കുളങ്ങളും റോഡുകളും കമ്പനിക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക –വിമാനത്താവള വിരുദ്ധ ഏകോപന സമിതി

പത്തനംതിട്ട: ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ളേജുകളിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും പൊതുറോഡുകളും തോടുകളും കുളങ്ങളും കെ.ജി.എസ് കമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഈ മൂന്നു വില്ളേജുകളിലായി 48 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തോടുകളും കുളങ്ങളും പൊതുറോഡുകളുമാണ് 12 കോടി വില നിശ്ചയിച്ച് കെ.ജി.എസിന് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ റവന്യുമന്ത്രി അടൂര്‍ പ്രകാശ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കലക്ടര്‍ ഹരി കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിന്‍െറ നടപടികള്‍ പൂര്‍ത്തിയായെന്നും അവര്‍ ആരോപിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട് വ്യവസായ മേഖലാ പ്രഖ്യാപനം നടത്തിയതില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തികളുടെ ഭൂമിയെല്ലാം ഒഴിവാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍െറ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കള്ളക്കളി ഇതോടെ വെളിച്ചത്താവുകയാണ്. ആറന്മുളയിലെ ജനങ്ങള്‍ക്കുവേണ്ടി വ്യവസായ മേഖലാ തീരുമാനം റീനോട്ടിഫൈ ചെയ്യുന്നുവെന്ന് പെരുമ്പറ മുഴക്കുന്നവര്‍ ഒരു വലിയ ചതിയെ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. റി-നോട്ടിഫിക്കേഷന്‍ നടപടി നിയമപരമായി നിലനില്‍ക്കില്ളെന്നിരിക്കെയാണ് കമ്പനിയുടെ താല്‍പര്യ പ്രകാരം ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. 2013 ജനുവരി 16 ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആറന്മുള വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന ഗവ. പുറമ്പോക്ക് ഭൂമി മാര്‍ക്കറ്റ് വില ഈടാക്കി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതുകൂടാതെ പൊതുകുളങ്ങളും റോഡുകളും തോടുകളുമെല്ലാം കെ.ജി.എസിന് നല്‍കാനാണ് നീക്കം നടക്കുന്നത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഷെയറുകള്‍ ഒന്നും എടുത്തിട്ടില്ളെന്ന മറുപടിയാണ് ലഭിച്ചതെന്നും ഭാരവാഹികര്‍ പറഞ്ഞു. വ്യവസായ മേഖലയില്‍ നിന്നും പ്രദേശവാസികളെ ഒഴിവാക്കിയാലും അവര്‍ താമസിക്കുന്ന ഭൂമിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ ആശ്രയിക്കുന്ന റോഡുകളെല്ലാം വിമാനത്താവള കമ്പനിയുടെ കൈവശമാകുന്ന സ്ഥിതിയാകും. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ വില്ളേജുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇതോടെ കൊടിയ ദുരിതത്തിലാകും. വിമാനത്താവള കമ്പനി റോഡുകളെല്ലാം കൈക്കലാക്കി കഴിഞ്ഞാല്‍ പ്രദേശവാസികള്‍ക്ക് അവരുടെ വസ്തുക്കള്‍ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് കമ്പനിക്ക് നല്‍കേണ്ട സ്ഥിതിയാണുണ്ടാവുക. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി കൈവശം വെച്ചത് തിരിച്ചുപിടിക്കണമെന്ന് സുപ്രീംകോടതി പ്രധാന വിധിയിലൂടെ വ്യക്തമാക്കുകയും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജലസ്രോതസ്സുകള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കം വന്‍ തട്ടിപ്പിന്‍െറ ചിത്രമാണ് വ്യക്തമാക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി ഭാരവാഹികളായ അഡ്വ.കെ. ഹരിദാസ്, പി.ആര്‍. ഷാജി, സി.പി.ഐ (എം.എല്‍) നേതാവ് കെ.ഐ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.