എന്‍ഡോസള്‍ഫാന്‍ സഹായം : 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള രോഗികളെയും പരിഗണിക്കാന്‍ യോഗം ചേരും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നേരിട്ട് തളിച്ച ജില്ലയിലെ 11 പഞ്ചായത്തുകളിലെ രോഗികള്‍ക്ക് പുറമെ മറ്റു പഞ്ചായത്തുകളിലും എന്‍ഡോസള്‍ഫാന്‍മൂലം രോഗം ബാധിച്ചവര്‍ക്ക് ചികിത്സയും സഹായവും എത്തിക്കാനുള്ള നടപടികളുടെ ഭാഗമായി 11 ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക യോഗം വിളിക്കാന്‍ കാസര്‍കോട് ജില്ലാതല എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മെംബര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഒക്ടോബര്‍ ആറിനകം ചേര്‍ന്ന് രോഗം ബാധിച്ചവര്‍ക്ക് സഹായം ലഭ്യമാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍മൂലം രോഗം ബാധിച്ചവരെന്ന് അധികൃതര്‍ കണ്ടത്തെി തയാറാക്കിയ ലിസ്റ്റില്‍ 4182 പേരാണുള്ളത്. ഇതില്‍ 447 പേര്‍ 11 പഞ്ചായത്തുകള്‍ക്ക് പുറമെയുള്ളവരാണ്. ഇവരില്‍ 258 പേര്‍ക്ക് ഇതിനകം സഹായം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ലിസ്റ്റില്‍പെട്ട പലര്‍ക്കും സഹായം ലഭ്യമായിട്ടില്ളെന്ന പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ച് അര്‍ഹതക്കനുസരിച്ച് സഹായമത്തെിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. 11 പഞ്ചായത്തുകള്‍ക്ക് പുറമെ ചെങ്കള-86, ദേലംപാടി-20, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി-19, ബേഡഡുക്ക-13, കാസര്‍കോട് മുനിസിപ്പാലിറ്റി-8, കിനാനൂര്‍ കരിന്തളം-12, കോടോം-ബേളൂര്‍-90, പള്ളിക്കര-91, പിലിക്കോട്-28, വെസ്റ്റ് എളേരി-14, ചെറുവത്തൂര്‍-11, മറ്റു 16 പഞ്ചായത്തുകളില്‍ പത്തിന് താഴെയുമാണ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക് മുളിയാര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിക്കായി ഒക്ടോബര്‍ 18ന് രൂപരേഖ തയാറാക്കും. ഒക്ടോബര്‍ 20ന് ചേരുന്ന ജില്ലാതല എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ പ്രോജക്ട് അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് കാനറാ ബാങ്ക് അനുവദിച്ച 11 വീടുകളുടെ താക്കോല്‍ദാനം ഒക്ടോബര്‍ 11ന് നിര്‍വഹിക്കും. നബാര്‍ഡിന്‍െറ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 181ഉം കേരള വാട്ടര്‍ അതോറിറ്റി 55ഉം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികളില്‍ 89 എണ്ണം പൂര്‍ത്തീകരിച്ചു. 45 പദ്ധതികള്‍ പുരോഗതിയിലാണ്. 45 എണ്ണം ആരംഭിക്കാനുണ്ട്. രണ്ടെണ്ണം ഉപേക്ഷിച്ചു. പ്രസ്തുത പദ്ധതിപ്രകാരം 66 അങ്കണവാടികളില്‍ 47 എണ്ണത്തിന്‍െറയും ആശുപത്രി നിര്‍മാണം, വികസനവുമായി ബന്ധപ്പെട്ട് 33 പദ്ധതികളില്‍ അഞ്ച് എണ്ണത്തിന്‍െറയും സ്കൂള്‍ കെട്ടിടം, വിദ്യാഭ്യാസ മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട 66 പദ്ധതികളില്‍ 31 എണ്ണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാല് ആയുര്‍വേദ ആശുപത്രികളുടെയും ഒരു ഹോമിയോ ആശുപത്രിയുടെയും പദ്ധതി പൂര്‍ത്തീകരിച്ചു. മൃഗസംരക്ഷണ മേഖലയിലെ ഒരു പദ്ധതിയും പൂര്‍ത്തിയായി. വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത 55 പദ്ധതികളില്‍ ഏഴെണ്ണം പൂര്‍ത്തിയായി. 21 പദ്ധതികള്‍ പുരോഗമിച്ചുവരുന്നു. 13 എണ്ണത്തിന്‍െറ ബദല്‍ സംവിധാനങ്ങള്‍ ആലോചിച്ചുവരുന്നു. 10 എണ്ണം ഇനിയും ആരംഭിക്കേണ്ടതുണ്ട്. അതോറിറ്റിയുടെ കണ്ണൂര്‍ ഡിവിഷന്‍ ഏറ്റെടുത്ത പദ്ധതികളില്‍ ഒരെണ്ണം പൂര്‍ത്തീകരിച്ചു. മൂന്നെണ്ണം പുരോഗതിയിലാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്കുള്ള ബഡ്സ് സ്കൂള്‍ നിര്‍മാണത്തിന് കൂടുതല്‍ പരിഗണന നല്‍കാന്‍ യോഗം തീരുമാനിച്ചു. 10 ബഡ്സ് സ്കൂളുകളില്‍ കയ്യൂര്‍, പെരിയ, കുമ്പഡാജെ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് ടെന്‍ഡറായി. കള്ളാര്‍, പനത്തടി, ബെള്ളൂര്‍, പെര്‍ള എന്നിവിടങ്ങളിലെ ബഡ്സ് സ്കൂളുകളുടെ പ്രോജക്ട് അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. കാറഡുക്ക, മുളിയാര്‍, ബദിയടുക്ക പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കുള്ള ടെന്‍ഡര്‍ തയാറായിവരുന്നതായി അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, അസി. കലക്ടര്‍ കെ. ജീവന്‍ബാബു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.