട്രൂറ) പൊതുയോഗത്തില്‍ വിമര്‍ശം. മെട്രോ റെയില്‍ മൂന്നാംഘട്ടം വൈറ്റിലയില്‍ അവസാനിപ്പിച്ച് പേട്ടയിലേക്കോ തൃപ്പൂണിത്തുറക്കോ നീട്ടാതെ രണ്ടാംഘട്ടമെന്ന പേരില്‍ കാക്കനാട്ടേക്ക് നീട്ടാനുള്ള ഗൂഢനീക്കത്തിനെതിരെ ട്രൂറയുടെ നേതൃത്വത്തില്‍ ഈ മാസം 25ന് സ്റ്റാച്യു ജങ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചതായി 125 റെസിഡന്‍റ്സ് അസോസിയേഷനുകള്‍ ഉള്‍പ്പെട്ട ട്രൂറയുടെ പൊതുയോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. തൃപ്പൂണിത്തുറയെ മെട്രോ പദ്ധതിയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം ആസൂത്രിതമാണെന്ന് ട്രൂറയുടെ പൊതുയോഗത്തില്‍ ആക്ഷേപമുയര്‍ന്നു. മെട്രോ ആദ്യഘട്ടത്തില്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപം വരെ നീട്ടുന്നതിനാവശ്യമായ അനുകൂല ഘടകങ്ങളെല്ലാം ഉണ്ടായിരിക്കെയാണ് രണ്ടാംഘട്ടമെന്ന് പേരിട്ട് മെട്രോ റെയില്‍ പദ്ധതി പാലാരിവട്ടത്തുനിന്ന് കാക്കനാട്ടേക്ക് നിര്‍മിക്കാന്‍ ശ്രമം നടക്കുന്നതെന്ന് ആരോപണമുണ്ട്. ഒരാളെപോലും കുടിയൊഴിപ്പിക്കാതെതന്നെ നാലുവരിപ്പാതയാകുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡുവഴി മെട്രോ റെയില്‍ തൃപ്പൂണിത്തുറയില്‍നിന്ന് കാക്കനാട്ടേക്ക് നീട്ടാനുള്ള സൗകര്യമുണ്ടായിരിക്കെയാണ് അതുപേക്ഷിച്ച് പാലാരിവട്ടത്തുനിന്ന് കാക്കനാട് വരെയുള്ള ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചും ഗതാഗതക്കുരുക്കുണ്ടാക്കിയും മെട്രോ പദ്ധതി കാക്കനാട്ടത്തെിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ പ്രതിമാസം 25 ലക്ഷം രൂപയുടെ വരുമാനമുണ്ടായിട്ടും ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കുകയോ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയോ ചെയ്യാത്തതും തൃപ്പൂണിത്തുറയെ അവഗണിക്കുന്നതിന്‍െറ ഭാഗമാണ്. യോഗത്തില്‍ ചെയര്‍മാന്‍ വി.വി. പ്രസാദ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനി തിലകന്‍ കാവനാല്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി.സി. ജയേന്ദ്രന്‍, ആര്‍. കൃഷ്ണസ്വാമി, പോള്‍ മാഞ്ഞൂരാന്‍, കെ.സി. മോഹന ചന്ദ്രന്‍, എ.ടി. ജോസഫ്, ജോളി ജയിംസ്, മുരളി കൃഷ്ണദാസ്, പ്രഫ.എന്‍.ജി. മോഹനന്‍, മനോഹരന്‍ മാസ്റ്റര്‍, ജോണ്‍ സേവ്യര്‍, പി.ആര്‍. നന്ദനന്‍, എ. ശേഷാദ്രി, കെ. കൃഷ്ണന്‍ കുട്ടി, ഷീബ ജോസഫ്, ജിജി വെണ്ടറപ്പള്ളി, വി.ടി. ജോയി, കെ.എസ്. ചന്ദ്രശേഖരന്‍, പി.എം. വിജയന്‍, മറിയക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.