റെയില്‍വേ സ്റ്റേഷനുകള്‍ ഇനി ശുചിത്വസുന്ദരം; എല്ലാസ്റ്റേഷനിലും പ്രത്യേക ഉപദേശകസമിതി

ആലപ്പുഴ: അരൂര്‍ മുതല്‍ കരുനാഗപ്പള്ളി വരെയുള്ള 20 റെയില്‍വേ സ്റ്റേഷനുകളുടെ മുഖഛായ മാറ്റി ശുചിത്വസുന്ദരമാക്കാന്‍ വിപുല പരിപാടി നടപ്പാക്കുന്നു. കലക്ടറേറ്റില്‍ കെ.സി. വേണുഗോപാല്‍ എം.പി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. റെയില്‍വേ സ്റ്റേഷനുകളും പരിസരവും വൃത്തിയായി സൂക്ഷിക്കും. കുടിവെള്ളം, ശൗചാലയം അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശസ്വയംഭരണ സാരഥികളെയും ജനപ്രതിനിധികളെയും സന്നദ്ധസംഘടനകളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഒരോ സ്റ്റേഷനിലും ശുചിത്വ ഉപദേശകസമിതി രൂപവത്കരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.സി.സി, നാഷനല്‍ സര്‍വീസ് സ്കീം, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സന്നദ്ധ സംഘടനകള്‍, റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ രണ്ടുമുതല്‍ ഒമ്പതുവരെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ശുചീകരിക്കും. ഒരുമാസത്തിനുള്ളില്‍ സ്റ്റേഷനുകള്‍ പെയ്ന്‍റടിച്ച് മനോഹരമാക്കും. തുടര്‍ന്ന് സ്ഥിരമായി ശുചീകരണം നടത്താനുള്ള സംവിധാനമൊരുക്കും. രണ്ടിന് രാവിലെ ഒമ്പതിന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ശുചിത്വവാരാചരണത്തിന്‍െറ ഉദ്ഘാടനം നടക്കും. ഓരോ സ്റ്റേഷനും നിരന്തര ശുചീകരണത്തിന് പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും സ്റ്റേഷനുകളില്‍ തകരാറായി കിടക്കുന്ന ലൈറ്റുകള്‍ ഉടന്‍ നന്നാക്കാനും എം.പി നിര്‍ദേശം നല്‍കി. സ്റ്റേഷനുകളിലെ ശൗചാലയങ്ങള്‍ അടച്ചിട്ടിട്ടുണ്ടെങ്കില്‍ തുറക്കാനും നിര്‍ദേശിച്ചു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കുടിവെള്ള പൈപ്പുകളുടെയും ശൗചാലയങ്ങളുടെയും തകരാര്‍ പരിഹരിക്കും. വിവിധ ദിവസങ്ങളിലായി 50 റെയില്‍വേ ജീവനക്കാരും 50 സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളും 50 എന്‍.എസ്.എസ് വളന്‍റിയര്‍മാരും 100 എന്‍.സി.സി കേഡറ്റുകളും ചേര്‍ന്നാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനും പരിസരവും ശുചീകരിക്കുക. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളും പരിസരവും വൃത്തിയാക്കാനുള്ള പരിപാടി തയാറാക്കാന്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് എം.പി നിര്‍ദേശം നല്‍കി. യോഗത്തില്‍ കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍, ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, റെയില്‍വേ ഡിവിഷനല്‍ ഓപറേഷന്‍ മാനേജര്‍ പി.എല്‍. അശോക്കുമാര്‍, ആര്‍.ഡി.ഒ ടി.ആര്‍. ആസാദ്, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ബിജോയ് കെ. വര്‍ഗീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ്, ഡിവൈ.എസ്.പിമാരായ പി.ഡി. രാധാകൃഷ്ണപിള്ള, എ. ഷാജഹാന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് അസോസിയേറ്റ് കെ.കെ. മോഹനന്‍, അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ഐവാന്‍ രത്തിനം, റെയില്‍വേ അസിസ്റ്റന്‍റ് ഡിവിഷനല്‍ എന്‍ജിനീയര്‍ എം. മാരിയപ്പന്‍, ഡി.ടി.ഒ എസ്. ശങ്കരപ്പിള്ള, തഹസില്‍ദാര്‍മാരായ എസ്. സന്തോഷ്കുമാര്‍, പി.വി. സജീവ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.